Latest News

തെരഞ്ഞെടുപ്പ് വിജയാഹ്ലാദം അതിര് കവിയരുത്

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 16ന് നടക്കാനിരിക്കെ വിജയിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ അണികള്‍ അതിര് കവിഞ്ഞ വിജയാഹ്ലാദം നടത്തരുതെന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അദ്ധ്യക്ഷത വഹിച്ചു. 

വിജയാഹ്ലാദം നടത്തുമ്പോള്‍ സംയമനവും മിതത്വവും പാലിക്കണം. ആഹ്ലാദ പ്രകടനങ്ങള്‍ നടത്തുന്ന വിവരം പോലീസിനെ അറിയിക്കണമെന്ന് ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് പറഞ്ഞു. വോട്ടെണ്ണല്‍ കേന്ദ്രമായ കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് പരിസരത്ത് ജനക്കൂട്ടം അനുവദിക്കുകയില്ല. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 50 മീറ്റര്‍ പരിധിയില്‍ ആരെയും തങ്ങാന്‍ അനുവദിക്കുന്നതല്ല.

വോട്ടെണ്ണല്‍ നടപടി ക്രമങ്ങള്‍ ഏതാണ്ട് മൂന്നു മണിയോടെ അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈകീട്ട് 6.30 ന് ശേഷം ജില്ലയില്‍ എവിടെയും പ്രകടനങ്ങളോ, ജാഥകളോ നടത്താന്‍ പാടില്ല. പരമാവധി ഏതെങ്കിലും ഒരുസ്ഥലത്ത് കേന്ദ്രീകരിച്ച് ജാഥകളും പ്രകടനങ്ങളും നടത്തണം. ഒറ്റപ്പെട്ട പ്രകടനങ്ങള്‍ നടത്താന്‍ അനുവദിക്കുകയില്ല. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ പാടില്ല. പ്രകടനങ്ങളുടെയും ജാഥകളുടെയും വീഡിയോ എടുത്തു പരിശോധിക്കും. പ്രകടനങ്ങളും ജാഥകളും പോകുന്ന വഴി നേരത്തേ പോലിസിനെ അറിയിക്കണം.
വിജയാഹ്ലാദത്തിന്റെ ഭാഗമായി തുറന്ന ലോറിയില്‍ പ്രകടനം, ബൈക്ക് റാലികള്‍ എന്നിവ നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിച്ചാല്‍ വാഹനങ്ങളുടെ പെര്‍മിറ്റും, ഡ്രൈവറുടെ ലൈസന്‍സും പിടിച്ചെടുക്കും കൂടാതെ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്സെടുക്കും. ഒരേ റൂട്ടില്‍ വിവിധ പാര്‍ട്ടികളുടെ പ്രകടനങ്ങള്‍ അനുവദിക്കുകയില്ല. 

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ വിജയം, സംസ്ഥാനത്തിലെ വിജയം, കേന്ദ്രത്തിലെ വിജയം എന്നിവ ആഘോഷിക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആഹ്ലാദപ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ സാധ്യതയുളളതിനാല്‍ ഇത് സംബന്ധിച്ച് പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
സ്ഥിരമായി സംഘര്‍ഷം ഉണ്ടാവുന്ന പ്രദേശങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തുന്നതാണ്. ഇത്തരം പ്രദേശത്ത് ജാഥകളും പ്രകടനങ്ങളും നിരോധിക്കുന്നതാണ്. യോഗത്തില്‍ എം.എല്‍.എ മാരായ ഇ. ചന്ദ്രശേഖരന്‍, പി.ബി അബ്ദുള്‍ റസാഖ്, സബ് കളക്ടര്‍ ജീവന്‍ബാബു വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.