Latest News

റംഷീദിന്റെ മരണം: സുഹൃത്തുക്കളോടിച്ച കാറിടിച്ച് ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ തട്ടിയതിനെ തുടര്‍ന്ന്

കാഞ്ഞങ്ങാട് : മുക്കൂട് പാലത്തിനടുത്ത് മുസ്‌ലിം ലീഗ് ഓഫീസ് പരിസരത്ത് റോഡരികിലെ ഇലക്ട്രിക് തൂണില്‍ മോട്ടോര്‍ ബൈക്ക് ഇടിച്ച് റോഡില്‍ തെറിച്ച് വീണ് അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനടുത്ത് താമസിക്കുന്ന റംഷീദ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തും അയല്‍വാസിയുമായ അഫ്‌സലിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

ബുധനാഴ്ച അര്‍ദ്ധരാത്രിയിലായിരുന്ന റംഷീദ് വാഹനാപകടത്തില്‍ മരണപ്പെട്ടത്. മുക്കൂട്ടെ സുഹൃത്തിന്റെ വീട്ടില്‍ ചെന്ന് മോട്ടോര്‍ ബൈക്കെടുത്ത് തിരിച്ച് വരുന്നതിനിടയിലാണ് റംഷീദ് മരണപ്പെട്ടത്. രാത്രി റംഷീദും അഫ്‌സലും മറ്റൊരു സുഹൃത്ത് ചേറ്റുകുണ്ടിലെ ഖലീല്‍ എന്നിവരോടൊപ്പം മാരുതിക്കാറിലാണ് മുക്കൂട്ടേക്ക് ചെന്നത്.

തിരിച്ച് റംഷീദ് ബൈക്കോടിച്ച് വരികയും മറ്റു രണ്ടുപേര്‍ പിറകെ കാറില്‍ യാത്ര ചെയ്യുകയുമായിരുന്നു. രണ്ടുവാഹനങ്ങളും അമിത വേഗതയിലായിരുന്നുവത്രെ. ഇതിനിടയില്‍ മുന്നില്‍ ഓടിച്ച് പോകുകയായിരുന്ന റംഷീദ് ഓടിച്ച കെ എല്‍ 60 ജി 4650 മോട്ടോര്‍ ബൈക്കിന്റെ പിറക് വശത്ത് അഫ്‌സല്‍ ഓടിച്ച കെ എല്‍ 60 എഫ് 2204 നമ്പര്‍ മാരുതി 800 കാര്‍ ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട മോട്ടോര്‍ ബൈക്ക് റോഡരികിലെ ഇലക്ട്രിക് തൂണില്‍ ഇടിക്കുകയും റംഷീദ് റോഡിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ റംഷീദിന്റെ തലക്ക് കാര്യമായ ക്ഷതമേല്‍ക്കുകയും മുഖത്ത് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ബൈക്ക് തൂണിലിടിക്കുന്നതിനിടയില്‍ കാര്‍ നിയന്ത്രണം വിട്ട് തൊട്ടടുത്ത മതിലില്‍ ഇടിക്കുകയായിരുന്നു.

റോഡില്‍ ചോരയില്‍ കുളിച്ച് കിടന്ന റംഷീദിനെ ഉടന്‍ അതിഞ്ഞാലിലെ മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ച് വിശദമായ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കി. റംഷീദിന്റേത് അപകട മരണം എന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക വിവരം.

അഫ്‌സലിനെയും ഖലീലിനെയും ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി പി സുമേഷ്, പ്രിന്‍സിപ്പള്‍ എസ് ഐ കെ ബിജുലാല്‍ തുടങ്ങിയവര്‍ വിശദമായി ചോദ്യം ചെയ്തിരുന്നു. അപകടം വരുത്തിവെച്ച സംഭവത്തില്‍ അഫ്‌സലിനെ കേസില്‍ പ്രതിയാക്കുകയായിരുന്നു പോലീസ്.


പരിയാരത്തെ പോസ്റ്റുമോ ര്‍ട്ടത്തിന് ശേഷം ഉച്ചക്ക് മൂന്നുമണിയോടെ നാട്ടിലെത്തിച്ച റം ഷീദിന്റെ മൃതദേഹം അതിഞ്ഞാ ല്‍ തെക്കേപ്പുറം ജുമാമസ്ജിദ് പരിസരത്ത് മറവ് ചെയ്തു.










Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.