Latest News

സോളാറിന് നല്‍കിയ കത്തിലെ കൈയക്ഷരവും ഒപ്പും ഉമ്മന്‍ചാണ്ടിയുടേത്


കൊച്ചി: [www.malabarflash.com] മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടീം സോളാര്‍ കമ്പനി നല്‍കിയ രണ്ട് ലക്ഷം രൂപയ്ക്ക് നന്ദി അറിയിച്ചുള്ള കത്തിലെ കൈയക്ഷരവും ഒപ്പും ഉമ്മന്‍ചാണ്ടിയുടേതു തന്നെയെന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിമാര്‍. ഉമ്മന്‍ചാണ്ടിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരായ ആര്‍.കെ. ബാലകൃഷ്ണന്‍, ടി. സുരേന്ദ്രന്‍ എന്നിവരാണ് സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷനില്‍ ഇതു സംബന്ധിച്ച് മൊഴി നല്‍കിയത്.

ടീം സോളാറിന് നന്ദി അറിയിച്ചുകൊണ്ടുള്ള കത്തില്‍ 'ഡിയര്‍ ആര്‍.ബി. നായര്‍' എന്ന അഭിസംബോധനയിലെയും തീയതിയിലെയും കൈയക്ഷരവും കത്തിലെ ഒപ്പും ഉമ്മന്‍ചാണ്ടിയുടേതാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലല്ലോയെന്ന് കമ്മിഷന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ഒരു സംശയവുമില്ലെന്നായിരുന്നു ബാലകൃഷ്ണന്റെ മറുപടി. സുരേന്ദ്രനും ഇതു തന്നെയാണ് പറഞ്ഞത്.

മുഖ്യമന്ത്രിക്ക് ലഭിക്കുന്ന നിവേദനങ്ങള്‍ താനാണ് കൈകാര്യം ചെയ്തിരുന്നതെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ മല്ലേലില്‍ ശ്രീധരന്‍ നായരുടേതായി ഒരു നിവേദനം തനിക്ക് കിട്ടിയിട്ടില്ല. ടീം സോളാറിനു വേണ്ടി സരിത നല്‍കിയതെന്നു പറയുന്ന നിവേദനത്തെക്കുറിച്ചറിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ കിട്ടുന്ന നിവേദനങ്ങളില്‍ തുടര്‍ നടപടികളുണ്ടെങ്കില്‍ മാത്രമേ അവ രജിസ്റ്ററില്‍ രേഖപ്പെടുത്താറുള്ളൂ. സരിതയെ താന്‍ കണ്ടിട്ടില്ലെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയെ രണ്ടാമതും വിസ്തരിക്കാനായി കമ്മിഷന്‍ തീരുമാനിച്ച കാര്യം അറിയില്ലെന്ന് ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി ബി. രാജേന്ദ്രന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. മല്ലേലില്‍ ശ്രീധരന്‍ നായരെ തനിക്കറിയില്ല. സരിത പതിവായി സെക്രട്ടേറിയറ്റില്‍ വരാറുണ്ടോയെന്ന് ഉമ്മന്‍ചാണ്ടിയോ എഡിജിപിയോ എസ്‌ഐടിയിലെ മറ്റംഗങ്ങളോ തന്നോട് ചോദിച്ചിട്ടില്ലെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.

സരിതയെ താന്‍ നേരിട്ടു കണ്ടിട്ടില്ലെന്നും ഫോണില്‍ വിളിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ കമ്മിഷനില്‍ മൊഴി നല്‍കി. സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫിലെ 24 പേര്‍ക്ക് നല്‍കിയ ഫോണിന്റെ സ്‌റ്റേറ്റ്‌മെന്റ് കമ്മിഷന്‍ അഭിഭാഷകന്‍ ഹാജരാക്കി. ഇതില്‍ സുരേന്ദ്രന്‍ ഉപയോഗിച്ചിരുന്ന നമ്പറില്‍ നിന്ന് സരിതയുടെ മൊബൈല്‍ ഫോണിലേക്ക് ഏഴു തവണ വിളിച്ചതായുള്ള രേഖകള്‍ കാണിച്ചപ്പോള്‍ അത് ശരിയാണെന്നും എന്നാല്‍ താനല്ല വിളിച്ചതെന്നും സുരേന്ദ്രന്‍ മറുപടി നല്‍കി.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.