Latest News

വാനോളം ഉയര്‍ന്ന് ബേക്കല്‍ ഗവ.ഫിഷറീസ് ഹയര്‍സെക്കന്ററി സ്‌കൂള്‍


ഉദുമ: പ്രതീകാത്മകമായി നടത്തിയ പി.എസ്.എല്‍.വി.സി-25ന്റെ വിക്ഷേപണവും, സുനിതാ വില്യംസുമായുള്ള കൂടിക്കാഴ്ചയും കടല്‍ത്തിരയില്‍ ഒലിച്ച് പോയില്ല.
മാത്രവുമല്ല ഇവയുടെ പിന്‍ബലത്തില്‍ ഒരു സാധാരണ സര്‍ക്കാര്‍ സ്‌കൂള്‍ ഐ.എസ്.ആര്‍.ഒയുടെ അംഗീകാരം നേടുകയും ചെയ്തു.

പരിമിതികള്‍ ഏറെ ഉണ്ടായിട്ടും അഹങ്കരിക്കാവുന്ന നേട്ടം കൊയ്ത സന്തോഷത്തിലാണ് ബേക്കല്‍ ഗവ.ഫിഷറീസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപകരും കുട്ടികളും.
ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും (ഐ.എസ്.ആര്‍.ഒ) വിക്രം സാരാഭായ് സ്‌പേസ് സെന്ററും (വി.എസ്.എസ്.സി) ചേര്‍ന്ന് സ്‌കൂള്‍ കുട്ടികള്‍ക്കായി ബഹിരാകാശ വാരാചരണം സംഘടിപ്പിക്കുന്നുണ്ട്. ഒക്‌ടോബര്‍ നാലു മുതല്‍ 10 വരെയാണ് വാരാചരണം. ഈ കാലയളവിലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് ഐ.എസ്.ആര്‍.ഒ മികച്ച സ്‌കൂളുകളെ തെരഞ്ഞെടുക്കുന്നത്. ജില്ലയില്‍ ഈ വര്‍ഷം ഒന്നാംസ്ഥാനം നേടിയത് ഈ സ്‌കൂളാണ്. ബേക്കല്‍ ഫിഷറീസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ മാതൃഭൂമി സീഡ് 
ക്ലബ്ബിന്റെ സക്രിയ സാന്നിധ്യമുണ്ട്.
'ചൊവ്വാ പര്യവേഷണത്തിലൂടെ ഭൂമിയെ അറിയുക' എന്നതായിരുന്നു ഈ വര്‍ഷം വാരാചരണത്തിന് നല്‍കിയ വിഷയം.
വിഷയം കിട്ടിയതോടെ അര പട്ടിണിക്കാരുടെ ഈ സ്‌കൂളുകളിലെ കുട്ടികളും അധ്യാപകരും ഒരേ മനസ്സോടെ രംഗത്തിറങ്ങി. തുടര്‍ന്നുള്ള നാളുകളില്‍ പ്രസംഗ മല്‍സരം, ഉപന്യാ രചന, പോസ്റ്റര്‍ രചന, പെയിന്റിംഗ്, ടെലസ്‌കോപ്പ് നിര്‍മ്മാണം, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, ഉര്‍ദ്ദു, കന്നട, മലയാളം, ഭാഷകളില്‍ സപ്ലിമെന്റുകളുടെ നിര്‍മ്മാണം, പ്രശ്‌നോത്തരി, മള്‍ട്ടിമീഡിയ പ്രസന്റേഷന്‍, 'ബഹിരാകാശം അരികെ' എന്ന പുസ്തകത്തിന്റെ നിര്‍മ്മാണം, സുനിതാ വില്യംസുമായുള്ള പ്രതീകാത്മക കൂടിക്കാഴ്ച, പ്രതീകാത്മ മംഗള്‍യാന്‍ വിക്ഷേപണം റോക്കറ്റിന്റെ മാതൃക നിര്‍മ്മാണം, ക്യൂരിയോസിറ്റിയുടെ മാതൃക, ചാന്ദ്രറാലി, ശാസ്ത്രപുസ്തകങ്ങളുടെയും ബഹിരാകാശ വാര്‍ത്തകളുടെയും പ്രദര്‍ശനം, സെമിനാര്‍, ഐസോണിനെക്കുറിച്ചുള്ള പ്രബന്ധാവതരണം തുടങ്ങിയ വേറിട്ട പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ അങ്കണത്തില്‍ അരങ്ങേറി. ദ മാര്‍സ് ഓര്‍ബിറ്റര്‍, ദ മാര്‍സ് മിഷന്‍, മിഷന്‍-13, ദ മാര്‍സ് എക്‌സ്പ്രസ് എന്നീ സപ്ലിമെന്റുകള്‍ അച്ചടിച്ച് വി.എസ്.എസ്.സിക്ക് അയച്ച് കൊടുക്കുകയും ചെയ്തു.
ഇവയെ വിലയിരുത്തിയ സംഘാടകര്‍ ബേക്കല്‍ സ്‌കൂളിന് ഒന്നാംസ്ഥാനം നല്‍കി. കഴിഞ്ഞ വര്‍ഷം അംഗടിമൊഗര്‍ സ്‌കൂളിനൊപ്പം ഇവര്‍ സമ്മാനം പങ്ക് വെച്ചിരുന്നു.
തുമ്പ വി.എസ്.എസ്.സിയില്‍ നടന്ന ചടങ്ങില്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ എന്‍.പി.പ്രേമരാജനും, സ്‌പേസ് ക്ലബ്ബ് കോര്‍ഡിനേറ്റര്‍ വി.ശ്രീകുമാറും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
ബഹിരാകാശ വാരാചരണവുമായി ബന്ധപ്പെട്ട് പരിപാടികള്‍ ഏകോപിപ്പിക്കുവാന്‍ സ്‌കൂളില്‍ വിക്രംസാരാഭായി സ്‌പേസ് ക്ലബ്ബുണ്ട്. പത്താംക്ലാസ്സിലെ വി.ശ്രീകുമാര്‍, കെ.ശ്രേയസ്സ്, ഡി.ശ്രുതി എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
പ്രധാനാധ്യാപകന്‍ പി.ടി.എ, മദര്‍ പിടിഎ സ്റ്റാഫ് സെക്രട്ടറി, എസ്.ആര്‍.ജി കണ്‍വീനര്‍, സയന്‍സ് അധ്യാപകര്‍ എന്നിവരടങ്ങുന്ന സംഘമാണ് വാരാചരണ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യം ചെയ്ത് കൊടുത്തത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ബേക്കല്‍ ഉപജില്ലാ ശാസ്ത്ര ക്ലബ്ബിനുള്ള പുരസ്‌കാരം ഈ സ്‌കൂളിന് ലഭിച്ചിരുന്നു. 

സംസ്ഥാനതല സയന്‍സ് ടാലന്റ് സര്‍ച്ച് പരീക്ഷയില്‍ ഈ സ്‌കൂളിലെ സി.നിഷിതയ്ക്ക് എ ഗ്രേഡ് ലഭിച്ചു.
പ്രധാനാധ്യാപകന്‍ എന്‍.പി.പ്രേമരാജന്‍, പിടിഎ പ്രസിഡന്റ് കുഞ്ഞിരാമന്‍, മദര്‍ പിടിഎ പ്രസിഡന്റ് സരസ്വതി പ്രമോദ്, സയന്‍സ് അധ്യാപകരായ പി.ഡി.ബിന്ദു, വി.ശ്രീകുമാര്‍, കെ.വി.ഷീബ, വി.പ്രമോദ് എന്നിവരുടെ നിര്‍ദ്ദേശങ്ങളാണ് ബേക്കല്‍ ഫിഷറീസ് സ്‌കൂളിലെ ഇളമുറക്കാര്‍ക്ക് ശാസ്ത്രനേട്ടം സമ്മാനിച്ചത്.
ബാബു പാണത്തൂര്‍

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.