Latest News

കോഴിക്കോട് ഏഴംഗ വാഹന മോഷണസംഘം പിടിയില്‍

കോഴിക്കോട്: വിവിധ ജില്ലകളിലായി നിരവധി വാഹനമോഷണങ്ങളും പിടിച്ചുപറിയും നടത്തിവന്നിരുന്ന സംഘത്തിലെ ഏഴുപേര്‍ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡിന്റെ വലയിലായി. ഇവരുടെ പക്കല്‍നിന്ന് 15 ബൈക്കുകളും ഒരു ഓട്ടോറിക്ഷയും നിരവധി മൊബൈല്‍ ഫോണുകളും പിടികൂടി.

ടൗണ്‍ പോലിസ് സ്‌റ്റേഷനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിറ്റി പോലിസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറാണ് സംഘത്തെ പിടികൂടിയ കാര്യം അറിയിച്ചത്.

സിറ്റി പോലിസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം സൗത്ത് അസി. കമ്മീഷണര്‍ കെ ആര്‍ പ്രേമചന്ദ്രന്റെ കീഴിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും നല്ലളം സി.ഐ. കെ കെ ബിജു, ടൗണ്‍ സി.ഐ. ടി കെ അഷ്‌റഫ് എന്നിവരും ചേര്‍ന്നാണു പ്രതികളെ പിടികൂടിയത്. രാമനാട്ടുകര കെ.വി.ആര്‍. മോട്ടോഴ്‌സിന്റെ യാര്‍ഡില്‍നിന്നു കാവല്‍ക്കാരനെ കെട്ടിയിട്ട് മോഷണത്തിനു ശ്രമിച്ചതും കല്ലായ് ബൈക്ക് ഷോറൂമിന്റെ ചില്ല് പൊളിച്ച് മോഷണം നടത്തിയതും ഇവരാണ്. പ്രതികളെല്ലാംതന്നെ 19നും 21നും ഇടയില്‍ പ്രായമുള്ളവരാണ്. ഈ സംഘത്തില്‍പ്പെട്ട രണ്ടുപേര്‍ കൂടി പിടിയിലാവാനുണ്ട്. ചിന്നന്‍ നായര്‍ റോഡിലുള്ള അഖില്‍ ദാസ്(20), ജയില്‍ റോഡിലുള്ള മുഹമ്മദ് അനസ്(19), പോനൂര്‍ പള്ളിക്കടുത്തുള്ള നന്ദു(19), കൊലപരത്തി പാടത്തുള്ള റജീഷ്(21), മലപ്പുറം കല്ലറക്കുന്നിലുള്ള ഇസ്ഹാക്ക്(20), ഉമ്മളത്തൂര്‍താഴത്തുള്ള രോഹിത്(20), പുവങ്ങലുള്ള രാഗേഷ്(20) എന്നിവരാണു പിടിയിലായത്.

മോഷണമുതലുപയോഗിച്ച് ആഡംബരജീവിതം നയിച്ചുവന്നിരുന്ന പ്രതികളില്‍ പലര്‍ക്കും ഒന്നില്‍ കൂടുതല്‍ പ്രണയങ്ങളും ഉണ്ടായിരുന്നു. പോലിസിന് പിടികൊടുക്കാതെ തന്ത്രപൂര്‍വം നീങ്ങിയിരുന്ന പ്രതികളെ വെള്ളിയാഴ്ച രാത്രി 10.30 മണിയോടെ ഗോതീശ്വരം ബീച്ച് റോഡില്‍ വച്ചാണ് പിടികൂടിയത്.

മോഷണത്തിനാവശ്യമായ ഉപകരണങ്ങളുമായി കളവുചെയ്ത ഓട്ടോറിക്ഷയില്‍ പുതിയ മോഷണത്തിനായി സഞ്ചരിക്കുമ്പോഴാണ് ഇവര്‍ വലയിലായത്. ഏകദേശം രണ്ടാഴ്ചയായി പ്രതികള്‍ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.

പാലക്കാട്, തിരൂര്‍ എന്നിവിടങ്ങളില്‍നിന്നും മുമ്പ് പോലിസിനെ വെട്ടിച്ച് ഇവര്‍ രക്ഷപ്പെട്ടിരുന്നു. പോലിസിന്റെ ശ്രദ്ധ പതിയാതിരിക്കാന്‍വേണ്ടി പകല്‍സമയങ്ങളില്‍ ആളൊഴിഞ്ഞ ആനക്കാംപൊയില്‍, കോടഞ്ചേരി എന്നീ സ്ഥലങ്ങളില്‍ പോയി ഭക്ഷണം പാകംചെയ്ത് അവിടെ കിടന്നുറങ്ങി രാത്രിയില്‍ മോഷണത്തിനു പോവുകയാണു പതിവ്.

മോഷ്ടിക്കുന്ന ബൈക്കുകളുടെ നമ്പറും പെയിന്റും മാറ്റി വില്‍ക്കുകയായിരുന്നു സംഘത്തിന്റെ പതിവ്. മോഷ്ടിക്കുന്ന മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചാണ് ഇവര്‍ പരസ്പരം ബന്ധപ്പെട്ടിരുന്നത്.

രാത്രികാലങ്ങളില്‍ ബൈക്കുകളില്‍ സഞ്ചരിച്ച് ഹൈവേ ഓരങ്ങളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ബൈക്കുകളുടെ ലോക്ക് പൊട്ടിച്ച് മോഷണം നടത്തുന്നതും തനിച്ച് നടന്നുപോവുന്നവരെ ഭീഷണിപ്പെടുത്തി പണം തട്ടിപ്പറിക്കുന്നതും നിര്‍ത്തിയിട്ടിരിക്കുന്ന ലോറികളില്‍ കയറി മൊബൈല്‍ ഫോണും പണവും മോഷ്ടിക്കുന്നതും ഇവരുടെ പതിവു ശൈലിയാണ്. സിറ്റിയിലെ വിവിധ കടകളില്‍ മോഷണം നടത്തിയതും പുതിയറ, പള്ളിക്കണ്ടി എന്നിവിടങ്ങളില്‍നിന്ന് ആടുകളെയും മൂരിക്കുട്ടികളെയും മോഷ്ടിച്ച് ചേളാരി ചന്തയില്‍ വില്‍പ്പന നടത്തിവന്നതും ഇവരാണെന്ന് പോലിസ് പറഞ്ഞു.

അന്വേഷണസംഘത്തില്‍ സി.ഐമാരെ കൂടാതെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഒ മോഹന്‍ദാസ്, ടി പി ബിജു, എം വി അനീഷ്, കെ മുകേഷ്, കെ ആദര്‍ശ്, ഷിജിനാസ് എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു.വാര്‍ത്താസമ്മേളനത്തില്‍ കമ്മീഷണറെ കൂടാതെ ഡെപ്യൂട്ടി കമ്മീഷണര്‍ കെ ബി വേണുഗോപാലും പങ്കെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങാനാണ് പോലിസിന്റെ നീക്കം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.