Latest News

വയനാട് അനിത വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ

കല്‍പറ്റ: വയനാട്ടില്‍ പാരലല്‍ കോളജ് വിദ്യാര്‍ഥിനിയായ അനിതയെ (20) കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ. ഒന്നാം പ്രതി പടിഞ്ഞാറത്തറ പേരാല്‍ കളത്തില്‍ നാസര്‍, രണ്ടാം പ്രതി തെങ്ങുംമുണ്ട എരട്ടഗഫൂര്‍ എന്നിവര്‍ക്കാണ് കല്‍പറ്റയിലെ ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. അബലയായ ഒരു സ്ത്രീയെ ഏറ്റവും ദുര്‍ബലമായി കൊലപ്പെടുത്തിയ പ്രതികള്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നുണ്‌ടെന്ന് വ്യക്തമാക്കിയാണ് കോടതി വധശിക്ഷ വിധിച്ചത്.

പ്രതികള്‍ സമൂഹത്തിന് ഭീഷണിയാണെന്നും കരുതിക്കൂട്ടിയുള്ള കൊലപാതകമായിരുന്നു ഇതെന്നും കോടതി വിലയിരുത്തി. വധശിക്ഷയ്ക്ക് പുറമേ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് തടവും വിധിച്ചിട്ടുണ്ട്. 2011 ആഗസ്റ്റ് എട്ടിന് മാനന്തവാടിയിലെ കോളജിലേക്ക് പോയ അനിത പിന്നീട് മടങ്ങിയെത്തിയിരുന്നില്ല. 21 ന് അനിതയുടെ മൃതദേഹം അപ്പപ്പാറ വനത്തില്‍ കണ്‌ടെത്തുകയായിരുന്നു. ഭാര്യയും മൂന്ന് മക്കളുമുള്ള നാസര്‍ അനിതയെ അനിതയെ പ്രണയം നടിച്ച് വശത്താക്കി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ കവരുകയും ഗഫൂറുമായി ചേര്‍ന്ന് ബാഗും വസ്ത്രങ്ങളും ചെളിയില്‍ ചവിട്ടിത്താഴ്ത്തുകയുമായിരുന്നു.

തിരുനെല്ലിയിലേക്കെന്നു പറഞ്ഞാണ് നാസര്‍ അനിതയെ കൂട്ടിക്കൊണ്ടുപോയത്. പടിഞ്ഞാറത്തറ പതിമൂന്നാം മൈല്‍ അനിത നിവാസില്‍ വിശ്വനാഥന്‍ നായരുടെയും സുലോചനയുടെയും മകളാണ് അനിത. ഇരുപതാം പിറന്നാളിന് ശേഷം നാലു ദിവസം കഴിഞ്ഞപ്പോഴായിരുന്നു അനിത കൊല്ലപ്പെട്ടത്. മൊബൈല്‍ ഫോണ്‍ വഴിയാണ് നാസര്‍ അനിതയെ വശത്താക്കിയത്. അനിതയുടെ വീടിന് സമീപം ദുര്‍മന്ത്രവാദിയായി ജീവിച്ച നാസര്‍ പ്രണയം തീവ്രമായപ്പോള്‍ അനിതയെ ഒഴിവാക്കാന്‍ വേണ്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.