Latest News

ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു

കൊച്ചി:  നാടിനെ നടുക്കിയ സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെതിരെ ഗോവിന്ദച്ചാമി സമര്‍പ്പിച്ച അപ്പീലില്‍ വാദംകേട്ട ശേഷമാണിത്. കേസില്‍ ദൃക്‌സാക്ഷികളില്ലെന്ന ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്റെ വാദം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി.

ശാസ്ത്രീയമായ തെളിവുകളും സാഹചര്യ തെളിവുകളും ഗോവിന്ദച്ചാമിക്ക് എതിരെയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം ഹൈക്കോടതി അംഗീകരിച്ചു. കുറ്റകൃത്യം നടത്തിയതില്‍ പ്രതിക്ക്‌ യാതൊരു പശ്ചാത്താപവും ഇല്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഇതെന്ന് ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു.

സൗമ്യയ്ക്ക് നേരിടേണ്ടിവന്ന ദുരന്തത്തേക്കാള്‍ ഞെട്ടിപ്പിക്കുന്നതാണ് സഹയാത്രികരുടെ മനോഭാവമെന്ന് കോടതി അഭിപ്രായപ്പെട്ടു. സഹയാത്രികര്‍ യഥാസമയം ഇടപെട്ടിരുന്നുവെങ്കില്‍ ഒരുപക്ഷെ ദുരന്തം ഒഴിവാക്കാമായിരുന്നു. സംഭവത്തിന് ശേഷവും തീവണ്ടി യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ റെയില്‍വെ അധികൃതര്‍ കാട്ടുന്ന അനാസ്ഥയെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ലേഡിസ് കമ്പാര്‍ട്ടുമെന്റ് തീവണ്ടികളുടെ മധ്യഭാഗത്തേക്ക് മാറ്റുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഉന്നത റെയില്‍വെ ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

എറണാകുളം - ഷൊര്‍ണൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍നിന്ന് തള്ളിയിട്ടശേഷം ബലാത്സംഗത്തിന് ഇരയാക്കിയാണ് ഷൊര്‍ണൂര്‍ മഞ്ഞക്കാട് മുല്ലയ്ക്കല്‍ വീട്ടില്‍ സൗമ്യയെ കൊലപ്പെടുത്തിയത്. 2011 ഫിബ്രവരി ഒന്നിനായിരുന്നു സംഭവം. സേലം, വിരുതാചലം, ഇരഞ്ചി സമത്വപുരം ഐവതക്കുടി സ്വദേശിയാണ് ഗോവിന്ദച്ചാമി. തമിഴ്‌നാട്ടില്‍ ഇയാള്‍ക്കെതിരെ എട്ട് കേസുകളുണ്ട്.

പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ 15 തെളിവുകളാണ് വിചാരണ കോടതിയില്‍ ഹാജരാക്കിയത്. പ്രധാനപ്പെട്ടവ ഇവയായിരുന്നു:  (1) കൃത്യം നടന്ന ദിവസം വൈകീട്ട് 5.30നും 8.30നും ഇടയില്‍ പ്രതി തീവണ്ടിയില്‍ ഉണ്ടായിരുന്നു. (2) ഇയാളുടെ ഷര്‍ട്ടിലെ ബട്ടണുകളും സൗമ്യയുടെ മുടിയിലെ ക്ലിപ്പുകളും തീവണ്ടിയില്‍ ലേഡീസ് കമ്പാര്‍ട്‌മെന്‍റില്‍നിന്ന് കിട്ടി. (3) പെണ്‍കുട്ടിയുടെ നിലവിളി ഈ ബോഗിയില്‍നിന്ന് കേട്ടതായി സാക്ഷിമൊഴിയുണ്ട്. (4) ഈ ബോഗിയിലേക്ക് ഗോവിന്ദച്ചാമി കയറുന്നതും പിന്നീട് സൗമ്യയുടെ ജഡം കണ്ട പാളത്തിനടുത്തുനിന്ന് ചെറുതുരുത്തി, കലാമണ്ഡലം ഭാഗത്തേക്ക് ഇയാള്‍ പോകുന്നതും കണ്ടതായി മൊഴികള്‍ ലഭിച്ചു. (5) സൗമ്യയുടെ ഫോണ്‍ പ്രതിയുടെ പക്കല്‍നിന്ന് കണ്ടെത്തി. (6) സൗമ്യയുടെ നഖത്തിനിടയില്‍നിന്ന് പ്രതിയുടെ തൊലി ലഭിച്ചിട്ടുണ്ട്. (7) ഗോവിന്ദച്ചാമിയുടെ ദേഹത്ത് നഖപ്പാടുകളുമുണ്ട്. (8) ഡി.എന്‍.എ. പരിശോധനയില്‍ ബീജം സംബന്ധിച്ച തെളിവുകളുമുണ്ട്.
(9) പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും കൊലപാതകത്തെക്കുറിച്ചുള്ള ശക്തമായ തെളിവുകളുണ്ട്. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് അതിവേഗ വിചാരണ കോടതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Soumya, Govind chami

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.