Latest News

മദ്യം വാങ്ങാന്‍ വന്ന വിദ്യാര്‍ഥികള്‍ പോലീസിനെ കണ്ട് ഭയന്നോടി, പോലീസ് പിന്‍തുടര്‍ന്ന്‌ വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞു

കോട്ടയം: മദ്യം വാങ്ങാന്‍ വന്ന വിദ്യാര്‍ഥികള്‍ പോലീസിനെ കണ്ട് ഭയന്നോടി.പിന്‍തുടര്‍ന്നെത്തിയ പോലീസ് ക്ലാസിലെത്തി വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞു. ക്ലാസ് കട്ടു ചെയ്ത് മദ്യം വാങ്ങാന്‍ വന്ന വിവരം അറിയിക്കുന്നതിന് ചൊവ്വാഴ്ച മാതാപിതാക്കളെ വിളിച്ചുവരുത്തുമെന്ന് വെസ്റ്റ് സിഐ എ.ജെ.തോമസ് പറഞ്ഞു. അതു പോലെ യൂണിഫോമില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്കരുതെന്നു കാണിച്ച് ബിവറേജസ് കോര്‍പറേഷന്‍ ഷോപ്പുകള്‍ക്ക് നോട്ടീസ് നല്കും.

വിദ്യാര്‍ഥികള്‍ യൂണിഫോമില്‍ എത്തിയാല്‍ അവര്‍ക്കും മദ്യം നല്കരുതെന്നാണ് പോലീസ് നിര്‍ദേശം. തിങ്കളാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് നഗരത്തിലെ സ്വകാര്യ ടെക്‌നിക്കല്‍ സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ മദ്യം വാങ്ങാന്‍ എത്തിയത്. ടിബി റോഡിലെ മദ്യശാലയ്ക്കു മുന്നില്‍ ക്യു നില്‍ക്കുന്നതുകണ്ട് സമീപത്തെ കടക്കാരന്‍ വിവരം സിഐയെ അറിയിച്ചു. സിഐ ഉടന്‍ സ്ഥലത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസിനെ അറിയിച്ചു. പോലീസ് എത്തിയപ്പോഴേക്കും സംഗതി പന്തികേടാകുമെന്നു കരുതി വിദ്യാര്‍ഥികള്‍ മദ്യം വാങ്ങാതെ ഓടി.

പിന്നാലെ പോലീസ് എത്തി അന്വേഷണം നടത്തിയെങ്കിലും തങ്ങളുടെ സ്ഥാപനത്തിലെ വിദ്യാര്‍ഥികളാരും പുറത്തു പോയിട്ടില്ല എന്നായിരുന്നു ടെക്‌നിക്കല്‍ സ്ഥാപനം നടത്തിപ്പുകാര്‍ പറഞ്ഞത്. എന്നാല്‍ രജിസ്റ്ററിലെ പടം കണ്ട് വിദ്യാര്‍ഥികളെ വനിതാ പോലീസ് തിരിച്ചറിഞ്ഞതോടെ കള്ളി വെളിച്ചത്തായി. മേലാല്‍ ഇതാവര്‍ത്തിക്കരുതെന്ന താക്കീതു നല്കിയാണ് പോലീസ് മടങ്ങിയത്. വിദ്യാര്‍ഥികളെ ലഹരിവിരുദ്ധരാക്കുന്നതിന്റെ ഭാഗമായി 'ഓപ്പറേഷന്‍ ഗുരുകുലം' പദ്ധതി നടപ്പിലാക്കി വരുന്നതായി സിഐ അറിയിച്ചു. നഗരത്തില്‍ കറങ്ങി നടന്ന ഏതാനും വിദ്യാര്‍ഥികളെ തിങ്കളാഴ്ചയും പോലീസ് പിടികൂടി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Student, Alcohol, Police

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.