Latest News

ഇരട്ടക്കൊല: സ്വര്‍ണക്കടത്തുകാരുടെ നിര്‍ദേശമനുസരിച്ചെന്ന് സൂചന

കാസര്‍കോട്: കള്ളക്കടത്ത് സ്വര്‍ണം മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട് മംഗലാപുരത്ത് രണ്ടു മലയാളി യുവാക്കളെ കൊലപ്പെടുത്തിയത് സ്വര്‍ണക്കടത്തുകാരുടെ നിര്‍ദേശമനുസരിച്ചെന്ന് സൂചന. കൊലക്കേസില്‍ അറസ്റ്റിലായ കാസര്‍കോട് സ്വദേശികളുമായി സംഭവം നടക്കുന്നതിന് മുന്‍പ് പലതവണ സ്വര്‍ണക്കടത്ത് സംഘം സംസാരിച്ചതായി കര്‍ണാടക പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

2013 നവംബറില്‍ ദുബായില്‍നിന്ന് ബാംഗ്ലൂര്‍ വിമാനത്താവളം വഴി മൂന്ന് കിലോ സ്വര്‍ണം കടത്തിയശേഷം ഇടപാടുകാരന് നല്‍കാതെ മറിച്ചുവിറ്റതിനെത്തുടര്‍ന്നാണ് തലശേരി സെയ്താര്‍പള്ളി സ്വദേശി നാഫിര്‍ അഹമ്മദ് ജാന്‍, കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ടി.പി. ഫഹീം എന്നിവര്‍ കൊല്ലപ്പെടുന്നത്. സ്വര്‍ണം വിറ്റ് നല്‍കാനായി ഇവര്‍ക്കൊപ്പം കൂടിയ കാസര്‍കോട് ചെര്‍ക്കള സ്വദേശി മുനാഫത്ത് മുനാഫിര്‍ സനാഫ്, അണങ്കൂര്‍ സ്വദേശികളായ മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് സഫ്‌വാന്‍ എന്നിവര്‍ ചേര്‍ന്ന് സംഭവം പുറത്തറിയാതിരിക്കാന്‍ ഇരുവരെയും കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം.

കടത്തിയ സ്വര്‍ണത്തിന്റെ ഉടമസ്ഥര്‍ നാഫിറിനെ അപായപ്പെടുത്താന്‍ പിന്നാലെയുണ്ടെന്നു തിരിച്ചറിഞ്ഞതോടെ സംഭവത്തില്‍ തങ്ങളും പിടിക്കപ്പെടുമെന്നുറപ്പായതിനാല്‍ ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു എന്നാണു പ്രതികള്‍ പൊലീസിനു നല്‍കിയ മൊഴി. എന്നാല്‍, പ്രതികളുമായി സ്വര്‍ണക്കടത്തുകാരുടെ സംഘം നിരന്തരം ബന്ധപ്പെട്ടതായി തെളിവു ലഭിച്ചതോടെയാണ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായത്. സ്വര്‍ണം കടത്തിയശേഷം ഗോവയിലേക്ക് മുങ്ങിയ നാഫിര്‍ കള്ളക്കടത്ത് സംഘം അന്വേഷിച്ച് എത്താതിരിക്കാന്‍ സ്വന്തം മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കുകയായിരുന്നു.

നാഫിറിനെ അന്വേഷിച്ച് തലശേരിയിലെ വീട്ടിലും സുഹൃത്തുക്കളുടെ അടുത്തും എത്തിയ സ്വര്‍ണക്കടത്ത് സംഘത്തിനു വിവരങ്ങളൊന്നും ലഭിച്ചില്ല. ഒളിവില്‍ താമസിക്കുന്നതിനിടെ, പ്രതികളിലൊരാളായ സനാഫിന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് നാഫിര്‍ സുഹൃത്തുക്കളെയും വീട്ടുകാരെയും ബന്ധപ്പെട്ടതോടെയാണു സ്വര്‍ണക്കടത്ത് സംഘത്തിന് ഇയാളെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. സനാഫിന്റെ മൊബൈല്‍ ഫോണിലേക്കു വിളിച്ച കള്ളക്കടത്ത് സംഘം പിന്നീട് കാസര്‍കോട് എത്തി ഇവരെ നേരില്‍ കണ്ടെന്നാണു പൊലീസ് നല്‍കുന്ന സൂചന.

സ്വര്‍ണക്കടത്ത് സംഘം നല്‍കിയ ക്വട്ടേഷന്‍ അനുസരിച്ച് പ്രതികള്‍ കൃത്യം നടത്തുകയായിരുന്നുവെന്ന നിഗമനത്തിലാണു കര്‍ണാടക പൊലീസ്. സ്വര്‍ണം കടത്താന്‍ ഏല്‍പ്പിച്ചവരെക്കുറിച്ചുള്ള തെളിവുകള്‍ കര്‍ണാടക പൊലീസിനു ലഭിച്ചതു കേരള പൊലീസിനു കൈമാറിയിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടില്ല. 

സംഭവം നടന്നത് മംഗലാപുരം പാണ്ടേശ്വരം പൊലീസ് സ്‌റ്റേഷന്റെ പരിധിയിലായതിനാല്‍ കൊലപാതക അന്വേഷണച്ചുമതല കര്‍ണാടക പൊലീസിനാണ്. ആര്‍ക്കുവേണ്ടി സ്വര്‍ണം കടത്തിയെന്നതു തങ്ങളുടെ പരിധിയിലുള്ള വിഷയമല്ലാത്തതിനാല്‍ അന്വേഷിക്കേണ്ടത് കേരള പൊലീസാണെന്നാണു കര്‍ണാടക പൊലീസിന്റെ നിലപാട്. 

സ്വര്‍ണക്കടത്തുകാര്‍ക്ക് ഉന്നത രാഷ്ട്രീയ ബന്ധമുള്ളതിനാലാണു കേരള പൊലീസിന്റെ അന്വേഷണം വൈകുന്നതെന്നും ആരോപണമുയരുന്നുണ്ട്.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.