Latest News

ജൈവകൃഷി വയനാടിന് പ്രതീക്ഷയാവുന്നു

കല്പറ്റ: ജൈവ പച്ചക്കറികള്‍ക്കും നാടന്‍ വിത്തിനങ്ങള്‍ക്കും പ്രിയമേറുന്നു. വിഷംതൊടാത്ത വിളകള്‍തേടി ചെറുകിട കച്ചവടക്കാരും സ്വാശ്രയ വിപണിക്കാരും ഗ്രാമങ്ങളിലെത്തുന്നു. രാസകീടനാശിനികള്‍ ഉപയോഗിക്കാത്ത കാര്‍ഷിക വിളകള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെ ജൈവകൃഷി വയനാടിന് പ്രതീക്ഷയാവുകയാണ്.

വയനാടിന്റെ തനതുവിളകളാണ് എല്ലാവര്‍ക്കും വേണ്ടത്. അത്യുത്പാദന ശേഷിയുള്ള പുതിയ വിത്തിനങ്ങളും സങ്കരയിനം വിത്തുകളും വ്യാപകമായി വിതരണം ചെയ്‌തെങ്കിലും തനി നാടന്‍ ഇനങ്ങള്‍ തന്നെയാണ് വിപണിയില്‍ പ്രിയം. വയനാടന്‍ വെള്ളരിക്കയും മത്തനുമെല്ലാംതേടി പരമ്പരാഗത കര്‍ഷകരെ സമീപിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരികയാണ്.

ഒരിക്കല്‍മാത്രം വിസ്മയിപ്പിക്കുന്ന വിളവുനല്‍കി മറയുന്ന അന്ധക വിത്തുകള്‍ക്ക് പിന്നാലെയായിരുന്നു കര്‍ഷകര്‍. കീടനാശിനികളും രാസവളങ്ങളും കണക്കില്ലാതെ വിതറി വിളവു കൊയ്യുന്ന ശീലം കര്‍ഷകരില്‍ വളര്‍ന്നതോടെ വയനാട്ടിലെ പച്ചക്കറികള്‍ക്ക് മറുനാടന്‍ വിപണികളില്‍ വിലയിടിഞ്ഞു. മാരക രോഗങ്ങള്‍ക്കുവരെ കാരണമാകാം ഈ പച്ചക്കറികളെന്ന് വ്യാപകമായ പ്രചാരണവുമുണ്ടായി.

കര്‍ഷകരുടെ സ്വാശ്രയ സംഘങ്ങളും കൂട്ടായ്മകളും വിഷലിപ്തമായ പച്ചക്കറി കൃഷിയെ നിരുത്സാഹപ്പെടുത്തിത്തുടങ്ങിയത് ഈ സാഹചര്യത്തിലാണ്. മാരക കീടനാശിനികള്‍ നിരോധിച്ചതോടെ അവയുടെ ഉപയോഗത്തിനും നിയന്ത്രണമുണ്ടായി. പയര്‍, പാവല്‍ എന്നിവ വന്‍തോതില്‍ കൃഷിചെയ്ത് കയറ്റിയയയ്ക്കുന്ന പച്ചക്കറി ഗ്രാമങ്ങള്‍ക്ക് വിഷവിമുക്തി ഉണര്‍വേവുകയാണ്. ജൈവ വളങ്ങള്‍മാത്രം ഉപയോഗിച്ചുള്ള കൃഷിരീതിക്ക് വലിയ സാധ്യതയാണ് തെളിഞ്ഞത്. വയനാടിന്റെ കാലാവസ്ഥയോട് യോജിക്കുന്ന പഴയ വിത്തുകള്‍ ഉപയോഗിച്ചുള്ള കൃഷിരീതിയിലേക്ക് കര്‍ഷകര്‍ ആകൃഷ്ടരായിത്തുടങ്ങി.

പാലി. എഫ് തുടങ്ങിയ പച്ചക്കറിവിത്തുകള്‍ ഹൈദരാബാദിലെ വിത്തുബാങ്കുകളില്‍നിന്നും സംസ്‌കരിച്ചെടുത്താണ് കേരളത്തിലെ വിപണിയില്‍ എത്തിക്കുന്നത്. കാഴ്ചയിലും വലിപ്പത്തിലും നാടന്‍ ഇനങ്ങളേക്കാള്‍ മുന്നില്‍നില്‍ക്കുന്ന സങ്കരയിനം വിളകള്‍ക്ക് വിപണി അധികകാലം പിന്തുണ നല്‍കിയില്ല.

രണ്ടുദിവസത്തിലധികം കഴിയുന്നതോടെ പ്ലാസ്റ്റിക് രൂപത്തിലാവുന്ന ഈ പച്ചക്കറികള്‍ക്ക് രുചിയിലും നാടന്‍ ഇനത്തിനെ കടത്തിവെട്ടാനായില്ല. കുറയുന്ന ഉത്പാദനക്ഷമതയാണ് ജൈവകൃഷി ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി. അടുക്കളത്തോട്ടങ്ങളിലും മറ്റും ജൈവകൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്ക് താത്പര്യമുണ്ട്. ജൈവ സര്‍ട്ടിഫിക്കേഷനും വിപണിയും ഊര്‍ജിതമായാല്‍ വയനാടിനെ വിഷവിമുക്ത കാര്‍ഷിക മേഖലയാക്കാന്‍ കഴിയുമെന്നാണ് അവരുടെ അഭിപ്രായം.

ജൈവകൃഷി പ്രോത്സാഹനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഹോള്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയില്‍ ഒരു ഹെക്ടറിന് ആദ്യവര്‍ഷം 4000 രൂപയാണ് സഹായധനം നല്‍കുന്നത്. രണ്ടാംവര്‍ഷം 3000 രൂപയും മൂന്നാംവര്‍ഷം 2500 രൂപയും. ജില്ലയില്‍ 3962 ഹെക്ടര്‍ സ്ഥലത്തായി 5719 കര്‍ഷകരാണ് ജൈവകൃഷി ശാസ്ത്രീയമായി നടത്തുന്നത്. മാനന്തവാടിയിലെ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്ക് കീഴില്‍ 1894 ജൈവ കര്‍ഷകരുണ്ട്. പരമ്പരാഗതമായ കര്‍ഷകരെ അംഗങ്ങളാക്കി ജൈവകൃഷി പടിപടിയായി പ്രോത്സാഹിപ്പിക്കുകയാണ് ഈ സംഘങ്ങള്‍.

പാക്യജന പ്രധാനമായ വളപ്രയോഗത്തിന്റെ വര്‍ധന,ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രത, ഇടവിട്ട മഴ, മഞ്ഞ് തുടങ്ങിയവ കുമിള്‍രോഗങ്ങള്‍ വ്യാപിക്കുന്നതിന് കാരണമായി. ജൈവ കുമിള്‍നാശിനി ഇതിനൊരു പരിഹാരമാര്‍ഗമാണ്.

മരിച്ച മണ്ണും കാലാവസ്ഥ വ്യതിയാനവും തൊഴിലാളികളുടെ കുറവുമാണ് ജൈവ പച്ചക്കറി കൃഷി വയനാട്ടില്‍ നേരിടുന്ന വെല്ലുവിളി. വാഴ തുടങ്ങിയ വിളകളുടെ വ്യാപനം തൊട്ടടുത്ത കൃഷിയിടങ്ങളെകൂടി മലിനപ്പെടുത്തുകയാണ്. മാരക രാസകീടനാശിനികള്‍ അര്‍ബുദരോഗത്തിനുവരെ കാരണമാണ്. തവിഞ്ഞാല്‍, തൊണ്ടര്‍നാട് പഞ്ചായത്തുകളില്‍ ഇത്തരം രോഗികളുടെ വര്‍ധന ഇതിന് അടിവരയിടുന്നു.

കന്നുകാലിവളര്‍ത്തല്‍ ശീലമാക്കിയ വയനാട്ടില്‍, ജൈവ സമ്പുഷ്ടമായ കൃഷിയിടങ്ങള്‍ ധാരാളമുണ്ടായിരുന്നു. കന്നുകാലിസമ്പത്ത് കുറയുകയും കൃഷി, വ്യവസായമായി മാറിയതുമാണ് കാര്‍ഷികമേഖലയെ വിഭജിച്ചത്. വന്‍തോതില്‍ രാസവളങ്ങള്‍ എത്തിച്ച് വിപണനം നടത്തുന്ന ഏജന്‍സികള്‍ പെരുകിയതോടെ രാസവളങ്ങള്‍ക്കും കീടനാശിനികള്‍ക്കും കര്‍ഷകര്‍ അടിമകളായി. വയനാടിന്റെ കാര്‍ഷികനന്മകള്‍ തിരിച്ചുപിടിക്കാനുള്ള പരിശ്രമങ്ങളില്‍ കര്‍ഷകരുടെ പരിപൂര്‍ണമായ പങ്കാളിത്തമാണ് ഇനി അനിവാര്യം.

Mathrubhumi
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Vayanad, Agriculture, cultivator

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.