Latest News

പര്‍ദ്ദ ഷോപ്പുടമയെ ആക്രമിച്ച സദാചാരഗുണ്ടാ സംഘത്തിലെ ഒരാള്‍ പിടിയില്‍

ചെറുവത്തൂര്‍: പര്‍ദ്ദ ഷോപ്പുടമയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സദാചാര ഗുണ്ടാസംഘത്തില്‍പ്പെട്ട ഒരാളെ പോലീസ് പിടികൂടി. ചെറുവത്തൂരിലെ മിസ്ബ പര്‍ദ്ദ സെന്റര്‍ ഉടമയും ചെറുവത്തൂര്‍ കാടംങ്കോട്ടെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ മേല്‍പ്പറമ്പിലെ ഷരീഫിനെ (42) മര്‍ദ്ദിച്ച കേസില്‍ പ്രതികളില്‍ ഒരാളായ കുഴിഞ്ഞടിയിലെ ഫാറൂഖിനെയാണ് (25) ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്.

സെപ്തംബര്‍ 24ന് രാത്രി 7.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഷരീഫിന്റെ അനുജന്‍ അബ്ദുറഹിമാന്‍ കാഞ്ഞങ്ങാട്ട് നടത്തുന്ന പര്‍ദ്ദ കടയില്‍ നിന്നും അവിടെ ജോലിചെയ്യുന്ന പയ്യങ്കിയിലെ യുവതിയുടെ കൈയില്‍ ചെറുവത്തൂരിലെ ഷോപ്പില്‍ ഏല്‍പ്പിക്കാന്‍ പുതിയ പര്‍ദ്ദ കൊടുത്തയച്ചിരുന്നു. ഈ പര്‍ദ്ദയുമായി യുവതി ചെറുവത്തൂരിലെ മിസ്ബ പര്‍ദ്ദ ഷോപ്പില്‍ എത്തുമ്പോള്‍ ഷരീഫ് കടയടച്ച് മഗ്‌രീബ് നിസ്‌ക്കാരത്തിനായി പള്ളിയില്‍ പോയിരുന്നു.
ഇതേ തുടര്‍ന്ന് യുവതി പര്‍ദ്ദയുമായി വീട്ടിലേക്ക് പോയി. പള്ളിയില്‍ നിന്നെത്തിയ ഷെരീഫ് യുവതിയുടെ വീട്ടിലെത്തി പര്‍ദ്ദ വാങ്ങി കടയിലേക്ക് വരുന്നതിനിടയില്‍ ചെറുവത്തൂര്‍ പയ്യങ്കിയില്‍ വച്ച് ഫാറൂഖിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞ് നിര്‍ത്തുകയും ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കുകയും ചെയ്തുവെന്നാണ് കേസ്. 

അക്രമത്തിന് ശേഷം സംഘം ഷെരീഫിനെ താമസസ്ഥത്ത് എത്തിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പണം തന്നില്ലെങ്കില്‍ ഷെരീഫിനേയും കുടുംബത്തേയും കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു. 

വീട്ടുകാരുടെ നിലവിളികേട്ട് പരിസരവാസികള്‍ എത്തിയതോടെ സംഘം ഓടിമറയുകയാണുണ്ടായത്. അറസ്റ്റിലായ ഫാറൂഖ് നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഫാറൂഖ് പിടിയിലായതോടെ കേസിലെ മറ്റു പ്രതികളെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. 
അക്രമകേസുകളിലെ വാറണ്ട് പ്രതി കൂടിയാണ് ഫാറൂഖ്. 


Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.