Latest News

കവിത പിള്ളയ്ക്കു വേണ്ടി ഇടനിലക്കാരും പണം വാങ്ങിയിരുന്നതായി കണ്ടെത്തി

കൊച്ചി: മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസിലെ പ്രതി കവിത പിള്ളയ്ക്കു വേണ്ടി ഇടനിലക്കാരും പണം വാങ്ങിയിരുന്നതായി കണ്ടെത്തി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്ന് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത തൈക്കാട് ടി.സി. 240/56 ല്‍ അലന്‍ ഫിലിപ്പ് (50) രണ്ടുപേരില്‍ നിന്നായി 10 ലക്ഷത്തോളം രൂപയാണ് സീറ്റ് വാഗ്ദാനം ചെയ്ത് വാങ്ങിയത്.

ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

തിരുവനന്തപുരം നാലാഞ്ചിറയില്‍ സ്വന്തമായി വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തുന്നയാളാണ് അലന്‍. കവിതയുടെ സ്ഥാപനത്തിന്റെ കണ്‍സള്‍ട്ടന്റായാണ് ഇയാള്‍ എം.ബി.ബി.എസ്., എം.ഡി. സീറ്റുകള്‍ വാഗ്ദാനം ചെയ്ത് പണം വാങ്ങിയിരുന്നതെന്ന് പോലീസ് പറഞ്ഞു. കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘം ചൊവ്വാഴ്ച രാത്രിയോടെ തിരുവനന്തപുരത്തെത്തിയാണ് അലനെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ നേരത്തെ ഇത്തരം തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന് പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

അതേസമയം കേസിലെ മുഖ്യ പ്രതി കവിത പിള്ളയെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ പോലീസ് വ്യാഴാഴ്ച കസ്റ്റഡിയില്‍ വാങ്ങും. കവിതയെ ബുധനാഴ്ച കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് അപേക്ഷ നല്‍കിയിരുന്നെങ്കിലും പ്രതിഭാഗം അഭിഭാഷകന്റെ അപേക്ഷ പ്രകാരം ഹിയറിങ്ങിനു ശേഷം പരിഗണിക്കാനായി കോടതി കേസ് വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

തട്ടിപ്പിന് ഇടനിലക്കാരുടെ സഹായമുണ്ടായതായി പിടിയിലായ ശേഷം ചോദ്യം ചെയ്തപ്പോള്‍ കവിത പോലീസിനോട് സമ്മതിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരത്ത് ഇടനിലക്കാരനായി പ്രവര്‍ത്തിച്ച അലന്‍ പിടിയിലായത്. തട്ടിപ്പില്‍ കൂടുതല്‍ ഏജന്റുമാര്‍ കണ്ണികളായിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. തലവരിപ്പണം എന്ന പേരില്‍ ആദ്യഗഡു മാത്രം ആവശ്യപ്പെട്ടാണ് കണ്‍സള്‍ട്ടന്റുമാര്‍ പണം വാങ്ങിയിരുന്നത്.

സീറ്റ് കിട്ടിയാല്‍ മാത്രം മുഴുവന്‍ തുകയും മതിയെന്ന കവിതയുടെ വാഗ്ദാനം കൂടുതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിച്ചെന്നാണ് പോലീസ് കരുതുന്നത്. സംസ്ഥാനത്തെ വിവിധ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം വാഗ്ദാനം ചെയ്ത് ആറുകോടിയിലധികം രൂപയുടെ തട്ടിപ്പാണ് കവിതയും സംഘവും നടത്തിയത്. കവിതയുടെ സ്ഥാപനത്തിലെ കണ്‍സള്‍ട്ടന്റുമാരായ റാഷ്‌ലാല്‍, ഹരികൃഷ്ണന്‍ എന്നിവരും കേസില്‍ പ്രതികളാണ്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kavitha Pilla, Case, Kochi, Court

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.