Latest News

മോഷ്ടിച്ച വിഗ്രഹം വില്‍ക്കാനുള്ള ശ്രമത്തിനിടെ ഏഴംഗസംഘം പിടിയില്‍

കോഴിക്കോട്:[www.malabarflash.com] പഞ്ചലോഹ വിഗ്രഹമെന്ന പേരില്‍ ഒന്നരക്കോടി രൂപ വിലകാണിച്ച് ഓട് വിഗ്രഹം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ഏഴംഗ സംഘം പിടിയില്‍. വിഗ്രഹത്തിന് പുറമെ മോഷ്ടാക്കള്‍ സഞ്ചരിച്ച രണ്ട് കാറും പോലീസ് പിടിച്ചെടുത്തു. 

മലപ്പുറം കീഴാറ്റൂര്‍ മുതുകുറിശ്ശിക്കാവ് അയ്യപ്പക്ഷേത്രത്തില്‍നിന്ന് മോഷണംപോയ അയ്യപ്പ വിഗ്രഹമാണ് ടൗണ്‍ പൊലീസ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ റെയില്‍വേ കോളനി റോഡില്‍വെച്ച് പിടികൂടിയത്.

പാലക്കാട് സ്വദേശി ചക്കാലകുനിയില്‍ ഇരുമ്പന്‍ അസീസ് എന്ന അസീസ് (58), മലപ്പുറം സ്വദേശികളായ കാളികാവ് തെങ്ങിന്‍തൊടുക വീട്ടില്‍ ഹൈദരലിഖാന്‍ (37), വണ്ടൂര്‍ മൗണ്ട്കാര്‍മല്‍ ഹൗസില്‍ ചാക്കോ വര്‍ഗീസ് (60), കാളികാവ് പൂളക്കല്‍ ഹൗസില്‍ പി. അജീഷ് (37), കോഴിക്കോട് സ്വദേശികളായ പൂവാട്ടുപറമ്പ് കരിമഠത്ത് ഹൗസില്‍ കെ. ഉമ്മര്‍കോയ (47), പെരുമണ്ണ ശിവദം ഹൗസില്‍ എ.എം. സതീശന്‍ (50), വെള്ളിപറമ്പ് പുത്തലത്ത്ചാലില്‍ പി.സി. ഗിരീഷ് (49) എന്നിവരെയാണ് ശനിയാഴ്ച വൈകീട്ട് പിടികൂടിയത്.

മൂന്നുവര്‍ഷം മുമ്പാണ് കീഴാറ്റൂര്‍ മുതുകുറിശ്ശിക്കാവ് അയ്യപ്പക്ഷേത്രത്തില്‍നിന്ന് വിഗ്രഹം മോഷണം പോയത്. കേസിലെ ഒന്നാം പ്രതിയും കൊലക്കേസ് പ്രതിയുമായ ഇരുമ്പന്‍ അസീസും സംഘവും ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ പൂട്ടുപൊളിച്ച് വിഗ്രഹം മോഷ്ടിക്കുകയായിരുന്നു. സാധാരണ ഓട് വിഗ്രഹമായിട്ടും പഞ്ചലോഹമാണെന്നും വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെന്നും പ്രചരിപ്പിച്ച് കോടികള്‍ വില ലഭിക്കാനായി സൂക്ഷിക്കുകയായിരുന്നു.

മോഷണസംഘത്തിലെ ഓരോരുത്തരും മൂന്നുവര്‍ഷത്തോളം സ്വന്തം വീടുകളിലാണ് വിഗ്രഹം സൂക്ഷിച്ചത്. വിലയില്‍ തീരുമാനമാകാത്തതിനാലായിരുന്നു സംഘം ഇത്രയുംവര്‍ഷം കാത്തിരുന്നത്. വിഗ്രഹത്തിന്റെ 50 ശതമാനത്തിലധികം സ്വര്‍ണമുള്ള പഞ്ചലോഹമാണെന്നും 100 വര്‍ഷത്തോളം പഴക്കമുണ്ടെന്നും പ്രചരിപ്പിച്ചാല്‍ ഇരട്ടിയിലധികം വില ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സംഘം. ഇതിനുവേണ്ടി വര്‍ഷങ്ങളോളം കാത്തിരുന്ന് ആവശ്യക്കാരെ കണ്ടത്തെിയ സംഘമാണ് ടൗണ്‍ പൊലീസ് സ്‌ക്വാഡിന്റെ തന്ത്രപരമായ ഇടപെടലില്‍ കുടുങ്ങിയത്.

വിഗ്രഹ വില്‍പനക്കായി രണ്ട് കാറുകളിലത്തെിയ സംഘത്തെയാണ് നോര്‍ത് എ.സി.പി ഇ.പി. പൃഥ്വിരാജും സൗത് എ.സി.പി കെ.പി. അബ്ദുല്‍ റസാഖുമടങ്ങുന്ന അന്വേഷണസംഘം പിടികൂടിയത്. പിടിയിലായവരില്‍ ഒന്നാം പ്രതിയായ ഇരുമ്പന്‍ അസീസ് 25 വര്‍ഷം മുമ്പ് സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ മണ്ണാര്‍ക്കാട് സ്‌റ്റേഷനിലും മലപ്പുറം, വണ്ടൂര്‍, നിലമ്പൂര്‍, ശ്രീകൃഷ്ണപുരം എന്നീ സ്‌റ്റേഷനുകളില്‍ മോഷണ കേസുകളിലും പ്രതിയാണ്.

അജീഷിന് തൃശൂരില്‍ മണിചെയിന്‍ തട്ടിപ്പ് കേസും ഉമ്മര്‍കോയക്ക് നടക്കാവ് സ്‌റ്റേഷനില്‍ മറ്റൊരു കേസുമുണ്ട്. ടൗണ്‍ സി.ഐ പി.എം. മനോജും സിറ്റി െ്രെകം സ്‌ക്വാഡിലെ എസ്.ഐ കെ.പി. സെയ്തലവി, എ.എസ്.ഐ ഷിനോബ്, സി.പി.ഒമാരായ കെ.ആര്‍. രാജേഷ്, കെ.പി. ഷജൂല്‍, രജിത്ത് ചന്ദ്രന്‍, ടൗണ്‍ സി.ഐ ഓഫിസിലെ എസ്.ഐമാരായ ടി.എം. ശിവദാസന്‍, ടി.പി. സുധന്‍ എന്നിവര്‍ ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.