Latest News

അതീന്ദ്രിയ ജ്ഞാനവിദ്യ (ടെലിപ്പതി) സാധിച്ചെന്നു ശാസ്ത്രജ്ഞര്‍

ലണ്ടന്‍: അതീന്ദ്രിയ ജ്ഞാനവിദ്യ (ടെലിപ്പതി) സാധിച്ചെന്നു ശാസ്ത്രജ്ഞര്‍. ഇന്ത്യയിലിരുന്ന ഒരാളുടെ ചിന്ത ഫ്രാന്‍സിലെ മൂന്നു പേരുടെ മസ്തിഷ്‌കത്തിലേക്ക് എത്തിച്ചു. സംസാരിക്കുകയോ ടൈപ്പ് ചെയ്യുകയോ ചെയ്യാതെ 8000 കിലോമീറ്റര്‍ അപ്പുറത്തേക്കു മസ്തിഷ്‌കത്തിലെ ചിന്ത അയച്ചുകൊടുക്കുകയായിരുന്നു. ഇന്റര്‍നെറ്റിന്റെയും കംപ്യൂട്ടറിന്റെയും സാധ്യതകള്‍ ഉപയോഗിച്ചാണ് ഇതു സാധിച്ചത്. അമേരിക്കയിലെ ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂള്‍, സ്‌പെയിനിലെ സ്റ്റാര്‍ലാബ് ബാര്‍സിലോണ, ഫ്രാന്‍സിലെ ആക്‌സിലം റോബോട്ടിക്‌സ് എന്നിവ ചേര്‍ന്നാണു ഗവേഷണം നടത്തിയത്.

ഹലോ എന്ന് അര്‍ഥമുള്ള ഓള, ചിയാവോ എന്നീ വാക്കുകളാണ് ഇപ്രകാരം വിദൂരസംവേദനം നടത്തിയത്. സന്ദേശം അയച്ചയാളുടെ തലയില്‍ മസ്തിഷ്‌കത്തിലെ വൈദ്യുത തരംഗങ്ങള്‍ രേഖപ്പെടുത്തുന്ന ഇഇജി (ഇലക്‌ട്രോ എന്‍സെഫാലോഗ്രാഫ്) പോലുള്ള ഒരു ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫേസ് (ബിസിഐ) ഘടിപ്പിച്ചു. ഇത് ആളിന്റെ മസ്തിഷ്‌കത്തിലെ വൈദ്യുത പ്രവാഹത്തെ ബൈനറിഭാഷയില്‍ (പൂജ്യവും ഒന്നും മാത്രമുള്ള ഭാഷ) രേഖപ്പെടുത്തും.

ഇതു ലാപ്‌ടോപ്പിലേക്കു കടത്തിവിട്ട് നെറ്റ് വഴി വിദൂരത്തുള്ള ആളുടെ തലയില്‍ ഘടിപ്പിച്ച കംപ്യൂട്ടര്‍ - ബ്രെയിന്‍ ഇന്റര്‍ഫേസില്‍ (സിബിഐ) എത്തിക്കും. അതില്‍നിന്നുള്ള വൈദ്യുത തരംഗങ്ങള്‍ സന്ദേശം കൈമാറുന്നു. ഈ കൈമാറ്റം വിജയകരമായി നടന്നെന്നു ശാസ്ത്രജ്ഞസംഘം പ്ലോസ് വണ്‍ എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തില്‍ എഴുതി. കാര്‍ലെസ് ഗ്രാവു, അലഹാന്ദ്രോ റിയേറ, ജ്യൂലിയോ റൂഫീനി, ഹൂലിയ ആമെന്‍ഗ്വാല്‍, അല്‍വാ റോ പാസ്‌കല്‍ ലിയോണ്‍ എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്.



Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.