Latest News

മദ്യനിരോധനം മുദ്രാവാക്യമായി സ്വീകരിക്കുന്നവരെ അധികാരത്തിലേറ്റണം: സ്വാമി അഗ്നിവേശ്

കാസര്‍കോട്:[www.malabarflash.com] മദ്യനിരോധനം തിരഞ്ഞെടുപ്പ് മുദ്രാവാക്യമായി സ്വീകരിക്കുന്നവരെ വേണം എല്ലാ സംസ്ഥാനങ്ങളിലും അധികാരത്തിലെത്തിക്കാനെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശ്. അസഹിഷ്ണുതയ്‌ക്കെതിരെ കാസര്‍കോട് സുന്നി മഹല്ല് ഫെഡറേഷന്‍ സംഘടിപ്പിച്ച 'മാനിഷാദ സ്‌നേഹസാഗരം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു മതവും മദ്യപാനത്തെ ന്യായീകരിക്കുന്നില്ല. മദ്യം സമൂഹത്തിന് വിപത്താണ്. അതിനാല്‍ രാജ്യം മുഴുവന്‍ മദ്യനിരോധനം നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിഹാര്‍ മദ്യം പൂര്‍ണമായി നിരോധിച്ചു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്‌നാട്ടിലും മദ്യം നിരോധിക്കുമെന്ന മുദ്രാവാക്യം ഉയര്‍ന്നിട്ടുണ്ട്. നമ്മുടെ അമ്മമാര്‍ക്കും പെങ്ങന്‍മാര്‍ക്കും വേണ്ടി ചെയ്യാവുന്ന നന്മയാണത്. മദ്യനിരോധനം ആവശ്യപ്പെട്ട് രാജ്യം മുഴുവന്‍ സഞ്ചരിക്കുമെന്നും വിവിധ സാംസ്‌കാരിക–മത–രാഷ്ട്രീയ നേതാക്കളുടെ പിന്തുണ ഇതിനായി തേടുമെന്നും അദ്ദേഹം പറഞ്ഞു.


ഒരുവന്റെ ഭക്ഷണസ്വാതന്ത്ര്യം നിഷേധിക്കാന്‍ ആര്‍ക്കും അധികാരമില്ല. താന്‍ സസ്യഭുക്കാണെന്ന് കരുതി മറ്റൊരുത്തന്‍ മാംസഭുക്കാവാന്‍ പാടില്ലെന്നത് ശരിയല്ല. ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് അല്‍–ക്വയ്ദ, ജെയ്‌ഷെ മുഹമ്മദ് പോലുള്ള ഭീകരസംഘടനകള്‍ ഇസ്‌ലാമിക പദങ്ങള്‍ ദുരുപയോഗം ചെയ്യുന്നതെന്നും സമാനമായി ശിവസേന, രാംസേന എന്നൊക്കെ പറഞ്ഞു നടക്കുന്നവര്‍ക്ക് ശിവനും രാമനുമായി ഒരു ബന്ധവുമില്ലെന്നും മതത്തെയും സംസ്‌കാരത്തെയും ദുരുപയോഗിക്കുന്നവര്‍ക്കെതിരെ ജാഗ്രത വേണമെന്നും സ്വാമി അഗ്‌നിവേശ് പറഞ്ഞു. സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.