തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളുടെ പൂര്‍ണചുമതല സബ് ഇന്‍സ്‌പെക്ടര്‍മാരില്‍നിന്നു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കു കൈമാറുന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നതിനു പകരം ഇന്‍സ്‌പെക്ടര്‍ എന്നാകും സ്‌റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അറിയപ്പെടുക. [www.malabarflash.com]
രണ്ടും മൂന്നും സ്‌റ്റേഷനുകള്‍ക്ക് ഒരു സി.ഐ. എന്ന സ്ഥിതി മാറി, ഓരോ സ്‌റ്റേഷനും ഓരോ ഇന്‍സ്‌പെക്ടറുടെ ചുമതലയിലാകും. എസ്.ഐമാര്‍ക്കു ക്രമസമാധാനം ഉള്‍പ്പെടെ മറ്റു ചുമതലകള്‍ വിഭജിച്ചുനല്‍കും. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി സി.ഐമാരെ നിയമിക്കണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ നിലപാടിനോടു മുഖ്യമന്ത്രിയും ആഭ്യന്തര സെക്രട്ടറിയും യോജിക്കുകയായിരുന്നു.
തീരുമാനം മന്ത്രിസഭ അംഗീകരിക്കുക എന്ന സാങ്കേതികത്വം മാത്രമാണ് ഇനിയുള്ളത്. തീരുമാനത്തിനു മുന്നോടിയായി, കഴിഞ്ഞമാസം മുതല്‍ ഗുരുതരകുറ്റകൃത്യങ്ങള്‍ സി.ഐമാര്‍തന്നെ അന്വേഷിക്കണമെന്ന ഉത്തരവിറങ്ങിയതു മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സ്‌റ്റേഷന്‍ ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍മാരാകുന്നതോടെ സി.ഐമാരുടെ അധികാരങ്ങള്‍ വര്‍ധിക്കും. നിലവില്‍ ഒരു സ്‌റ്റേഷനില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. മുതല്‍ സൂപ്പര്‍ ന്യൂമററി എസ്.ഐ. വരെ കുറഞ്ഞത് അഞ്ച് എസ്.ഐമാരുണ്ട്. ക്രമസമാധാനം, കേസ് അന്വേഷണം എന്നിവ വേര്‍തിരിച്ചു നല്‍കുന്നതോടെ ഇവര്‍ക്കിടയിലെ അധികാരവടംവലി ഇല്ലാതാകും. എസ്.ഐക്കു നല്‍കുന്ന പരാതിയില്‍ തീര്‍പ്പുണ്ടായില്ലെങ്കില്‍ സി.ഐയെ സമീപിക്കുക എന്ന സങ്കീര്‍ണതയും ഒഴിവാകും.
സി.ഐമാരെ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരാക്കുമ്പോള്‍ അവരന്വേഷിക്കുന്ന കേസുകളുടെ മേല്‍നോട്ടച്ചുമതല അതതു ഡിവൈ.എസ്.പിമാര്‍ക്കാകും. നിലവില്‍ ഒരു സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ അന്വേഷണച്ചുമതല എസ്.ഐമാര്‍ക്കാണ്. കേസുകളുടെ ആധിക്യം മൂലം അന്വേഷണം ഉദാസീനമാകുന്നതിന്റെ ഫലമായി, കോടതിയിലെത്തുന്ന കുറ്റകൃത്യങ്ങള്‍ക്കു കുറഞ്ഞ ശിക്ഷയാണു ലഭിക്കുന്നതെന്ന കണക്കുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.
സംസ്ഥാനത്തു നിലവില്‍ തിരുവനന്തപുരം ഫോര്‍ട്ട്, റാന്നി, പമ്പ, പത്തനംതിട്ട, നെടുമ്പാശ്ശേരി തുടങ്ങി 10 സ്‌റ്റേഷനുകളുടെ പൂര്‍ണചുമതല സി.ഐമാര്‍ക്കാണ്. മന്ത്രിസഭാംഗീകാരം ലഭിച്ചാലുടന്‍ ജനറല്‍ എക്‌സിക്യൂട്ടീവ് വിഭാഗത്തിലുള്ള 194 സി.ഐമാര്‍ക്കു സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി നിയമനം നല്‍കും. 152 പുതിയ ഇന്‍സ്‌പെക്ടര്‍ തസ്തികകളും സൃഷ്ടിക്കും.
ജനറല്‍ എക്‌സിക്യൂട്ടീവ് വിഭാഗത്തില്‍ 400 മുതിര്‍ന്ന എസ്.ഐമാര്‍ നിലവില്‍ സി.ഐമാരുടെ ശമ്പളം വാങ്ങുന്നുണ്ടെങ്കിലും തസ്തികയില്ലാത്തതിനാല്‍ എസ്.ഐമാരായി തുടരുകയാണ്. ഇവരെ ഇന്‍സ്‌പെക്ടര്‍മാരാക്കി, സ്‌റ്റേഷന്‍ ചുമതല നല്‍കിയാല്‍ സര്‍ക്കാരിന് അധിക സാമ്പത്തികബാധ്യതയുണ്ടാകില്ല.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment