Latest News

വനിതാവകുപ്പ് ഉടന്‍ പ്രവര്‍ത്തനം തുടങ്ങും: പിണറായി

കാഞ്ഞങ്ങാട്:[www.malabarflash.com] കേരളത്തിലെ വനിതകളുടെ ക്ഷേമം ലക്ഷ്യമാക്കി വനിതാ വകുപ്പ് ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 
വനിതകളുടെ സാമൂഹ്യപദവി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് കരുത്തു പകരുന്നതായിരിക്കും ഈ പ്രത്യേക വകുപ്പ്. ഇതിന് 50 കോടി രൂപ സര്‍ക്കാര്‍ നീക്കിവച്ചിട്ടുണ്ട്. ജെന്‍ഡര്‍ ബജറ്റ് അവതരിപ്പിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വനിതാക്ഷേമത്തിന് തുടക്കം കുറിച്ചത്. വനിതാമേഖലയില്‍ വിവിധ പദ്ധതികള്‍ക്കായി 91 കോടി മാറ്റിവച്ചിട്ടുണ്ട്. പ്രത്യേക പദ്ധതികളിലും പത്തു ശതമാനം തുക വനിതാ മേഖലയില്‍ ചെലവഴിക്കണമെന്ന് നിര്‍ദേശിച്ചതായും പിണറായി പറഞ്ഞു.

കാഞ്ഞങ്ങാട് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് സമാപനംകുറിച്ച് പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി. കൌമാരക്കാരായ പെണ്‍കുട്ടികളുടെ ആരോഗ്യവും മാനസികവുമായ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമാക്കിയുള്ള സൈക്കോ സോഷ്യല്‍ സര്‍വീസിനായി പന്ത്രണ്ടരക്കോടി രൂപ മാറ്റിവച്ചു. കേരളത്തിലെ സ്ത്രീസുരക്ഷാ കേന്ദ്രങ്ങളില്‍ ചിലതിന് ഇപ്പോഴും ജയിലുകളുടെ മുഖമാണ്. അത് സ്ത്രീസൌഹൃദമാകണം. ഇതിനും പന്ത്രണ്ടരക്കോടി വകയിരുത്തി.

യാത്രചെയ്യുന്ന സ്ത്രീകളുടെ പ്രയാസങ്ങള്‍ സര്‍ക്കാര്‍ പ്രത്യേകമായി പരിഗണിക്കും. ബസ്സ്റ്റാന്‍ഡുകള്‍ ഉള്‍പ്പടെയുള്ള പൊതുഇടങ്ങളില്‍ വൃത്തിയുള്ള ശുചിമുറികള്‍ സ്ഥാപിക്കും. മുലയൂട്ടുന്നതിനുള്ള കേന്ദ്രങ്ങളും ഫ്രഷ് അപ് സെന്ററുകളും എല്ലായിടത്തും ഉണ്ടാവണം. വിദ്യാലയങ്ങളിലെല്ലാം ഗേള്‍സ് ഫ്രണ്ട്ലി ടോയ്ലെറ്റുകള്‍ ഉണ്ടാവണം. സര്‍ക്കാര്‍ ഇക്കാര്യങ്ങളെല്ലാം സമയബന്ധിതമായി നടപ്പാക്കാനാണ് ആലോചിക്കുന്നത്.

സ്ത്രീകള്‍ക്ക് തുല്യനീതി ലഭിക്കാനുള്ള സമരങ്ങള്‍ ഏറ്റെടുക്കേണ്ടത് സ്ത്രീകളുടെമാത്രം ബാധ്യതയല്ല. സമൂഹമൊന്നാകെ അതിനൊപ്പം നില്‍ക്കണം. കേരളത്തിലേതുപോലെ എല്ലായിടത്തും സ്ത്രീകള്‍ക്ക് നിര്‍ഭയമായി ജീവിക്കാവുന്ന അവസ്ഥയല്ല. ഹരിയാനയില്‍ ഈയിടെ സംഭവിച്ചത് നമ്മുടെ ഓര്‍മയിലുണ്ട്. വീട്ടില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്യുകയായിരുന്നു. കേരളത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. ഈ സാഹചര്യം ഒരു നാള്‍ പെട്ടെന്ന് സംഭവിച്ചതല്ല. ദീര്‍ഘകാലത്തെ നവോത്ഥാന പോരാട്ടങ്ങളുടെ ഫലമാണ് കേരളത്തിലെ സാമൂഹ്യ സാഹചര്യമെന്നും പിണറായി പറഞ്ഞു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.