Latest News

ടി.പി. വധക്കേസ് വിധി: കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ 20 മുതല്‍ നിരോധനാജ്ഞ

കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിധി ജനവരി 22-ന് വരാനിരിക്കെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വിവിധയിടങ്ങളില്‍ 20 മുതല്‍ 25 വരെ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉത്തരമേഖലാ അഡീഷണല്‍ ഡി.ജി.പി. എന്‍. ശങ്കര്‍റെഡ്ഡിയാണ് ഉത്തരവിറക്കിയത്.

നിരോധനാജ്ഞയുള്ള സ്ഥലങ്ങളില്‍ പൊതുയോഗങ്ങള്‍ പ്രകടനങ്ങള്‍ എന്നിവ നിയന്ത്രിക്കും. ആയുധങ്ങള്‍ നിര്‍മിക്കാനും കൈവശം വെക്കാനും പാടില്ല. പ്രകോപനപരമായ പോസ്റ്ററുകളും ബാനറുകളും നിര്‍മിക്കാനോ പ്രചരിപ്പിക്കാനോ പ്രദര്‍ശിപ്പിക്കാനോ പാടില്ല. എല്ലാ പ്രധാന റോഡുകളിലും അതിര്‍ത്തി പ്രദേശങ്ങളിലും രാത്രിയും പകലും വാഹനപരിശോധന കര്‍ശനമാക്കും. സംശയമുള്ളവരെ കസ്റ്റഡിയിലെടുക്കും.

ടി.പി. വധക്കേസിലെ സാക്ഷികള്‍, ജാമ്യത്തിലുള്ള പ്രതികള്‍, അവരുടെ ബന്ധുക്കള്‍, മുമ്പ് ക്രിമിനല്‍ കേസുകളില്‍ പ്രതികളായവര്‍, ടി.പി. കേസ് പ്രതികളോടൊപ്പം മുമ്പ് കേസുകളില്‍ കൂട്ടുപ്രതികളായവര്‍ എന്നിവരുടെ പട്ടിക തയ്യാറാക്കി അവരുടെ നീക്കങ്ങളും അവരുടെ താമസസ്ഥലങ്ങളും പാര്‍ട്ടി ഓഫീസുകളും നിരീക്ഷിക്കും. വാറന്റ് പ്രതികള്‍ക്കായി തിരച്ചില്‍ വ്യാപകമാക്കും. കുഴപ്പക്കാരെന്ന് തോന്നുന്നവരെ കരുതല്‍ തടങ്കലില്‍ സൂക്ഷിക്കും.

പോലീസ് മൊബൈല്‍ പാര്‍ട്ടിയുടെ പട്രോളിങ്ങും പിക്കറ്റ് പോസ്റ്റുകളും വ്യപാകമാക്കും. വടകര-നാദാപുരം ഭാഗങ്ങളിലേക്ക് രണ്ട് കമ്പനി സായുധസേനയെയും കണ്ണൂര്‍, കോഴിക്കോട് നഗരങ്ങളിലേക്ക് ഒരോ കമ്പനി വീതം സായുധസേനയെയും അധികമായി നിയോഗിക്കും. കോഴിക്കോട്ടെയും കണ്ണൂരിലെയും സായുധസേനാ ക്യാമ്പില്‍നിന്ന് മുഴുവന്‍ സേനയെ ഇതിനോടൊപ്പം വിവിധയിടങ്ങളില്‍ നിയോഗിക്കും.

കൊലപാതകം നടന്ന വള്ളിക്കാട് ഉള്‍പ്പെടുന്ന വടകര പോലീസ്‌സ്റ്റേഷന്‍ പരിസരം, ചോമ്പാല്‍, എടച്ചേരി, പയ്യോളി, മേപ്പയ്യൂര്‍, അത്തോളി, കൊയിലാണ്ടി, നാദാപുരം, കുറ്റിയാടി, വളയം, തൊട്ടില്‍പ്പാലം, പേരാമ്പ്ര, കൂരാച്ചുണ്ട്, പെരുവണ്ണാമൂഴി, കൂത്തുപറമ്പ്, കൊളവല്ലൂര്‍, കണ്ണവം, പാനൂര്‍, ചൊക്ലി, ധര്‍മ്മടം, തലശ്ശേരി, കതിരൂര്‍, ന്യൂമാഹി, പയ്യന്നൂര്‍ എന്നീ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്ഥലങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. പുറമേ പ്രതികളുടെ സ്ഥിരം താവളമായിരുന്ന മാഹിയില്‍ പോണ്ടിച്ചേരി പോലീസും ക്രമസമാധാന സംവിധാനം ഒരുക്കുന്നുണ്ട്.

വിധിയുടെ മറവില്‍ മറ്റ് നിക്ഷിപ്ത താത്പര്യക്കാര്‍ അക്രമങ്ങള്‍ നടത്താനുള്ള സാധ്യതയും പോലീസ് കാണുന്നുണ്ട്. ഇത് തടയുന്നതിന് മറ്റ് സംഘടനകളുടെ നീക്കങ്ങളും ഇന്റലിജന്‍സ് നിരീക്ഷിക്കുന്നുണ്ട്.

മുന്നോടിയായി ഉത്തരമേഖലാ എ.ഡി.ജി.പി. എന്‍.ശങ്കര്‍റെഡ്ഡി വടകരയ്ക്കടുത്ത ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിലും കണ്ണൂരിലും പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. കോഴിക്കോട് നഗരത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ശനിയാഴ്ച രാവിലെ പോലീസ് ക്ലബില്‍ നടക്കും. കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി. സുരേഷ്‌രാജ് പുരോഹിത്ത്, കോഴിക്കോട് റൂറല്‍ സൂപ്രണ്ട് പി.എച്ച്. അഷറഫ്, കണ്ണൂര്‍ സൂപ്രണ്ട് ഡോ. എ. ശ്രീനിവാസ് തുടങ്ങിയവര്‍ പങ്കെടുത്തു. എസ്.ഐ.മാര്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരെല്ലാവരും യോഗങ്ങളില്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.