Latest News

അമ്മയുടെ മരണത്തിന്റെ ഉത്തരവാദികളെ കണ്ടെത്താന്‍ അഞ്ച് വയസ്സുകാരി പോലീസുകാര്‍ക്ക് കൈക്കൂലി നല്‍കി

മീററ്റ്: അമ്മയുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ അഞ്ച് വയസ്സുകാരി പോലീസിന് കൈക്കൂലി നല്‍കി. ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലെ മാന്‍വി എന്ന പെണ്‍കുട്ടിയാണ് പോലീസിന് കൈക്കൂലി നല്‍കിയത്. [www.malabarflash.com]

മുത്തശ്ശനോടൊപ്പം കേസിന്റെ സ്ഥിതിഗതികളറിയാന്‍ ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ ഓഫീസിലെത്തിയ പെണ്‍കുട്ടി പോലീസിന് കൈക്കൂലി നല്‍കുകയായിരുന്നു. കൈക്കൂലി നല്‍കിയാലെ കേസ് അന്വേഷിക്കുവെന്ന് കേട്ടതിനെ തുടര്‍ന്നാണ് താന്‍ കൈക്കൂലി നല്‍കിയതെന്ന് മാന്‍വി പറഞ്ഞു.

കൈക്കൂലിയുമായി സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ ആശ്വസിപ്പിക്കുകയും അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കാമെന്നും പോലീസ് ഉറപ്പുനല്‍കി.

മാന്‍വിയുടെ മാതാവ് സീമ കൗഷിക് എപ്രിലില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഭര്‍ത്താവും അദ്ദേഹത്തിന്റെ കുടുംബവും സ്ത്രീധനവുമായി ബന്ധപ്പെട്ട് നിരന്തരമായി പീഡിപ്പിച്ചിരുന്നു. ഇതാണ് സീമയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് സീമയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. സീമയും ഭര്‍ത്താവും നാലുവര്‍ഷമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.

സംഭവത്തെതുടര്‍ന്ന് സീമയുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അനുകൂലമായ ചാര്‍ജ് ഷീറ്റ് എഴുതണമെങ്കില്‍ കൈക്കൂലി നല്‍കണമെന്ന് പോലീസ് പറഞ്ഞതായി സീമയുടെ കുടുംബം ആരോപിച്ചു. കേസ്സുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ജയിലിലാണെന്നും മറ്റുള്ളവരെപ്പറ്റി യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും പോലീസ് പ്രതികരിച്ചിരുന്നു.



Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.