Latest News

മുംബെയില്‍ തിക്കിലും തിരക്കിലും 18 പേര്‍ മരിച്ചു


മുംബൈ . ദാവൂദി ബൊഹ്റ വിഭാഗത്തിന്റെ ആഗോള ആത്മീയ നേതാവ് ഡോ. സയ്യദ്നാ മുഹമ്മദ് ബുര്‍ഹാനുദ്ദീന്(103) അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവരുടെ തിക്കിലും തിരക്കിലും 18 മരണം. പരുക്കേറ്റ അന്‍പതോളം പേരെ ദക്ഷിണ മുംബൈയിലെ നാലു ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു സ്വവസതിയായ സൈഫി മഹലിലായിരുന്നു കഴിഞ്ഞദിവസം ബുര്‍ഹാനുദ്ദീന്റെ അന്ത്യം. രണ്ടാമത്തെ മകന്‍ സയ്യദ്നാ മുഫാദല്‍ സൈഫുദ്ദീന്‍ ആണു പിന്‍ഗാമി.

ബുര്‍ഹാനുദ്ദീന്റെ മരണവാര്‍ത്തയറിഞ്ഞ് ആയിരക്കണക്കിനു പേര്‍ ഇവിടെയെത്തുകയും പുലര്‍ച്ചെ ഒരു മണിയോടെ ഉണ്ടായ തിക്കും തിരക്കും നിരവധി പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിലേക്കു വഴിമാറുകയായിരുന്നു എന്നുമാണ് വിവരം. നാല്‍പതോളം രാജ്യങ്ങളില്‍ നിന്നുള്ള അനുയായികള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മുംബൈയിലെത്തിയിട്ടുണ്ട്.

ഷിയാ വിഭാഗത്തില്‍പ്പെട്ട ദാവൂദി ബൊഹ്റാ സമൂഹത്തിന്റെ ആത്മീയ നേതൃസ്ഥാനത്ത് അര നൂറ്റാണ്ടു സേവനം നല്‍കിയ സയ്യദ്നാ മുഹമ്മദ് ബുര്‍ഹാനുദ്ദീന്‍ വിദ്യാഭ്യാസ, സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ സമുദായത്തിന്റെ ചരിത്രം മാറ്റിയെഴുതിയ ആളാണ്. സൂറത്തിലാണു ജനനം. പിതാവ് സയ്യദ്നാ താഹിര്‍ സൈഫുദ്ദീന്‍ അന്തരിച്ചപ്പോഴാണു പിന്‍ഗാമിയായി ആത്മീയ ആചാര്യ സ്ഥാനം സ്വീകരിച്ചത്.

എന്നും വിശ്വസാഹോദര്യത്തിന്റെയും സേവന പ്രവര്‍ത്തനങ്ങളുടെയും വക്താവ് ആയിരുന്ന സയ്യദ്നാ വിദേശത്തും ഏറെ ബഹുമാനിക്കപ്പെട്ടു. ജോര്‍ദാനും ഈജിപ്തും യഥാക്രമം സ്റ്റാര്‍ ഓഫ് ജോര്‍ദാന്‍, ഓര്‍ഡര്‍ ഓഫ് നൈല്‍ എന്നീ ബഹുമതികള്‍ നല്‍കി ആദരിച്ചു. കയ്റോ അല്‍ അസ്ഹര്‍ സര്‍വകലാശാല, അലിഗഡ് മുസ്ലിം സര്‍വകലാശാല, കറാച്ചി സര്‍വകലാശാല എന്നിവ ഓണററി ഡോക്ടറേറ്റ് നല്‍കി. ആഴ്ചകള്‍ക്കകം 103-ാം ജന്മദിനം ആഘോഷിക്കാനിരിക്കുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.