Latest News

എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കുന്നില്ല; ഗള്‍ഫില്‍ പോകുന്നവര്‍ക്ക് അപ്രഖ്യാപിത വിലക്ക്

മലപ്പുറം:[www.malabarflash.com] പത്താംക്ലാസ് പാസാകാത്തവര്‍ക്ക് വിദേശത്തേക്ക് പോകുന്നതിനു അപ്രഖ്യാപിത വിലക്ക്. ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാന്‍ തൊഴിലുടമ ബാങ്ക് ഗ്യാരന്റി നല്‍കണമെന്നത് കര്‍ശനമാക്കിയതോടെ ഗള്‍ഫ് സ്വപ്‌നം പൊലിഞ്ഞ് നിരവധി പേര്‍.

എമിഗ്രന്‍സ് ക്ലിയറന്‍സ് ലഭിക്കാന്‍ നിരവധി പേരാണ് കാത്തിരിക്കുന്നത്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ തോറ്റവരും എസ്.എസ്.എല്‍.സി വരെ പഠിക്കാത്തവരുമാണ് എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാന്‍ കാത്തിരിക്കുന്നത്. നേരത്തെ ഇവര്‍ക്ക് യുഎഎയിലേക്കാണെങ്കില്‍ വിസയുടെ കോപ്പിയും സഊദിയിലേക്കാണെങ്കില്‍ പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്തതും ഹാജറാക്കിയാല്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കുമായിരുന്നു. വിദേശത്തേക്ക് പോകണമെങ്കില്‍ എമിഗ്രേഷന്‍ ആക്ട് പ്രകാരം എമിഗ്രേഷന്‍ ക്ലിയറന്‍സ് വേണം. ഇന്ത്യന്‍ എമ്പസി അറ്റസ്റ്റ് ചെയ്ത വര്‍ക്ക് പെര്‍മിറ്റ്. സ്‌പോണ്‍സര്‍ഷിപ്പ് ഡിക്ലറേഷന്‍ എന്നിവ ഹാജറാക്കിയാല്‍ മാത്രമേ എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കുവെന്നാണ് കേന്ദ്ര വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കുന്നത്.

സിംഗിള്‍ വിസക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുകയെന്നത് പ്രയാസമാണ്. എസ്.എസ്.എല്‍.സി വിജയിക്കാത്ത നിരവധി പേര്‍ കേരളത്തിലുണ്ട്. വിസ ലഭിച്ചിട്ടും ഗള്‍ഫിലേക്ക് കടക്കാന്‍ കഴിയാതെ ദിനങ്ങളെണ്ണി കാത്തിരിക്കുകയാണിവര്‍. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഗള്‍ഫ് യാത്ര മുടക്കുകയാണെന്ന പരാതികളുയര്‍ന്നിട്ടുണ്ട്. ഗള്‍ഫ് നാടുകളിലേറെയും കേരളീയരാണ്. നേരത്തെ ബിരുദമുള്ളവര്‍ക്ക് മാത്രമായിരുന്നു എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിച്ചിരുന്നത്. ഇത് എസ്.എസ്.എല്‍.സി യാക്കി ചുരുക്കിയത് ഇ അഹമ്മദ് വിദേശകാര്യസഹമന്ത്രിയായിരുന്നപ്പോഴാണ്.

എസ്.എസ്.എല്‍.സി വിജയിക്കാത്തവരുടെ പാസ്‌പോര്‍ട്ടിന് എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കുന്നത് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രേഷന്‍ ഓഫീസില്‍നിന്നാണ്. രാജ്യത്ത് 10 ഓഫീസുകള്‍ മാത്രമാണ് ഈ വിഭാഗത്തിലുള്ളത്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് എമിഗ്രേഷന്‍ കേന്ദ്രങ്ങളുള്ളത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് മുന്നറിയിപ്പില്ലാതെ എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ത്തിയത്. പലര്‍ക്കും അനുവദിച്ച വിസാ കാലാവധി അവസാനിച്ചിട്ടുണ്ട്. സഊദിയിലേക്ക് എമിഗ്രേഷന്‍ ലഭിക്കാന്‍ മുംബൈയില്‍ നിന്നും വിസ സ്റ്റാമ്പിങ് ആദ്യം നടത്തേണ്ടതുണ്ട്. ഇത്തരത്തില്‍ സ്റ്റാമ്പിങ് ചെയ്ത നിരവധി വിസകള്‍ എമിഗ്രേഷന്‍ കിട്ടാതെ കാലാവധി കഴിഞ്ഞതായി ട്രാവല്‍സുടമകള്‍ ചൂണ്ടിക്കാട്ടി.


തൊഴില്‍ വിസക്കു എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കാത്തത് കൂടുതല്‍ പ്രവാസികളെ ഏറെ പ്രതികൂലമായി ബാധിക്കുകയാണ്. വിദേശ ജോലിക്കായി അവസരം കാത്തിരുന്നവര്‍ ട്രാവല്‍സുകളും എമിഗ്രേഷന്‍ ഓഫീസുകളും കയറിയിറങ്ങുകയാണ്. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമാണ് ഇത്തരത്തില്‍ നിയമം കര്‍ശനമാക്കിയത്. ഗള്‍ഫ് മോഹം പൊലിഞ്ഞ് ആയിരങ്ങളാണ് കേരളത്തിലുള്ളത്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.