Latest News

സ്ത്രീയെ കബളിപ്പിച്ച് മന്ത്രവാദി പണവുംഭൂമിയും തട്ടിയതായി പരാതി

മംഗലാപുരം: കുടുംബത്തിന് അനര്‍ഥങ്ങള്‍ വരുമെന്നു ഭീഷണിപ്പെടുത്തി മന്ത്രവാദി മൂന്നുവര്‍ഷമായി സ്ത്രീയുടെ ലക്ഷക്കണക്കിന് രൂപയും ഇരുപത് സെന്റ് ഭൂമിയും തട്ടിയെടുത്തതായി പരാതി. ഉഡുപ്പി ഷിര്‍വ സ്വദേശി ലീലയാണ് പത്രസമ്മേളനത്തില്‍ ഈ പരാതി ഉന്നയിച്ചത്. ഷിര്‍വ പോലീസ് സ്റ്റേഷനില്‍ ഉഡുപ്പി സ്വദേശിക്കെതിരെ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

ലീല പറയുന്നതിങ്ങനെ: 2010ല്‍ ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍വെച്ചാണ് മന്ത്രവാദിയെ പരിചയപ്പെടുന്നത്. പരിചയപ്പെട്ട ഉടനെ കുടുംബത്തില്‍ ഒരു മരണം ഉടന്‍ നടക്കാനിടയുണ്ടെന്നു അയാള്‍ പറഞ്ഞു. ഭര്‍ത്താവ് സ്വീകാര്‍ ആയിടെ ബൈക്കപകടത്തില്‍പ്പെട്ട് പരിക്കേറ്റ് കിടക്കുകയായിരുന്നതിനാല്‍ താന്‍ ഭയന്നു. ഇതിന് പരിഹാരമുണ്ടെന്നും അതിനുവീട്ടില്‍ ചില കര്‍മങ്ങള്‍ നടത്തണമെന്നും പറഞ്ഞപ്പോള്‍ താന്‍ അയാളെ വീട്ടിലേക്കു ക്ഷണിച്ചു. ചില പൂജകള്‍ക്കായി 20,000 രൂപയും നല്കി.

അധികം വൈകാതെ ഭര്‍ത്താവ് മരിച്ചതോടെ തനിക്ക് അയാളിലുള്ള വിശ്വാസംകൂടി. ഇതു മുതലെടുത്ത് മന്ത്രവാദി പല തവണയായി പലകര്‍മങ്ങളുടെ പേരില്‍ ലക്ഷങ്ങള്‍ വാങ്ങിക്കൊണ്ടിരുന്നു. തന്റെ മക്കള്‍ക്ക് അപകടംവരാന്‍ പോകുന്നുവെന്നു പറഞ്ഞും കുറേ പണം തട്ടിയെടുത്തു.

ഒരു ദിവസം കല്‍ത്തൂര്‍ എന്ന സ്ഥലത്ത് 50 സെന്റ് സ്ഥലമുണ്ടെന്നും അത് വാങ്ങിയാല്‍ ഭാഗ്യംവരുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് 4.75 ലക്ഷം രൂപയുടെ ചെക്ക് ഒപ്പിട്ടുവാങ്ങി. മുഴുവന്‍ സ്ഥലവും തന്റെ പേരിലാക്കിയാല്‍ ആദായനികുതി വകുപ്പില്‍നിന്ന് പ്രശ്‌നമുണ്ടാകാനിടയുണ്ടെന്നും അതിനാല്‍ 20 സെന്റ് മന്ത്രവാദിയുടെ പേരിലാക്കാമെന്നും പറഞ്ഞ് മന്ത്രവാദി ആ സ്ഥലം തട്ടിയെടുത്തുവെന്നും ലീല പറയുന്നു.

ഷിര്‍വ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും രാഷ്ട്രീയസമ്മര്‍ദത്താല്‍ മന്ത്രവാദിക്കെതിരെ കേസെടുത്തിട്ടില്ലെന്നും ലീല പത്രസമ്മേളനത്തില്‍ ആരോപിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.