Latest News

ഗണേശ് വീണ്ടും വിവാഹത്തിന് ഒരുങ്ങുന്നു, വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു കാമുകി രംഗത്ത്‌

തിരുവനന്തപുരം: അടുത്തിടെ വിവാഹമോചനം നേടിയ മുന്‍മന്ത്രി കെ.ബി. ഗണേശ് കുമാര്‍ രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു. അതിനിടെ, തന്നെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു കാമുകി രംഗത്തെത്തി! വിവാഹത്തിന് ഒരുക്കമല്ലെങ്കില്‍ നഷ്ടപരിഹാരമായി നാല് കോടി രൂപ നല്‍കണമെന്നാണത്രേ കാമുകിയുടെ ആവശ്യം. വിവാഹത്തിനോ നഷ്ടപരിഹാരത്തിനോ സമ്മതമല്ലാത്ത പക്ഷം തന്റെ കുട്ടിയുടെ ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെടുമെന്ന് കാമുകി ഭീഷണിപ്പെടുത്തിയതായും അറിയുന്നു.

ഇക്കാര്യം ഗണേശും ബന്ധുക്കളും പരമരഹസ്യമായി വച്ചിരിക്കുകയാണ്. കാമുകി അവകാശവാദവുമായി രംഗത്തെത്തിയാല്‍ നിയമപരമായി നേരിടുന്നതിനെക്കുറിച്ച് നിയമകേന്ദ്രങ്ങളിലുള്ളവരുമായി അദ്ദേഹവും ബന്ധുക്കളും ആലോചന തുടങ്ങിയെന്നും കേള്‍ക്കുന്നു.

വിദേശത്ത് സ്ഥിരതാമസമാക്കിയ മലയാളി യുവതിയെ വിവാഹം കഴിക്കാനാണ് മുന്‍മന്ത്രി ഒരുങ്ങുന്നത്. യുവതിയുടേയും രണ്ടാം വിവാഹമാണ്. അവര്‍ക്ക് ഒരു കുട്ടിയുണ്ടെന്നാണ് അറിയുന്നത്. ഉയര്‍ന്ന സാന്പത്തിക ശേഷിയുള്ള യുവതിയുമായി വിവാഹത്തിന് തയ്യാറെടുപ്പുകള്‍ തുടങ്ങിയതിനിടെയാണ് കാമുകിയാണെന്ന അവകാശവാദവുമായി മറ്റൊരു യുവതി രംഗത്തെത്തിയത്. തന്നെ വിവാഹം ചെയ്യണമെന്നാണ് അവരുടെ ആവശ്യം.

ഇടനിലക്കാര്‍ വഴി ബന്ധപ്പെട്ടപ്പോഴാണ് അവര്‍ നാലു കോടി രൂപ നഷ്ടപരിഹാരം ചോദിച്ചതത്രേ. കുട്ടിയുടെ ഡി.എന്‍.എ പരിശോധന നടത്തുമെന്നു കൂടി ഭീഷണിയുയര്‍ന്നപ്പോഴാണ് ഗണേശിന്റെ ബന്ധുക്കള്‍ ചില അഭിഭാഷകരുമായി ഇതേക്കുറിച്ച് ചര്‍ച്ച നടത്തിയത്. നിയമപരമായി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അതിനെ നേരിടുന്നതിനു വേണ്ടിയാണിത്. കോടീശ്വരിയായ യുവതിയുമൊത്തുള്ള വിവാഹം തടസ്സപ്പെടുത്താന്‍ രംഗത്തെത്തിയ കാമുകിയുടെ പ്രശ്‌നങ്ങള്‍ രമ്യതയില്‍ പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയതായും അറിയുന്നു.

കുടുംബപ്രശ്‌നം വിവാദമായതിനെ തുടര്‍ന്നാണ് ഗണേശിന് മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നത്. ഒരു കാമുകിയുടെ ഭര്‍ത്താവ് മന്ത്രിമന്ദിരത്തിലെത്തി ഗണേശിനെ തല്ലിയെന്ന വാര്‍ത്ത വിവാദമായിരുന്നു. മന്ത്രിയുടെ പേരു വരാതെയാണ് വാര്‍ത്ത വന്നതെങ്കിലും പിന്നീട് അത് പരസ്യമായി. കുടുംബപ്രശ്‌നത്തെത്തുടര്‍ന്ന് ഡോ. യാമിനി തങ്കച്ചി മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും അത് സ്വീകരിക്കാത്തതുമൊക്കെ വിവാദമായതിനെ തുടര്‍ന്നാണ് ഗണേശിന് മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നത്.

പിന്നീട് ഉഭയകക്ഷി ധാരണ പ്രകാരം യാമിനി തങ്കച്ചിയും ഗണശ് കുമാറും വിവാഹബന്ധം വേര്‍പ്പെടുത്തുകയായിരുന്നു. പാര്‍ട്ടിയുമായും പിതാവ് ആര്‍. ബാലകൃഷ്ണപിള്ളയുമായും ഉടക്കിലായിരുന്ന ഗണേശ് പിന്നീട് രമ്യതയിലെത്തി. പാര്‍ട്ടിയുമായി ഒത്തുപോകാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഗണേശിന് മന്ത്രിസ്ഥാനം തിരികെ നല്‍കണമെന്ന് ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടുവരികയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇതുവരെ തീരുമാനമെടുത്തിട്ടിട്ടില്ല.

അതിനിടെ, ഗണേശ് ഈ മാസം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നുള്ള വാര്‍ത്ത കഴിഞ്ഞദിവസം പരന്നിരുന്നു. എന്നാല്‍, യു.ഡി.എഫ് നേതാക്കളോ മുഖ്യമന്ത്രിയോ ഇക്കാര്യം സ്ഥിരീകരിച്ചില്ല. അതിനിടെയാണ് ഗണേശുമായി ബന്ധപ്പെട്ട പുതിയ വിവാദം പുറത്തായിരിക്കുന്നത്. എന്നാല്‍, ഇക്കാര്യം ഗണേശുമായി അടുപ്പമുള്ളവര്‍ സമ്മതിക്കുന്നില്ല. എങ്കിലും ഗണേശിന്റെ പാര്‍ട്ടിയിലെ ഉന്നതകേന്ദ്രങ്ങളില്‍ ഇക്കാര്യം ചര്‍ച്ചയായിട്ടുണ്ടെന്നാണ് അറിയുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Ganesh Kumar, Marriage.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.