Latest News

ഡെങ്കിപ്പനിക്കും മലമ്പനിക്കും സാധ്യത പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും

കാസര്‍കോട്: മഴക്കാലത്ത് ജില്ലയില്‍ നാല് പകര്‍ച്ചവ്യാധികള്‍ വ്യാപകമാകാനിടയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. മഴക്കാല പൂര്‍വ്വ ശുചീകരണവും മാലിന്യ നിര്‍മ്മാര്‍ജ്ജനവും ശക്തമാക്കിയാല്‍ ഈ പകര്‍ച്ചവ്യാധികളെ തടയാനാകും. മലമ്പനി, ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി ജില്ലയില്‍ വ്യാപകമായിട്ടുളളത്. 

വിവിധ വകുപ്പുകളുടെ സംയോജിച്ചുളള പ്രവര്‍ത്തനം രോഗപ്രതിരോധത്തിന് അനിവാര്യമാണെന്ന് ജില്ലാതല ശില്പശാല വിലയിരുത്തി. മഴക്കാല പൂര്‍വ്വ ശുചീകരണവും മാലിന്യനിര്‍മ്മാര്‍ജനവും സംബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്പശാല കര്‍മപദ്ധതിക്ക് രൂപം നല്‍കി. ഈ മാസം 29 ന് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
കഴിഞ്ഞ വര്‍ഷം കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയില്‍ ഡെങ്കി, മലേറിയ, എലിപ്പനി, മഞ്ഞപ്പിത്തം എന്നീ നാലുരോഗങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ ഡെങ്കി , മലേറിയ, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളും നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ ഡെങ്കിപ്പനിയും മലേറിയയുമാണ് കാണപ്പെട്ടത്. 

വിവിധ ഗ്രാമപഞ്ചായത്തുകളില്‍ കാണപ്പെടുന്ന പകര്‍ച്ചവ്യാധികളുടെ സമഗ്ര വിവരം ശില്പശാലയില്‍ അവതരിപ്പിച്ചു. കെട്ടികിടക്കുന്ന വെളളത്തിലും പാഴ് വസ്തുക്കളിലും മുട്ടയിടുന്ന ഈഡിസ് ഇനത്തില്‍പ്പെട്ട കൊതുകുകളാണ് പകല്‍നേരത്ത് കടിച്ച് ഡെങ്കി പരത്തുന്നത്. റോഡിലും പറമ്പിലും പണിയെടുക്കുന്ന തൊഴിലാളികളേക്കാള്‍ അകത്തിരുന്ന് ജോലി ചെയ്യുന്നവരിലാണ് ഡെങ്കിപ്പനി കൂടുതലായി ബാധിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളില്‍പോയി മടങ്ങി വന്നവരിലൂടെയാണ് ജില്ലയില്‍ മലമ്പനി വ്യാപകമായത്. തെളിഞ്ഞ വെളളത്തിലാണ് രോഗം പകര്‍ത്തുന്ന കൊതുകുകള്‍ മുട്ടയിടുന്നത്. രാത്രികാലങ്ങളിലാണ് ഈ രോഗം പരത്തുന്ന കൊതുകുകള്‍ കടിക്കുന്നത്. കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്ന പ്രദേശങ്ങളിലും ചെറിയ കുളങ്ങളിലും കിണറുകളിലും, തുറന്ന ജലസംഭരണികളിലുമാണ് ഇവ മുട്ടയിട്ടുപെരുകുന്നത്. തൊഴിലാളികളെയാണ് മലമ്പനി കൂടുതലായി ബാധിക്കുന്നതായി കണ്ടെത്തിയത്.
അഴുക്ക് ജലത്തിലൂടെയാണ് എലിപ്പനി പകരുന്നത്. മണ്ണും ജലവും കലര്‍ന്ന സ്ഥലത്താണ് ഈ രോഗം കണ്ടെത്തിയത്. വ്യക്തിശുചിത്വവും, പരിസരശുചിത്വവും എലിപ്പനി തടയാന്‍് അനിവാര്യമാണ്. ജലജന്യരോഗമായ മഞ്ഞപ്പിത്തം കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 1200 ഓളം പേര്‍ക്ക് പിടിപെട്ടു. 

മലിനജലം കുടിക്കാനും ഭക്ഷണത്തിനും ഉപയോഗിക്കുന്നതിലൂടെ രോഗം വ്യാപിക്കുന്നത്. 10നും 25നും ഇടയിലുളള കുട്ടികളിലാണ് കൂടുതലായി കണ്ടെത്തിയത്. ഐസ്‌ക്രീം,ഐസ് ഉല്പന്നങ്ങള്‍ വഴിയോരങ്ങളില്‍ വില്‍ക്കുന്ന ശുചിത്വമില്ലാത്ത ഉപ്പിലിട്ട പഴവര്‍ഗ്ഗങ്ങള്‍ എന്നിവയും രോഗത്തിനിടയാക്കുമെന്നും ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ യോഗത്തില്‍ തീരുമാനമായി.
വിവിധ വകുപ്പുകളുടെ കൂട്ടായ്മയില്‍ കര്‍മപദ്ധതി നടപ്പാക്കും. കഴിഞ്ഞവര്‍ഷം 1500 പേരില്‍ ഡെങ്കിപ്പനിയും 20 പേരില്‍ എലിപ്പനിയും 1200 പേര്‍ക്ക് മഞ്ഞപ്പിത്തവും മുന്നൂറോളം പേര്‍ക്ക് മലമ്പനിയും പിടിപ്പെട്ടതായാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ജില്ലയില്‍ എത്തുന്ന ഇതരസംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ രോഗവാഹകരാകുന്ന പകര്‍ച്ചവ്യാധികള്‍ പകരാതിരിക്കാനും മുന്‍കരുതലെടുക്കും.
കഴിഞ്ഞവര്‍ഷം കാഞ്ഞങ്ങാട്, നീലേശ്വരം, കാസര്‍കോട് മുനിസിപ്പാലിറ്റികളിലും അജാനൂര്‍, ബേഡകം, ബെളളൂര്‍. ചെമ്മനാട്, ചെങ്കള, ചെറുവത്തൂര്‍ , ദേലംപാടി, കളളാര്‍ , കാറഡുക്ക, കിനാനൂര്‍-കരിന്തളം , കോടോം-ബേളൂര്‍, കുറ്റിക്കോല്‍, മധൂര്‍, മടിക്കൈ, മഞ്ചേശ്വരം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി , മൊഗ്രാല്‍ പൂത്തൂര്‍, മുളിയാര്‍, പളളിക്കര, പനത്തടി, പിലിക്കോട്, പൂല്ലൂര്‍-പെരിയ, ഉദുമ, വോര്‍ക്കാടി, തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലാണ് കഴിഞ്ഞവര്‍ഷം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്.
കുമ്പള, പളളിക്കര, പൈവളിക, മുളിയാര്‍, മൊഗ്രാല്‍ പുത്തൂര്‍, കുമ്പള, ചെമ്മനാട് , മഞ്ചേശ്വരം, മംഗല്‍പ്പാടി, മധൂര്‍, കുറ്റിക്കോല്‍, കുംബഡാജെ, ഉദുമ തുടങ്ങിയ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തബാധിതരെ കണ്ടെത്തിയത്.
പരിശീലന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. ഡി.എം.ഒ(ആരോഗ്യം) ഡോ. പി ഗോപിനാഥ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഇ മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഒ#ാമന രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം. മോഹനകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(അലോപ്പതി) ഡോ. പി ഗോപിനാഥന്‍ ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍(അലോപ്പതി) ഡോ. പി. മോഹനന്‍ എന്നിവര്‍ പകര്‍ച്ചവ്യാധികള്‍, പ്രതിരോധ നടപടികള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു. ജില്ലാ ശുചിത്വ മിഷന്‍ അസി. കോര്‍ഡിനേറ്റര്‍ ശ്രീ. ഇബ്രാഹിം ഷെരീഫ് നന്ദി രേഖപ്പെടുത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.