Latest News

സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന് പരാതി; കുനിയില്‍ കൊലക്കേസ് പ്രതികള്‍ക്കെതിരെ കേസ്‌

മഞ്ചേരി: കോടതിയില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കുനിയില്‍ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ടിപ്പര്‍ ലോറി അടിച്ചു തകര്‍ത്ത സംഭവത്തിലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

കുനിയില്‍ കൊളക്കാടന്‍ അബൂബക്കര്‍, ആസാദ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി കുറുവങ്ങാടന്‍ മുക്താര്‍, പത്താം പ്രതി സാനിഷ്, നിസാജ് എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്.
18ന് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിസരത്താണ് സംഭവം. കുനിയില്‍ കേസിന് തൊട്ടുമുമ്പ് നടന്ന അത്തീഖ് റഹ്മാന്‍ വധക്കേസിന്റെ തുടര്‍ച്ചയായി ഉണ്ടായ സംഘട്ടനത്തിലാണ് ലോറി തകര്‍ത്തത്. 2012 ഫിബ്രവരിയില്‍ മണലെടുക്കുവാന്‍ ട്രാക്കില്‍ നിര്‍ത്തിയ ലോറി അടിച്ച് തകര്‍ക്കുകയായിരുന്നുവെന്നാണ് കേസ്.
ഈ കേസിന്റെ വിചാരണ നടപടികള്‍ സി.ജെ.എം കോടതിയില്‍ പുരോഗമിക്കുകയാണ്. വിചാരണയില്‍ പങ്കെടുക്കാനെത്തിയ സാക്ഷികളായ അഷ്‌റഫ്, നജീബ്, അഹമ്മദ്, നവാസ്, ഫസലുള്ള എന്നിവരെയാണ് ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി. സാക്ഷി പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

 ഉച്ചയ്ക്ക് കോടതി പിരിഞ്ഞപ്പോഴാണ് സംഭവം. പിന്നീട് കോടതി കൂടിയപ്പോള്‍ സാക്ഷികള്‍ ഇക്കാര്യം മജിസ്‌ട്രേട്ടിനെ അറിയിച്ചു. തുടര്‍ന്ന് മജിസ്‌ട്രേട്ട് എം. ശശികുമാര്‍ പരാതി സ്വീകരിച്ച് അന്വേഷണം നടത്താന്‍ പോലീസിനോട് നിര്‍ദേശിക്കുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.