മംഗലാപുരം: നായയെ വിഷംകൊടുത്തു കൊന്നതിനുശേഷം വീട്ടുകാരെ കെട്ടിയിട്ട് അഞ്ചംഗസംഘം കവര്‍ച്ചനടത്തി. മൂന്നുമണിക്കൂറിലേറെ തിരഞ്ഞിട്ട് കിട്ടിയ ആയിരത്തോളം രൂപയും ഒരു സ്വര്‍ണമാലയുമായി കള്ളന്മാര്‍ രക്ഷപ്പെട്ടു. കവര്‍ച്ചാ ശ്രമത്തിനിടയില്‍ വീട്ടുകാരിക്ക് പരിക്കേറ്റു.
കിന്നിഗോളി ബട്ടക്കോടിയില്‍ റൊണാള്‍ഡ് ഡിസൂസയുടെ ഉടമസ്ഥതയിലുള്ള 'ലവ് പാരഡൈസ്' എന്ന വീട്ടിലാണ് കഴിഞ്ഞദിവസം രാത്രി ഒന്നരയോടെ കവര്‍ച്ച നടന്നത്. റൊണാള്‍ഡ് ഡിസൂസ വിദേശത്താണ് ജോലിചെയ്യുന്നത്. വീട്ടില്‍ മുത്തശ്ശിയായ സ്റ്റെഫാനിയ ഡിസൂസ (95) മാത്രമാണ് താമസം. രാത്രിയില്‍ അയല്‍വാസികളായ ജസീന്ത നൊരോണ, മകന്‍ ക്ലൗഡ് നൊരോണ എന്നിവരും കൂട്ടുകിടക്കാനെത്തും.
രാത്രി ഒന്നരയോടെ വീടിന്റെ പിന്‍വാതില്‍ പൂട്ടുതകര്‍ത്ത് അകത്തുകയറിയ അഞ്ചംഗസംഘം ആദ്യം വിഷമടങ്ങിയ ഭക്ഷണം നല്‍കി വളര്‍ത്തുനായയെ കൊന്നു. പിന്നീട് വീട്ടിനുള്ളിലെത്തി വീട്ടുകാരെ സാരിയുപയോഗിച്ച് കെട്ടിയിട്ടു. തുണിയുപയോഗിച്ച് വായയും കെട്ടി. അലമാരയും മറ്റ് പെട്ടികളുമെല്ലാം തിരഞ്ഞിട്ടും ഒന്നും കിട്ടിയില്ല. ഈ വീട്ടില്‍ നൂറുപവന്‍ സ്വര്‍ണാഭരണങ്ങളും 40 ലക്ഷം രൂപയും ഉള്ളതായി ഞങ്ങള്‍ക്ക് അറിയാമെന്നും അത് എവിടെയാണ് വെച്ചതെന്ന് പറയണമെന്നും കവര്‍ച്ചക്കാര്‍ സ്റ്റെഫാനിയയോട് ആവശ്യപ്പെട്ടു. അതിനായി അവരെ ഉപദ്രവിക്കുകയും ചെയ്തു.
വെളുപ്പിന് അഞ്ചുമണിവരെ തിരഞ്ഞിട്ടും ഒന്നും കിട്ടാതെവന്നപ്പോള്‍ സ്റ്റെഫാനിയയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാലയും കൈയ്യിലുണ്ടായിരുന്ന പേഴ്‌സിലെ 1,000 രൂപയും എടുത്ത് കവര്‍ച്ചക്കാര്‍ സ്ഥലംവിടുകയായിരുന്നു.
രണ്ടുപേര്‍ ഹിന്ദിയും രണ്ടുപേര്‍ തുളുവും ഒരാള്‍ കന്നടയുമാണ് സംസാരിച്ചിരുന്നതെന്ന് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു. വീട്ടില്‍ കയറുന്നതിനു മുമ്പുതന്നെ അവിടെയുണ്ടായിരുന്ന സി.സി.ടി.വി. ക്യാമറ തുണികൊണ്ട് മൂടിയിരുന്നു. മുല്‍ക്കി പോലീസ് കേസെടുത്തു. വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി.
Keywords: Manglore, Karnadaka News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment