Latest News

സ്വാശ്രയ സമരം: സ്പീക്കര്‍ വിളിച്ച ചര്‍ച്ച പരാജയം; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം


തിരുവനന്തപുരം: [www.malabarflash.com] സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം ഒത്തുതീര്‍പ്പാക്കാന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വിളിച്ച ചര്‍ച്ച പരാജയം. ഇതേതുടര്‍ന്ന് സഭാ നടപടികള്‍ ബഹിഷ്‌കരിച്ച് സമരം ശക്തമാക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചു. യു.ഡി.എഫിനൊപ്പം കെ.എം മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് എം.എല്‍.എമാരും സഭ ബഹിഷ്‌കരിച്ചു.

എന്നാല്‍ മെഡിക്കല്‍ കോളജുകള്‍ തലവരിപ്പണം വാങ്ങുന്നുവെന്ന ആരോപണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആകാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരിയാരം മെഡിക്കല്‍  കോളജ് ഉടന്‍ തന്നെ സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതോടെ നിലവില്‍ രണ്ടര ലക്ഷം രൂപ വാര്‍ഷിക ഫീസ് നല്‍കി പഠിക്കുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഫീസായ 25,000 രൂപ നിരക്കില്‍ പഠിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  പ്രതിപക്ഷം സഭ വിട്ടിറങ്ങിയെങ്കിലും നടപടിക്രമങ്ങള്‍ തുടരുകയാണ്.

അതേസമയം, ചര്‍ച്ച സൗഹാര്‍ദ്ദപരമായിരുന്നുവെന്നും മുഴുവന്‍ പ്രശ്‌നങ്ങളിലും പരിഹാരം കാണാന്‍ കഴിഞ്ഞില്ലെന്നും സ്പീക്കര്‍ അറിയിച്ചു. രാവിലെ സഭ ആരംഭിച്ചതു മുതല്‍ പ്രതിപക്ഷം നടപടികള്‍ തടസ്സപ്പെടുത്തി സമരം ശക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് സഭ താത്ക്കാലികമായി നിര്‍ത്തിവച്ചാണ് സ്പീക്കര്‍ സമവായ ചര്‍ച്ച വിളിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. പതിനഞ്ചു മിനിറ്റ് നീണ്ട ചര്‍ച്ച പരാജയമാണെന്നും സമരം ശക്തമാക്കുമെന്നും പുറത്തുവന്ന പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചിരുന്നു.

ജനകീയ സമരങ്ങളെ സര്‍ക്കാര്‍ നേരിടുന്ന രീതി ശരിയല്ലെന്ന് ആരോപിച്ച് പ്രതിപക്ഷം കറുത്ത ബാഡ്ജ് ധരിച്ച് പ്ലക്കാര്‍ഡുകളുമായാണ് ഇന്നും സഭയില്‍ എത്തിയത്. ചോദ്യോത്തരവേള തടസ്സപ്പെടുത്തി അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി. സര്‍ക്കാര്‍ നടപടി ജനാധിപത്യപരമല്ലെന്നും ചോദ്യോത്തരവേള നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നും എം.എല്‍.എമാരുടെ സമരത്തില്‍ സ്പീക്കര്‍ ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സ്പീക്കറുടെ ഡയസ്സിനു മുന്നിലെത്തി അംഗങ്ങള്‍ പ്ലക്കാര്‍ഡ് കാണിച്ചു.

എന്നാല്‍ സര്‍ക്കാരിന്റെ നയപരമായ നടപടികളില്‍ ഇടപെടാന്‍ കഴിയില്ലെന്നും സഭയ്ക്കുള്ളിലെ വിഷയങ്ങളില്‍ മാത്രമാണ് തനിക്ക് ഇടപെടാന്‍ കഴിയുക എന്ന് പറഞ്ഞ സ്പീക്കര്‍ പ്രശ്‌ന പരിഹാരത്തിന് സമാവായ ചര്‍ച്ച വിളിക്കുകയായിരുന്നു.

അതിനിടെ, രാവിലെ ചേര്‍ന്ന യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകാനും തീരുമാനിച്ചു. ആറു ദിവസമായി നിരാഹാര സമരം തുടരുന്ന ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍ എന്നീ എം.എല്‍.എമാരുടെ ആരോഗ്യനില മോശമായതോടെ ഇവരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയേക്കും. പകരം യുവ എം.എല്‍.എമാരായ ബി.ടി ബല്‍റാം, ശബരീനാഥന്‍ എന്നിവര്‍ സമരം ഏറ്റെടുത്തേക്കും.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.