[www.malabarflash.com] വൈശാഖ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ തിയറ്ററില്‍ ജൈത്രയാത്ര തുടരുകയാണ്. പുലിയൂര്‍ എന്ന ഗ്രാമത്തിലേക്ക് നരഭോജിയായ വരയന്‍ പുലി ഇറങ്ങുമ്പോള്‍ നാട്ടുകാരനായ പുലിമുരുഗന്‍ പുലിവേട്ടയ്ക്ക് ഇറങ്ങുന്നതാണ് പുലിമുരുകന്റെ പ്രമേയം. പരുക്കനായ വാറുണ്ണി എന്ന വേട്ടക്കാരന്‍ പുലിപ്പേടിയിലുള്ള ഒരു ഗ്രാമത്തിന്റെ രക്ഷക്കെത്തുന്നതാണ് 27 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ മൃഗയയുടെ പ്രമേയം. പുലിമുരുകനിലൂടെ വീണ്ടും പുലിവേട്ട സിനിമയുടെ പ്രമേയമായപ്പോള്‍ മൃഗയയുടെ ചിത്രീകരണത്തെക്കുറിച്ചും നിരവധി വാദങ്ങള്‍ പുറത്തുവന്നു.
പാതി മയക്കിയ പുലിയെ ആണ് മമ്മൂട്ടി വേട്ടയാടിയതെന്നും ഡ്യൂപ്പിനെ വച്ചാണ് ഈ രംഗങ്ങള്‍ ചിത്രീകരിച്ചതെന്നുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ പൂര്‍ണമായും മെരുങ്ങിയിട്ടില്ലാത്ത പുലിയെ ഉപയോഗിച്ചാണ് മൃഗയ ചിത്രീകരിച്ചതെന്ന് വെളിപ്പെടുത്തി ഐവി ശശി രംഗത്ത് വന്നു. മമ്മൂട്ടിയുടെ ചലച്ചിത്ര ജീവിതത്തില്‍ മറക്കാനാവാത്ത ഒരു കഥാപാത്രമായിരുന്നു മൃഗയ എന്ന ചിത്രത്തിലെ വാറുണ്ണി. അന്ന് മമ്മൂട്ടി അഭിനയിച്ചത് ഡ്യൂപ്പില്ലാതെയാണെന്ന് ശശി പറഞ്ഞു.
ലോഹിതദാസിന്റെ തിരക്കഥയില്‍ മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തില്‍ പുലിയോട് മല്ലിടുന്ന വേട്ടക്കാരന്‍ വാറുണ്ണിയുടെ രംഗങ്ങള്‍ ഒരുകാലത്ത് തിയറ്ററുകളെ ആഘോഷമാക്കിയിരുന്നു. അന്ന് ശരിയായ പുലിയുടെ മുന്നില്‍വെച്ചാണ് മമ്മൂട്ടി അഭിനയിച്ചതെന്നാണ് ഐവി ശശി പറഞ്ഞത്. ഇതിന് പിന്നാലെയാണ് പരിഹാസവും ട്രോളുകളുമായി സോഷ്യല്‍മീഡിയയും സംഗതി ഏറ്റെടുത്തത്. എന്നാല്‍ മമ്മൂട്ടി മൃഗയയില്‍ ഏറ്റുമുട്ടിയത് ശരിയായ പുലിയോട് തന്നെയാണെന്ന് നടന്‍ ജയറാം പറയുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
സംവിധായകന്‍ സിദ്ധിഖ് അവതാരകനായിരുന്ന ഒരു ചാനല്‍ പരിപാടിയിലാണ് ജയറാം മുമ്പ് മൃഗയയെ കുറിച്ച് പറഞ്ഞത്. ഒറിജിനല്‍ പുലിയോട് ഒത്താണ് താന്‍ അഭിനയിക്കേണ്ടതെന്ന് അറിഞ്ഞ മമ്മൂക്ക ഷൂട്ടിംഗിന്റെ ആദ്യ ദിവസം പിണങ്ങിപ്പോയതായും ജയറാം പറഞ്ഞു. അനുസരണയുള്ള റാണി എന്ന് പേരുള്ള പുലിയുമായാണ് മമ്മൂട്ടി രംഗത്ത് എത്തുക എന്നാണ് പുലിയുടെ പരിശീലകന്‍ പറഞ്ഞത്. മമ്മൂട്ടിയെ നേരിട്ട് കാണിച്ച് വിശ്വസിപ്പിക്കാനും പുലിയുടെ പരിശീലകന്‍ ശ്രമിച്ചു. എന്നാല്‍ പരിശീലകന്റെ നിര്‍ദേശം അനുസരിക്കാതെ കൂട്ടില്‍ നിന്ന് ഇറങ്ങി ആടിനെ പുലി വകവരുത്തുകയും ഇത് കണ്ട് താന്‍ ഈ പണിക്കില്ലെന്ന് പറഞ്ഞ് മമ്മൂട്ടി സ്ഥലം വിട്ടെന്നും ജയറാം തമാശ രൂപേണെ പറഞ്ഞു. അത്ര പരിശീലനം നേടിയിട്ടില്ലാത്ത മനുഷ്യനോട് നന്നായി മെരുങ്ങാത്ത പുലിയെ ആയിരുന്നു മൃഗയയില്‍ കൊണ്ടു വന്നതെന്ന് ഐവി ശശി പറഞ്ഞതിനെ സ്ഥിരീകരിച്ചുള്ളതാണ് ജയറാം മുമ്പ് പറഞ്ഞ ഈ വാക്കുകള്‍. ഈ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Keywords: Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment