Latest News

ഭിക്ഷാടന മാഫിയ തട്ടിയെടുത്ത കുട്ടിയെ രക്ഷിച്ചു

തിരുവനന്തപുരം: ആന്ധ്രയില്‍ നിന്നുള്ള ഭിക്ഷാടക സംഘത്തില്‍ നിന്നു മൂന്നു ദിവസം മുന്‍പു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്നു മോചിപ്പിച്ച ബാലിക കൊല്ലം സ്വദേശികളായ ദമ്പതികളുടെ മകള്‍. ആറു മാസം മുന്‍പ്, ഉറങ്ങിക്കിടക്കവെ കുട്ടിയെ തട്ടിയെടുത്തു കടന്നുകളഞ്ഞ രാജനെയും ചെട്ടിയമ്മാളിനെയും ആന്ധ്രയില്‍ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യം വ്യക്തമായത്.

കൊല്ലം ചാത്തന്നൂര്‍ സ്വദേശി ശിവന്റെയും രാജേശ്വരിയുടെയും മകളായ വൈഗേശ്വരി(ശിവാനി-നാല്)യായിരുന്നു കുട്ടി. പൊലീസ് അറിയിച്ചതിനെത്തുടര്‍ന്നു ശിവന്‍ ചൈല്‍ഡ് ലൈനിലെത്തി ആനന്ദാശ്രുക്കളോടെ കുട്ടിയെ ഏറ്റുവാങ്ങി. കഴിഞ്ഞ വ്യാഴാഴ്ചയാണു തിരുവനന്തപുരം റയില്‍വേ സ്‌റ്റേഷനിലെ ചൈല്‍ഡ്‌ലൈന്‍ കൗണ്ടറിലെ പ്രവര്‍ത്തകര്‍ ഭിക്ഷാടക സംഘത്തില്‍ കുട്ടിയെ കണ്ടത്. മോചിപ്പിച്ചു സെന്ററിലെത്തിച്ചപ്പോഴേക്കും തന്റെ മകനാണെന്ന അവകാശവാദവുമായി ചെട്ടിയമ്മാള്‍ എത്തി. എന്നാല്‍, പെണ്‍കുട്ടിയെ ആണ്‍വേഷം കെട്ടിച്ചു ഭിക്ഷാടനം നടത്തുകയായിരുന്നുവെന്നു വ്യക്തമായി.

കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ചെട്ടിയമ്മാള്‍ മുങ്ങി. പിന്നീടു കുട്ടിയെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷിക്കുകയായിരുന്നു. ചെരുപ്പും കുടകളും നന്നാക്കി ജീവിച്ചിരുന്ന ശിവനും ഭാര്യയും മകളുമൊത്തു കഴിഞ്ഞ ജനുവരിയില്‍ തിരുവല്ല ബസ് സ്റ്റാന്‍ഡില്‍ രാത്രി കിടന്നുറങ്ങുമ്പോള്‍ കുട്ടിയെ കാണാതായിരുന്നു. ഇതുസംബന്ധിച്ചു തിരുവല്ല പൊലീസില്‍ ഇവരുടെ പരാതിയുണ്ട്.

ആന്ധ്ര സ്വദേശികളായ ദമ്പതികള്‍ അന്നു സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്നെന്ന് ഇവര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആന്ധ്രയിലേക്കും നീണ്ടു. അങ്ങനെയാണു ചെട്ടിയമ്മാളും ഭര്‍ത്താവും കുടുങ്ങിയത്. കുട്ടി തിരുവനന്തപുരത്തു ചൈല്‍ഡ്‌ലൈന്‍ സെന്ററിലാണെന്ന് ഇവര്‍ പൊലീസിനെ അറിയിച്ചു. കുട്ടിയുടെ ഫോട്ടോയും വിവരങ്ങളും ചൈല്‍ഡ് ലൈന്‍ ഓഫിസിലേക്ക് അയച്ചു കുട്ടി ശിവാനി തന്നെയാണെന്നു പൊലീസ് ഉറപ്പാക്കി.

തുടര്‍ന്നു ശിവനെയും വിവരമറിയിച്ചു. ചൈല്‍ഡ് ലൈനിലെത്തിയ ശിവനെ കണ്ടതോടെ കുട്ടി 'അപ്പാ എന്നു വിളിച്ച് ഓടിയെത്തി ആശ്ലേഷിച്ചു. സ്വന്തം വീടില്ലാത്തതിനാല്‍ കടത്തിണ്ണയിലും ബസ് സ്റ്റാന്‍ഡിലുമെല്ലാമാണു താനും കുടുംബവും അന്തിയുറങ്ങിയിരുന്നതെന്നും അങ്ങനെയാണു കുട്ടിയെ നഷ്ടപ്പെട്ടതെന്നും ശിവന്‍ കണ്ണീരോടെപറഞ്ഞു. തിരുവല്ല പൊലീസ് കുട്ടിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം രക്ഷിതാക്കള്‍ക്കൊപ്പം അയയ്ക്കുമെന്നു ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ ഫാ. പി.ഡി. തോമസ് പറഞ്ഞു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.