കാസര്‍കോട്: മഴയും തണുപ്പും വരുമ്പോള്‍ മൂടിപ്പുതച്ചുറങ്ങാനാണ് നാമൊക്കെ ആഗ്രഹിക്കുന്നത്. എന്നാല്‍ ചെര്‍ക്കള ഇല്ലംപാറയിലെ മുഹമ്മദിന് (43) ഈ പുണ്യ മാസത്തിലും ഉറക്കമില്ലാത്ത രാത്രികളാണ്. സമയത്തും അസമയത്തും തന്റെ മൊബൈല്‍ ഫോണിലേക്ക് വരുന്ന കോളുകള്‍ എടുത്ത് കാതോര്‍ക്കും.
വാഹനാപകടങ്ങളില്‍ പെട്ടവര്‍, പുഴയിലോ കുളത്തിലോ മുങ്ങി മരിച്ചവര്‍, തീകൊളുത്തി ജീവനൊടുക്കിയവര്‍... അവരെ ആശുപത്രിയിലെത്തിക്കാന്‍ നാട്ടുകാര്‍ വിളിക്കുന്നത് മുഹമ്മദിനെയാണ്. നിമിഷങ്ങള്‍ക്കകം മുഹമ്മദ് തന്റെ സ്വന്തം ആംബുലന്‍സില്‍ എത്തും. രക്ഷാപ്രവര്‍ത്തനത്തിനിറങ്ങും. അപകടത്തില്‍പ്പെട്ടവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് ആംബുലന്‍സില്‍ കിടത്തി കുതിക്കും. ഇത് തുടങ്ങിയിട്ട് എട്ടുവര്‍ഷത്തിലധികമായെന്ന് മുഹമ്മദ് പറയുന്നു.
പൊലീസുകാര്‍ വിളിക്കുന്നതും മുഹമ്മദിനെയാണ്. പുഴയില്‍ കിടക്കുന്ന അജ്ഞാത മൃതദേഹങ്ങള്‍, വാഹനമിടിച്ച് റോഡില്‍ ചതഞ്ഞരഞ്ഞവര്‍ എന്തിനേറെ കിണറിലോ കുളത്തിലോ വീണു മരിച്ച് മൂന്നും നാലു ദിവസം കഴിഞ്ഞ് കണ്ടെത്തുന്ന അഴുകിയ മൃതദേഹം ആരും തൊടാന്‍ ധൈര്യപ്പെടാത്തവ മുഹമ്മദ് കൈകൊണ്ടെടുത്ത് ആംബുലന്‍സില്‍ കയറ്റും. ഇത്തരം സംഭവങ്ങള്‍ മുഹമ്മദിന്റെ നിഘണ്ടുവില്‍ ധാരാളമുണ്ട്.
തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ മൂന്ന് ദിവസം വരെ സൂക്ഷിക്കണമെന്ന് നിയമമുള്ളതിനാല്‍ പൊലീസുകാര്‍ ഏല്‍പ്പിക്കുന്നത് മുഹമ്മദിനേയാണ്. മുഹമ്മദ് അത് തന്റെ ഫ്രീസറില്‍ സൂക്ഷിക്കും. ജനറല്‍ ആശുപത്രിയിലെ ഫ്രീസര്‍ കേടാവുമ്പോഴൊക്കെ മുഹമ്മദിനെയാണ് ആശ്രയിക്കുന്നത്.
നുള്ളിപ്പാടി സ്വകാര്യാശുപത്രിക്ക് മുന്‍വശത്താണ് മുഹമ്മദ് ആംബുലന്‍സ് പാര്‍ക്ക് ചെയ്യുന്നത്. എട്ടര വര്‍ഷം മുമ്പ് സ്വന്തമായി ലോറി ഓടിച്ചുവരികയായിരുന്നു. പിന്നീട് അത് വിറ്റു ബൈക്ക് വാങ്ങി. ഒരു ദിവസം ബൈക്കില്‍ ചുറ്റിക്കറങ്ങുമ്പോള്‍ റോഡപകടത്തില്‍പെട്ട് ചോരയില്‍ കുളിച്ച് കിടക്കുന്ന യുവാവിനെ കണ്ട് ഉടന്‍ തന്നെ വാഹനം വിളിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവാവിന്റെ ജീവന്‍ രക്ഷിക്കാനായതിന് ശേഷം മനസ്സില്‍ സ്വന്തമായി ഒരു ആംബുലന്‍സ് എന്ന ആശയമുണ്ടായി.
ലോറി വിറ്റ് കിട്ടിയ കാശില്‍ കുറേ കടങ്ങള്‍ വീട്ടി പിന്നെ ചെറിയ ആംബുലന്‍സ് വാങ്ങി. തുടക്കമതായിരുന്നു. ഇപ്പോള്‍ ചെറുതും വലുതുമായി 5 ആംബുലന്‍സ് ഉണ്ടെങ്കിലും ബാങ്ക് ലോണ്‍ ഉണ്ടെന്ന് മുഹമ്മദ് പറഞ്ഞു.
ആംബുലന്‍സ് ഓട്ടാന്‍ സുഹൃത്തുക്കളെയാണ് ഏല്‍പ്പിച്ചത്. ജോലിയില്ലാതെ കഴിയുകയായിരുന്നു ഇവര്‍. നൗഫല്‍, രതീഷ്, യൂസുഫ്, വിനു എന്നിവരാണ് മുഹമ്മദിനൊപ്പമുള്ളത്. മുഹമ്മദിന് ചില പരാതികളുമുണ്ട്. പൊലീസുകാര്‍ വിളിച്ചാല്‍ ഓടിയെത്തുമെങ്കിലും മൃതദേഹം കൊണ്ടുപോകുന്നതിന്റേയും സൂക്ഷിക്കുന്നതിന്റേയും ചെലവ് ലഭിക്കുന്നില്ലെന്ന് മുഹമ്മദ് സങ്കടത്തോടെ പറയുന്നു. ഇത്തരത്തില്‍ നല്ലൊരു തുക ലഭിക്കാനുമുണ്ട്.
നിരവധി പാവപ്പെട്ട രോഗികള്‍ക്കും മരണപ്പെട്ട പല നിര്‍ധന കുടുംബങ്ങള്‍ക്കും മുഹമ്മദിന്റെ കാരുണ്യം കിട്ടിയിട്ടുണ്ട്. ഇവര്‍ക്കായി സൗജന്യമായാണ് സര്‍വ്വീസ് നടത്തുന്നത്. കടങ്ങളും ബാധ്യതകളും ഏറെയുണ്ടെങ്കിലും മുഹമ്മദ് ചിരിച്ചു കൊണ്ട് പറയുന്നു, പാവപ്പെട്ടരോഗികളെ മംഗലാപുരത്തോ പരിയാരത്തോ സൗജന്യമായി എത്തിക്കാമെന്ന്.
Keywords: kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment