Latest News

എം.എം.മണിയുടെ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: മണക്കാട് പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ തനിക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന എം.എം.മണിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. സര്‍ക്കാരിന് കേസുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി. എഫ്.ഐ.ആര്‍ റദ്ദാക്കാനുള്ള മണിയുടെ ആവശ്യം നേരത്തെ ഹൈക്കോടതിയും നിരാകരിച്ചിരുന്നു.
മണി പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവത്തോടെ പരിഗണിക്കേണ്ടതാണെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മണിയുടെ ആവശ്യം അംഗീകരിച്ചാല്‍ നിലവില്‍ അന്വേഷണം നടക്കുന്ന അഞ്ചേരി ബേബി വധം ഉള്‍പ്പെടെയുള്ള കേസുകളെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് പി.സദാശിവം അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അന്വേഷണം പൂര്‍ത്തിയായ കേസില്‍ പുനരന്വേഷണത്തിന് നിയമം അനുവദിക്കുന്നില്ലെന്നും കേസ് രാഷ്ട്രീയപ്രേരിതമാണെന്നുമായിരുന്നു മണിയുടെ പ്രധാന വാദം. സര്‍ക്കാര്‍ രാഷ്ട്രീയവിരോധത്തില്‍ സര്‍ക്കാര്‍ സംവിധാനം തനിക്കെതിരെ ദുരുപയോഗം ചെയ്യുകയാണെന്നും മണി വാദിച്ചിരുന്നു.
കൊലപാതക വിവരം മുന്‍കൂട്ടി അറിഞ്ഞിട്ടും മറച്ചുവെയ്ക്കല്‍, കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കുക, സമൂഹത്തിന് ഭീഷണി സൃഷ്ടിക്കുക, തുടങ്ങിയ വകുപ്പുകളനുസരിച്ചും പോലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിന് പോലീസ് ആക്ട് പ്രകാരവുമാണ് മണിക്കെതിരെ കേസെടുത്തിരിക്കുന്നത്. അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായിരുന്ന മണി ഇപ്പോള്‍ ജാമ്യത്തിലാണ്. രാഷ്ട്രീയ പ്രതിയോഗികളെ പട്ടിക തയാറാക്കി വകവരുത്തിയിട്ടുണ്ടെന്ന മണിയുടെ വെളിപ്പെടുത്തലാണ് കേസിന് ആധാരമായത്. തൊടുപുഴയില്‍ മണക്കാട് സി.പി.എമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പ്രസംഗത്തിനിടെയായിരുന്നു മണിയുടെ പരാമര്‍ശം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.