[www.malabarflash.com] ഇന്തോനേഷ്യയില്‍ ബാലിദ്വീപിലാണു ട്രൂന്യന്‍ ഗ്രാമം. പൊതുവെ കൂടുതല്‍ സഞ്ചാരികള്‍ ഒന്നും എത്തിപ്പെടാത്ത ഒരു ഗ്രാമമാണ് ട്രൂന്യന്‍. ബാലിയിലെ ഓരോ ഗ്രാമത്തിനും വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങളാണുള്ളത്. വ്യത്യസ്തങ്ങളായ ശവസംസ്‌കാര രീതിയുണ്ട്. ഈ ദ്വീപില്‍ മൃതദേഹം സംസ്‌കരിക്കുന്നതില്‍ ചില ചിട്ടകളുണ്ട് . സ്ത്രീകള്‍ പങ്കെടുക്കാന്‍ പാടില്ല, മൃതദേഹം മഴവെള്ളം കൊണ്ടു തന്നെ കുളിപ്പിക്കണം എന്നിങ്ങനെ നിരവധി. അഗ്‌നിപര്‍വതം ഇവരുടെ ജീവിതവുമായി വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്നു. അഗ്‌നിപര്‍വ്വതത്തിന്റെ കാരുണ്യം കൊണ്ടുമാത്രമാണ് ഇവര്‍ ഉറങ്ങുന്നതും ഉണരുന്നതും എന്നുമൊക്കെ. അവ എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാം. ഗ്രാമങ്ങള്‍ തന്നെ ഇല്ലാതാവാം. ശവസംസ്‌കാരച്ചടങ്ങുകളില്‍ സ്ത്രീകള്‍ പങ്കെടുത്താല്‍ പ്രകൃതിക്ഷോഭം ഉണ്ടാവുമെന്ന് ഇവര്‍ വിശ്വസിക്കുന്നു. അഗ്‌നിപര്‍വതം തീ തുപ്പാന്‍ തുടങ്ങും അങ്ങിനെ പലതും. വളരെയേറെ വിചിത്രമായ കലാ രൂപങ്ങളുമുണ്ട്. അതിലൊന്നാണ് നമ്മുടെ കുമ്മാട്ടി പോലെ തോന്നിക്കുന്ന ദേഹം മുഴുവനും വാഴയില വെച്ചുകെട്ടി മുഖത്ത് ഒരു തരം മുഖം മൂടിയും വെച്ച് കെട്ടി നടത്തുന്ന ഒരു നൃത്തരൂപം BERUTUK എന്ന പേരിലാണറിയപ്പെടുന്നത്. വൈവിധ്യങ്ങളായ ഗോത്രങ്ങളും അവര്‍ക്കൊക്കെ തന്നെ വ്യത്യസ്തമായ ആചാരങ്ങളുമുണ്ട്.
ഗ്രാമത്തിലെ വിചിത്രമായ ആചാരമാണ് വിവാഹിതര്‍ മരണപ്പെട്ടാല്‍ മൃതദേഹം ദഹിപ്പിക്കുകയോ സംസ്‌കരിക്കുകയോയില്ല എന്നത്. മൃതദേഹം മഴവെള്ളം കൊണ്ട് കഴുകി ശുദ്ധിയാക്കി തുണിയില്‍ പൊതിഞ്ഞ് ഒരു മുളം കൂടുണ്ടാക്കി തരുമെന്‍യാന്‍ എന്ന വൃക്ഷത്തിന്റെ ചുവട്ടില്‍ സ്വാഭാവികമായി അഴുകാന്‍ വിട്ടു കൊടുക്കും. പക്ഷിമൃഗാദികള്‍ വരുന്നത് ഒഴിവാക്കാനാണു ഇങ്ങിനെ മുളം കൂട്ടിനകത്തു വെക്കുന്നത്. ഒരേ സമയം പതിനൊന്നു മൃതശരീരങ്ങളാണ് ഈ ശ്മശാനത്തില്‍ സൂക്ഷിക്കുക. അതില്‍ കൂടുതല്‍ വരുന്നതിനനുസരിച്ചു ആദ്യത്തെ ശവശരീരമെടുത്തു തലയോട്ടിയും മറ്റു അവശിഷ്ടങ്ങളും മരത്തിനോടുതന്നെ ചേര്‍ന്നുനില്‍ക്കുന്ന കല്‍കെട്ടിന്റെ മുകളിലേക്ക് മാറ്റപ്പെടും. ഇങ്ങിനെയുള്ള ധാരാളം തലയോട്ടികളും മറ്റും അവിടെ നിരത്തി വെച്ചിരിക്കുന്നത് കാണാം. ഗ്രാമത്തില്‍ വേറെയും രണ്ടു ശ്മശാനങ്ങള്‍ കൂടിയുണ്ടെന്നും മറ്റുള്ളവരെ അവിടെയുമാണ് അടക്കം ചെയ്യുകയെന്നുമാണ് അറിയാന്‍ കഴിഞ്ഞത്.
തരുമെന്‍യാന്‍ എന്നാല്‍ സുഗന്ധം പൊഴിക്കുന്ന മരം എന്നാണര്‍ത്ഥം (തരു എന്നാല്‍ വൃക്ഷം എന്നാണല്ലോ) .തരുമെന്‍യാന്‍ എന്നതില്‍ നിന്നാണത്രെ പിന്നെ ട്രൂന്യന്‍ ആയി മാറിയത്. ഈ വൃക്ഷത്തില്‍ നിന്നും വമിക്കുന്ന സുഗന്ധമാണത്രെ മൃതദേഹങ്ങളുടെ ദുര്‍ഗന്ധം അകറ്റുന്നത്. ഏതാണ്ട് നമ്മുടെ ആല്‍മരത്തിനോട് സാമ്യം തോന്നും ഈ മരത്തിനും. ഈ ശ്മശാനത്തില്‍ എത്തിച്ചേരണമെങ്കില്‍ ബാതൂര്‍ തടാകതീരത്തു നിന്നും ചെറുവള്ളത്തിലോ അല്ലെങ്കില്‍ ബോട്ടിലോ കയറി വരണം.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment