Latest News

ഷാര്‍ജ അല്‍ ജുബൈല്‍ ജനറല്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ദേശീയ ദിനത്തില്‍

ഷാര്‍ജ:[www.malabarflash.com] നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് അല്‍ ജുബൈലില്‍ ഷാര്‍ജ മുനിസിപാലിറ്റി പുതുതായി നിര്‍മിച്ച പഴം പച്ചക്കറി, മത്സ്യ മാംസ മാര്‍ക്കറ്റ് ദേശീയ ദിനത്തില്‍(ഡിസംബര്‍ രണ്ട്) പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പൊതു വിപണിയുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നാണ് ലഭിച്ചിട്ടുള്ള വിവരം.

യുഎഇയിലെ ഏറ്റവും വലിയ പഴംപച്ചക്കറി, മത്സ്യമാംസ വിപണിയായിത്തീരുന്ന അല്‍ ജുബൈല്‍ മാര്‍ക്കറ്റ് കടലിനോട് ചേര്‍ന്ന് അരക്കിലോമീറ്റര്‍ നീളത്തില്‍ ഒട്ടേറെ ആധുനിക സംവിധാനങ്ങളോടെയാണ് ഏകദേശം 200 ദശലക്ഷം ദിര്‍ഹം ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയത്. വലിയൊരു ഷോപ്പിങ് മാളിന്റെ പ്രൗഢിയോടെ പരമ്പരാഗത ഇസ്‌ലാമിക് വാസ്തുശില്പ ചാതുരിയില്‍, ഷാര്‍ജയുടെ മുഖമുദ്രകളിലൊന്നായ താഴികക്കുടങ്ങളോടുകൂടി യാഥാര്‍ഥ്യമായ അല്‍ ജുബൈല്‍ മാര്‍ക്കറ്റിന് പുറമെ നിന്ന് കാണുമ്പോഴുള്ള മനോഹാരിത അകത്തളങ്ങളിലും പ്രകടമാണ്. പല സ്റ്റാളുകളിലും പഴം–പച്ചക്കറികളും മറ്റും ഇതിനകം എത്തിക്കഴിഞ്ഞു.

നാലു വര്‍ഷം മുന്‍പാണ് വിശാലമായ സൗകര്യങ്ങളോടെ ഇരുനില മാര്‍ക്കറ്റ് നിര്‍മാണം ആരംഭിച്ചത്. കേന്ദ്രീകൃത ശീതീകരിണി ഘടിപ്പിച്ചിട്ടുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ മൂന്ന് വിഭാഗങ്ങളായി പഴംപച്ചക്കറി, മത്സ്യമാംസ സ്റ്റാളുകളും അനുബന്ധ സൗകര്യങ്ങളും മുകള്‍ നിലയില്‍ ഓഫീസുകളുമാണ്. മത്സ്യ വില്‍പനയ്ക്ക് 162, മാംസ വില്‍പനയ്ക്ക് 123, പഴംപച്ചക്കറി വില്‍പനയ്ക്ക് 118 സ്റ്റാളുകള്‍ എന്നിവയുള്‍പ്പെടെ ആകെ 403 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. മത്സ്യം വൃത്തിയാക്കുന്നതിന് അത്യാധുനിക സൗകര്യങ്ങളോടെ പ്രത്യേക ഹാളും സ്റ്റാളുകളോട് ചേര്‍ന്ന് സാധനങ്ങള്‍ സൂക്ഷിക്കാനും വിശ്രമത്തിനും ചെറിയൊരു മുറിയുമുണ്ട്. പ്രാര്‍ഥനയ്ക്കുള്ള സൗകര്യമാണ് മറ്റൊന്ന്.

കെട്ടിടത്തിന്റെ മധ്യഭാഗത്തായി മത്സ്യം ലേലം ചെയ്യാനുള്ള വിശാലമായ സൗകര്യവും ഒരുക്കിയിരിക്കുന്നു. ഫസ്റ്റ് എയ്ഡ് സൗകര്യവും അഞ്ഞൂറിലേറെ ടൊയ്‌ലറ്റുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

നിലവിലെ മത്സ്യ മാര്‍ക്കറ്റിനേക്കാള്‍ പത്തിരട്ടി വലിപ്പം പുതിയതിനുണ്ട്. വൃത്തിയുടെ കാര്യത്തിലുള്ള നിഷ്‌കര്‍ഷയായിരിക്കും അല്‍ ജുബൈല്‍ മാര്‍ക്കറ്റിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് അധികൃതര്‍ പറയുന്നു. ഉത്പന്നങ്ങള്‍ കാര്യക്ഷമമായി പരിശോധിച്ച ശേഷമേ മാര്‍ക്കറ്റിനകത്തേയ്ക്ക് കടത്തിവിടുകയുള്ളൂ. എല്ലാ സ്റ്റാളുകള്‍ക്കും പ്രത്യേകം ഫ്രീസര്‍ അനുവദിച്ചിരിക്കുന്നു. കൂടാതെ, തൂക്കം നോക്കാനുള്ള നൂതന ഉപകരണങ്ങളും ബില്ലിങ് മെഷീനുകളുമാണ് ഘടിപ്പിച്ചിട്ടുള്ളത്. ക്രെഡിറ്റ്–ഡെവിറ്റ് മെഷീനുകളാണ് മറ്റൊരു പ്രത്യേകത. സ്റ്റാളുകള്‍ക്ക് വെള്ളവും വൈദ്യുതിയും സൗജന്യമായാണ് നല്‍കുക. 30,000 മുതല്‍ 60,000 ദിര്‍ഹം വരെയാണ് സ്റ്റാളൊന്നിന് പ്രതിവര്‍ഷ വാടക.

വാഹന പാര്‍ക്കിങ്ങിനും മത്സ്യം കയറ്റാനും ഇറക്കാനുമൊക്കെ വിശാലമായ സൗകര്യം ഒരുക്കിയിരിക്കുന്നു. മലയാളികളടക്കം ഒട്ടേറെ എന്‍ജിനീയര്‍മാരുടെയും തൊഴിലാളികളുടെയും രാപ്പകല്‍ ഭേദമന്യേയുള്ള പ്രയത്‌നമാണ് ഷാര്‍ജയുടെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടിയാകുന്ന മാര്‍ക്കറ്റ് യാഥാര്‍ഥ്യമായതിന് പിന്നില്‍. ആഗോള നിലവാരത്തിലൊരുക്കിയ ഈ വിപണിയില്‍ പൊതുജനങ്ങള്‍ക്ക് ഒരു ഷോപ്പിങ് കോംപ്ലക്‌സിന്റെ സൗകര്യങ്ങളും സേവനങ്ങളും അധികൃതര്‍ ഉറപ്പാക്കിയിരിക്കുന്നു. വെള്ളിയാഴ്ച ഒഴിച്ച് മറ്റെല്ലാ ദിവസങ്ങളിലും രാവിലെ എട്ട് മുതല്‍ രാത്രി 10 വരെയാണ് വിപണി പ്രവര്‍ത്തിക്കുക. വെള്ളിയാഴ്ച വൈകിട്ട് നാല് മുതല്‍ രാത്രി 10 വരെയും.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.