Latest News

ഇന്ത്യക്ക് കൈമാറാനിരുന്ന അന്തര്‍വാഹിനിയുടെ രഹസ്യങ്ങള്‍ ഫ്രഞ്ച് കമ്പനിയില്‍ നിന്നും ചോര്‍ന്നു

ന്യൂഡല്‍ഹി:[www.malabarflash.com] ഫ്രഞ്ച് ആയുധ കമ്പനി ഇന്ത്യന്‍ നാവികസേനക്ക് കൈമാറാനിരുന്ന അന്തര്‍വാഹിനിയുടെ രഹസ്യങ്ങള്‍ ചോര്‍ന്നു. ഒരു ഓസ്‌ട്രേലിയന്‍ പത്രമാണ് ഗുരുതരമായ രഹസ്യ ചോര്‍ച്ച സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.

ഇന്ത്യയ്ക്ക് വേണ്ടി തന്ത്രപ്രധാനമായ അന്തര്‍വാഹിനി നിര്‍മ്മിച്ചുകൊണ്ടിരുന്ന ഫ്രഞ്ച് ആയുധ കമ്പനി ഡി.സി.എന്നില്‍ നിന്നാണ് രഹസ്യവിവരങ്ങള്‍ ചോര്‍ന്നത്.

ഇന്ത്യയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്ന യുദ്ധാവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിയെ പറ്റിയുള്ള രഹസ്യങ്ങളാണ് ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയ്ക്ക് വേണ്ടി ആറ് സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളാണ് ഡി.സി.എന്‍ നിര്‍മ്മിക്കുന്നത്. ഇതിന്റെ പരീക്ഷണ ഓട്ടം 2015ല്‍ നടന്നിരുന്നു. കമ്പനിയില്‍ നിന്ന് 22,000 പേജുകള്‍ അടങ്ങുന്ന വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്.

അന്തര്‍വാഹിനിയില്‍ നിന്ന് കപ്പലുകള്‍ക്കെതിരെ തൊടുക്കുന്ന ടോര്‍പ്പിഡോകളുടെ വിക്ഷേപണ സംവിധാനം, വിവിധ വേഗതയില്‍ അന്തര്‍വാഹിനിയില്‍ നിന്ന് പുറപ്പെടുന്ന ശബ്ദം, വെള്ളത്തിനിടയില്‍ എത്ര ആഴത്തില്‍ കിടക്കാം തുടങ്ങിയ തന്ത്രപ്രധാനമായ വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. അന്തര്‍വാഹിനിയിലെ സെന്‍സറുകള്‍, ആശയവിനിമയം, ഗതിനിര്‍ണയം തുടങ്ങിയ കാര്യങ്ങളും ചോര്‍ന്നതില്‍ പെടുന്നു.

3.9 ബില്യണ്‍ഡോളറിന്റെ( ഏകദേശം 390 കോടി ) ഇടപാടാണ് ഇന്ത്യയ്ക്ക് ഡിസിഎന്നുമായി ഉണ്ടായിരുന്നത്. പ്രതിരോധ വിവരങ്ങള്‍ ചോര്‍ന്നതോടെ നേട്ടമായിരിക്കുന്നത് ചൈനയ്ക്കും പാകിസ്താനുമാണ്.

2011ല്‍ ഒരു മുന്‍ ഫ്രഞ്ച് നേവി ഉദ്യോഗസ്ഥനാണ് വിവരങ്ങള്‍ മോഷ്ടിച്ചതെന്നും അക്കാലത്ത് ഡി.സി.എന്നിന്റെ സഹ കോണ്‍ട്രാക്ടറായിരുന്നു അദ്ദേഹമെന്നും ആണ് വിവരങ്ങള്‍ പുറത്ത് വിട്ട ഓസ്‌ട്രേലിയന്‍ പത്രം പറയുന്നത്.

സംഭവത്തേപ്പറ്റി ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ചുകഴിഞ്ഞു. വിവരങ്ങള്‍ പുറത്തായത് തങ്ങളുടെ ഇടപാടുകാരെ കാര്യമായി ബാധിച്ചതായി ഡിസിഎന്‍ പുറത്ത് വിട്ട പത്രക്കുറിപ്പില്‍ പറയുന്നു. അതേസമയം വിവരങ്ങള്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ പല കമ്പനികളിലേക്കും കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.






Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.