Latest News

അന്വേഷണവഴിയില്‍ ചരിത്രശേഷിപ്പുകള്‍ തേടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍

കൂത്തുപറമ്പ്: പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.വി. ബാബുവിന് അന്വേഷണമെന്നതു പ്രതികളെ കണെ്ടത്താന്‍ വേണ്ടി മാത്രമുള്ളതല്ല. ജാഗ്രതയോടെ തെളിവുകള്‍ ശേഖരിച്ചു ചരിത്രത്തിന്റെ ശേഷിപ്പുകള്‍ തേടിയുള്ള ഒരുയാത്ര കൂടിയാണ്. പൈതല്‍മലയുടെ ചരിത്രമെഴുതി ശ്രദ്ധേയനായ ഇദ്ദേഹത്തിന്റെ രണ്ടാമത്തെ ചരിത്രഗ്രന്ഥമായ 'കോലത്തുനാട്, നാള്‍വഴി ചരിതം' 24 നു പ്രകാശനം ചെയ്യും.
മലയോര മേഖലയുടെ കുടിയേറ്റ ചരിത്രമായിരുന്നു 'പൈതല്‍മല-ചരിത്ര പശ്ചാത്തലവും ടൂറിസം സാധ്യതകളും' എന്ന ഗ്രന്ഥത്തിന്റെ ഉള്ളടക്കമെങ്കില്‍ അനേകം ഗ്രാമങ്ങള്‍ ചേര്‍ന്ന ഒരു നാടിന്റെ ചരിത്രമാണു കോലത്തുനാടിന്റെ നാള്‍വഴിയിലുള്ളത്. രണ്ടുവര്‍ഷം നീണ്ട ഗവേഷണത്തിനുശേഷമാണു തളിപ്പറമ്പ് കൊയ്യം സ്വദേശിയും ഇപ്പോള്‍ കൂത്തുപറമ്പ് സിഐയുമായ കെ.വി. ബാബു ഈ ഗ്രന്ഥമെഴുതി ത്തീര്‍ത്തത്.
എട്ടാം നൂറ്റാണ്ടുമുതലുള്ള കോലത്തുനാടിന്റെ ചരിത്രം ഗ്രന്ഥത്തിലുണ്ട്. വില്യംലോഗന്റെ മലബാര്‍ മാന്വല്‍, മൂഷികവംശ കാവ്യം, തെയ്യത്തിന്റെ ആദി രൂപം തുടങ്ങി 70 ഓളം ചരിത്രഗ്രന്ഥങ്ങള്‍ ഇതിനായി വിശദമായി പരിശോധിച്ചു. ചരിത്രഗവേഷകരുമായി കൂടിക്കാഴ്ചകള്‍ നടത്തി. ഓരോസ്ഥലത്തും പോയി ചരിത്രവസ്തുക്കളുടെ സൂക്ഷ്മ പരിശോധന നടത്തുകയും പ്രായമുള്ളവരെ സമീപിച്ചു ഐതിഹ്യങ്ങളെക്കുറിച്ചു മനസിലാക്കുകയുംചെയ്തു.
ജോലി കഴിഞ്ഞ് ക്വാര്‍ട്ടേഴ്‌സിലെത്തിയ ശേഷമായിരുന്നു പുസ്തകരചന. മിക്ക ദിവസങ്ങളിലും അത് പുലരുംവരെ നീണ്ടിരുന്നു. സംഭവങ്ങളും ഐതിഹ്യങ്ങളും ഇണക്കിച്ചേര്‍ത്തു കളര്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ 356 പേജുകളുള്ളതാണു 'കോലത്തുനാട്, നാള്‍വഴി ചരിതം' എന്ന ഗ്രന്ഥം. ഭൂപ്രകൃതി, ആവാസ വ്യവസ്ഥ, തൊഴില്‍ കൂട്ടായ്മയുടെ സാന്നിധ്യം തുടങ്ങി കോലത്തുനാടിന്റെ സാമൂഹികവും സാംസ്‌കാരികവുമായ വിവരണങ്ങള്‍ ഗ്രന്ഥത്തിലുണ്ട്. 2010 ഡിസംബറിലായിരുന്നു ഇദ്ദേഹത്തിന്റെ പൈതല്‍മല എന്ന ഗ്രന്ഥം പ്രകാശനം ചെയ്തത്.
2003 ല്‍ പോലീസില്‍ സബ് ഇന്‍സ്‌പെക്ടറായി നിയമനം ലഭിക്കുന്നതിനു മുമ്പ് 13 വര്‍ഷത്തോളം കെ.വി. ബാബു വിവിധ സ്‌കൂളുകളില്‍ അധ്യാപകനായി ജോലി ചെയ്തിരുന്നു. ചരിത്രത്തില്‍ ബിരുദവും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും ഇദ്ദേഹത്തിനുണ്ട്. താമരശേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ശ്രേയസിന്റെ 2010 ലെ ജനമിത്ര അവാര്‍ഡിന് അര്‍ഹനായി.
പേരാമ്പ്രയ്ക്കടുത്ത് കൂരാച്ചുണ്ട് സ്റ്റേഷനിലായിരുന്നു ഇദേഹത്തിന് ആദ്യനിയമനം. ഇവിടെ എസ്‌ഐയായിരിക്കെ ഇദ്ദേഹത്തെക്കുറിച്ച് കോഴിക്കോട്ടെ പൗരാവകാശ സംരക്ഷണ സമിതിയുടെ എന്‍ക്വയറി സെല്‍ ഡിജിപിക്ക് ഒരു കത്ത് നല്‍കി. ഔദ്യോഗിക കാര്യങ്ങള്‍ക്കൊപ്പം എസ്‌ഐ നടത്തിയ സാമൂഹ്യസന്നദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അതിനാല്‍ വകുപ്പ് നല്‍കേണ്ടതായ പ്രോത്സാഹനങ്ങളെക്കുറിച്ചുമൊക്കെയായിരുന്നു കത്തിലെ ഉള്ളടക്കം.
പിന്നീട് പേരാമ്പ്ര, ഇരിക്കൂര്‍, ആലക്കോട്, കുടിയാന്മല, ബേക്കല്‍, കൊയിലാണ്ടി തുടങ്ങിയ സ്‌റ്റേഷനുകളിലൊക്കെ ഇദേഹം ജോലിചെയ്തു. കുടിയാന്മലയില്‍ എസ്‌ഐയായിരിക്കുമ്പോള്‍ ഏരുവേശി പഞ്ചായത്തിലെ ചോലപ്പുനം ആദിവാസി കോളനിയിലെ 13 വീടുകളില്‍ കുടിവെള്ളമെത്തിക്കാനുള്ള പ്രവൃത്തിക്ക് മുന്‍കൈയെടുത്തതും കെ.വി. ബാബുവായിരുന്നു. തുടര്‍ന്ന് ആലക്കോട് ടൗണില്‍ നടപ്പാക്കിയ മാലിന്യ നിര്‍മാര്‍ജന പദ്ധതിക്കും ഉദയഗിരി പഞ്ചായത്തിലെ വെള്ളാട്‌കൊല്ലി കോളനിയെ മദ്യവിമുക്തമാക്കിയ പ്രവര്‍ത്തനങ്ങള്‍ക്കും ഈ പോലീസുദ്യോഗസ്ഥന്‍ മുന്‍പന്തിയില്‍ നിന്നു. ബാബുവിന്റെ അനുജനാണു മുത്തങ്ങാ സംഭവത്തില്‍ കൊല്ലപ്പെട്ട പോലീസുകാരന്‍ കെ.വി. വിനോദ്. ചരിത്രകാരനായ എം.ആര്‍. രാഘവ വാര്യരാണ് ഇദ്ദേഹത്തിന്റെ കോലത്തുനാട്-നാള്‍വഴി ചരിതം എന്ന ഗ്രന്ഥത്തിന്റെ അവതാരിക എഴുതിയത്. 24 നു വൈകുന്നേരം അഞ്ചിന് കൂത്തുപറമ്പ് മാറോളിഘട്ട് ടൗണ്‍ സ്‌ക്വയറില്‍ നടക്കുന്ന സാംസ്‌കാരിക സദസില്‍ നോവലിസ്റ്റ് എം. മുകുന്ദന്‍ പുസ്തകം പ്രകാശനം ചെയ്യും. ജില്ലാ പോലീസ് ചീഫ് രാഹുല്‍ ആര്‍. നായര്‍ മുഖ്യാതിഥിയായിരിക്കും.
ചരിത്രശേഷിപ്പുകള്‍ തേടിയുള്ള ഈ പോലീസുദ്യോഗസ്ഥന്റെ യാത്ര നീളുകയാണ്. കേരളത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ക്ഷേത്രാചാരങ്ങള്‍ നിലനില്‍ക്കുന്നതും ഐതിഹ്യങ്ങള്‍ കെട്ടിപിണഞ്ഞുകിടക്കുന്നതുമായ കൊട്ടിയൂര്‍ വൈശാഖോത്സവമാണ് അടുത്ത ചരിത്രഗ്രന്ഥത്തിന്റെ വിഷയമെന്ന് ബാബു പറയുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.