Latest News

ഭിക്ഷാടകസംഘം വിദ്യാര്‍ഥിനിയുടെ കാല്‍ തല്ലിയൊടിച്ചു

ആലുവ: ഭിക്ഷാടനത്തിലൂടെ പണം തട്ടാന്‍ ഭിക്ഷാടകസംഘം അഞ്ചാം ക്ളാസ് വിദ്യാര്‍ഥിനിയുടെ കാല്‍ തല്ലിയൊടിച്ചു. ഒടിഞ്ഞ കാലുമായി മലയാറ്റൂര്‍ കുരിശുമുടിയില്‍ ഭിക്ഷാടനത്തിനിരുന്ന കുട്ടിയെ ജനസേവ ശിശുഭവന്‍ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലത്തെിച്ചു.

വ്യാഴാഴ്ച മലയാറ്റൂരിലെ ഭിക്ഷാടകരില്‍നിന്ന് ജനസേവ രക്ഷപ്പെടുത്തിയ അഞ്ച് കുട്ടികളില്‍ ഒരാളായ ആന്ധ്ര തിരുപ്പതി സ്വദേശിനി ഇന്ദുവാണ് ആശുപത്രിയില്‍ കഴിയുന്നത്. രോഗിയായ മാതാവ് ഉമയോടൊപ്പം കാലില്‍ പ്ളാസ്റ്ററിട്ട നിലയിലാണ് കുട്ടി മലയാറ്റൂരില്‍ ഭിക്ഷ യാചിച്ചിരുന്നത്. 

ഇന്ദുവിന്‍െറ അച്ഛന്‍ രാംചന്ദ്ര വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചുപോയി. തിരുപ്പതി കേനാഥ് സ്കൂളിലെ വിദ്യാര്‍ഥിനിയായിരുന്ന ഇന്ദുവിന്‍െറ പഠനവും അതോടെ മുടങ്ങി. സ്വന്തമായി വീടോ ഒരുതുണ്ട് ഭൂമിയോ ഇല്ലാത്ത രോഗിയായ ഉമയും മക്കളും പിന്നീട് തെരുവുകളിലാണ് അന്തിയുറങ്ങിയിരുന്നത്. പിന്നീട് ഭിക്ഷാടകസംഘം ഉമയേയും മക്കളേയും കേരളത്തില്‍ പലയിടങ്ങളിലും ഭിക്ഷാടത്തിന് കൊണ്ടുനടക്കുകയായിരുന്നു.
മലയാറ്റൂര്‍ പള്ളിപ്പെരുന്നാളിനോടനുബന്ധിച്ചാണ് ഇവരെ കുരിശുമുടിയിലേക്ക് കൊണ്ടുവന്നത്. ഭിക്ഷാടകസംഘത്തിന്‍െറ ആജ്ഞയനുസരിച്ച് തീര്‍ഥാടന കേന്ദ്രങ്ങളിലും ആള്‍ത്തിരക്കുള്ള സ്ഥലങ്ങളിലും ഭിക്ഷയെടുപ്പിക്കുക എന്നതായിരുന്നു ഇവരുടെ ജോലി. ആളുകളുടെ ദയനീയത പിടിച്ചുപറ്റി പണം തട്ടാനാണ് ഇത്തരത്തില്‍ കുട്ടികളെ ഉപദ്രവിച്ച് ഭിക്ഷാടനത്തിന് ഇരുത്തുന്നതെന്ന് ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി പറഞ്ഞു. 

നൂറുകണക്കിന് കുട്ടികളെയാണ് ആഹാരംപോലും നല്‍കാതെ പീഡിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഭിക്ഷയെടുപ്പിച്ച് മാഫിയ പണം കൊയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ മൗലിക അവകാശങ്ങളായ ഭക്ഷണം, വിദ്യാഭ്യാസം, വസ്ത്രം, പാര്‍പ്പിടം എന്നിവ നിഷേധിക്കപ്പെട്ട് അവര്‍ക്കെതിരെ നടക്കുന്ന നിയമലംഘനങ്ങള്‍ അധികൃതര്‍ കണ്ടില്ളെന്ന് നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആലുവ അന്‍വര്‍ ആശുപത്രി ഡയറക്ടര്‍ ഡോ. സി.എം. ഹൈദരാലിയുടെ ചികിത്സയിലാണ് പെണ്‍കുട്ടി ഇപ്പോള്‍. ഒരാഴ്ചയോളം ആശുപത്രിയില്‍ ചികിത്സ തുടരേണ്ടിവരുമെന്ന് ഡോക്ടര്‍ അറിയിച്ചു. ആരോഗ്യസ്ഥിതി വീണ്ടെടുത്തശേഷം ജനസേവ സംരക്ഷണയിലൂടെ കുട്ടിയുടെ വിദ്യാഭ്യാസം തുടരും.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.