കാസര്‍കോട്: അകാരണമായി സ്‌കൂളില്‍ നിന്ന് പുറത്താക്കിയ കുട്ടിയെ പരീക്ഷയ്ക്കിരുത്താന്‍ ഡിഡിഇ നേരിട്ടെത്തി. തിങ്കളാഴ്ച തളങ്കര മുസ്‌ലിം സ്‌കൂളിലായിരുന്നു സംഭവം. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഉമൈറിനെയാണ് ഒരു മാസം മുമ്പ് അകാരണമായി പുറത്താക്കിയിരുന്നു. തുടര്‍ന്ന് കുട്ടിയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മാതാവ് നിരന്തരം സ്‌കൂള്‍ അധികൃതരെ സമീപ്പിച്ചുവെങ്കിലും ധിക്കാരപരമായ നിലപാട് തുടര്‍ന്നു.
ഒടുവില്‍ ഡിഡിഇക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഗുരുതരമായ കുറ്റം ചെയ്ത അധ്യാപകനെ സസ്‌പെന്റ് ചെയ്തു. പിന്നീട് കുട്ടിക്ക് പരീക്ഷ എഴുതാനുള്ള അവസരവും നിഷേധിച്ചു. ഇതോടെയാണ് ഡിഡിഇ പ്രശ്‌നത്തില്‍ നേരിട്ട് ഇടപ്പെട്ടത്. ഡിഡിഇ നേരിട്ട് സ്‌കൂളിലെത്തി കുട്ടിക്ക് അഡ്മീഷന്‍ നല്‍കുകയും പരീക്ഷ എഴുതിക്കുക്കയും ചെയ്തു.
ആറുമുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും സാര്‍വ്വത്രികവുമായ വിദ്യാഭ്യാസം നല്‍കാന്‍ വിദ്യഭ്യാസ അവകാശ നിയമം അനുശാസിക്കുന്നു. കുട്ടികളെ ശാരീരികവും മാനസീകവുമായ പീഡനങ്ങള്‍ക്ക് ഇരയാക്കരുതെന്ന് ബാലവകാശ കമ്മിഷന്‍ നിര്‍ദ്ദേശിക്കുന്നു. ഈ നിയമങ്ങളെയെല്ലാം കാറ്റില്‍പറത്തി പരീക്ഷയ്ക്ക് ഏതാനും ദിവസം മുമ്പ് അകാരണമായി കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കുകയാണ് സ്‌കൂള്‍ അധികൃതര്‍ ചെയ്തത്.
സര്‍ക്കാറിന്റേയും ഡിപ്പാര്‍ട്ടുമെന്റിന്റേയും അനുമതി വാങ്ങാതെ സ്‌കൂള്‍ കെട്ടിടം പൊളിച്ച് വിലപിടിപ്പുള്ള മരം ഉരുപ്പടികള്‍ വിറ്റകേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നതിനിടയിലാണ് നിരപരാധിയായ കുട്ടിയെ അകാരണമായി പുറത്താക്കി വെട്ടിലായത്. സ്‌കൂള്‍ അധികൃതരുടെ നിലപാട് വന്‍ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.



No comments:
Post a Comment