ബേക്കല്‍: [www.malabarflash.com] പരീക്ഷയില്‍ തോറ്റതിലുള്ള മനോവിഷമം മൂലം നാടുവിട്ട ബേക്കല്‍ സ്വദേശിയായ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയെ മംഗലാപുരത്ത് കണ്ടെത്തി. പാക്കം ഗവണ്‍മെന്റ് സ്‌ക്കുളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയും തായല്‍ മൗവ്വലിലെ നാസറിന്റെ മകനുമായ ഷാഹിനെയാണ് (15) മംഗലാപുരം റെയില്‍വേ പോലീസ് കണ്ടെത്തിയത്.
റയില്‍വേ പോലീസിന്റെ സഹായത്തോടെ ഷാഹിന്‍ തായല്‍ മൗവ്വലിലെ വീട്ടിലെത്തുകയും തിങ്കളാഴ്ച വൈകുന്നേരത്തോടെ ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയും ചെയ്തു. പോലീസ് കുട്ടിയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കിയെങ്കിലും ഇവിടെ മജിസ്‌ട്രേറ്റ് ഇല്ലാത്തതിനാല്‍ കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ ആഗ്രഹിക്കുന്നതായി ഷാഹിന്‍ മൊഴി നല്‍കിയതിനെ തുടര്‍ന്ന് കുട്ടിയെ കോടതി പിതാവിനോടൊപ്പം പറഞ്ഞയച്ചു.
മെയ് 2 ന് രാവിലെയാണ് പരീക്ഷാഫലം അറിയുന്നതിനായി ഷാഹിന്‍ വീട്ടില്‍നിന്നും സ്‌ക്കുളിലേക്ക് പോയത്. പരീക്ഷയില്‍ പരാജയപ്പെട്ടെന്ന് വ്യക്തമായതോടെ ഇതില്‍ മനംനൊന്ത് കുട്ടി റെയില്‍വേസ്റ്റേഷനില്‍ എത്തുകയും തീവണ്ടി കയറുകയുമായിരുന്നു. യാത്രക്കിടെ ക്ഷീണം കാരണം കുട്ടി തീവണ്ടിയില്‍ ഉറങ്ങിപ്പോയി. മംഗലാപുരം വണ്ടിയെത്തിയപ്പോള്‍ ഇവിടെ ഇറങ്ങിയ കുട്ടി അലഞ്ഞ് തിരിയുന്നതിനിടെ റെയില്‍വേ പോലീസിന്റെ പിടിയിലാവുകയായിരുന്നു.
ബേക്കലില്‍ നിന്നും ഷാഹിന്‍ എന്ന കുട്ടിയെ കാണാതായ വിവരം പോലീസ് റെയില്‍വേ പോലീസിനെയും ചൈല്‍ഡ് ലൈനിനെയും അറിയിച്ചിരുന്നു. ഈ നടപടിയാണ് കുട്ടിയെ കണ്ടെത്താന്‍ സഹായകമായത്. മംഗലാപുരം റെയില്‍പോലീസ് മുന്‍കൈയെടുത്താണ് ഷാഹിനെ നാട്ടിലെത്തിച്ചത്.


No comments:
Post a Comment