Latest News

പ്രവാസി പുനരധിവാസം; മര്‍കസ് മാതൃകയാവുന്നു

കോഴിക്കോട്: സൗദി തൊഴില്‍ പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെടുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ കാര്യമായ നടപടികളൊന്നുമില്ലാതിരിക്കെ, മടങ്ങിയെത്തുന്ന പ്രവാസികളെ സഹായിക്കാന്‍ കാരന്തൂര്‍സുന്നി മര്‍കസ് ബഹുമുഖ പദ്ധതികളാവിഷ്‌കരിച്ചു. തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികളെ മര്‍കസിന്റെ മേല്‍നോട്ടത്തില്‍ വിവിധ സംരഭങ്ങളില്‍ പുനരധിവസിപ്പിക്കുന്നതോടൊപ്പം സര്‍ക്കാര്‍ സംവിധാനങ്ങളേയും സന്നദ്ധസ്ഥാപനങ്ങളേയും ഏകോപിപ്പിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും തൊഴില്‍പരിശീലനവും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുവാനുമാണ് പദ്ധതി.

മര്‍കസ് ഐ.ടിയുടെ കീഴില്‍ പ്രഫഷനല്‍ കോഴ്‌സുകളിലേക്ക് പ്രവാസികള്‍ക്കായി സൗജന്യപരിശീലനമാരംഭിച്ചതായി മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു. ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍സ്, ഓട്ടോമൊബീല്‍, സോഫ്റ്റ് സ്‌കില്‍ കോഴ്‌സുകളില്‍ ആറുമാസത്തേക്കാണ് പരിശീലനം.

സൗദിയിലെ തൊഴില്‍ മേഖലകളുമായി ബന്ധപ്പെട്ട 23 കോഴ്‌സുകളിലേക്ക് കൂടി മര്‍കസിന്റെ കീഴില്‍ സൗജന്യപരിശീലനം ആരംഭിക്കും. നാഷനല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷനല്‍ ട്രൈയിനിങിന്റെ 160 വിദേശരാഷ്ട്രങ്ങളില്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകളാണ് ലഭ്യമാക്കുക.

മര്‍കസില്‍നിന്ന് പരിശീലനം നേടുന്ന പ്രവാസികള്‍ക്ക് ജില്ലാ വ്യവസായകേന്ദ്രം, ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി തൊഴില്‍ കണെ്ടത്തുന്നതിനുള്ള സംവിധാനവും ആവിഷ്‌കരിച്ചിട്ടുണ്ട്. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ദേശീയതലത്തിലും ഇതരസംസ്ഥാനങ്ങളിലും ജോലി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഡയറക്ടര്‍ ഷക്കീല്‍ അഹ്മദുമായും കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായും കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു.

തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സൗദി ഭരണാധികാരികളുമായി ഇന്ത്യയിന്‍നിന്ന് ആദ്യം ചര്‍ച്ച നടത്തിയത് കാന്തപുരമാണ്.

മക്കാ ഗവര്‍ണര്‍ ഖാലിദ് ബിന്‍ ഫൈസല്‍, റിയാദ് ഡപ്യൂട്ടി തൊഴില്‍ മന്ത്രി ഡോ. അഹ്മദ് ഹുമൈദാന്‍, ഇരു ഹറമുകളുടേയും സംരക്ഷണകാര്യാലയമേധാവി ശെയ്ഖ് സുദൈസ് എന്നിവരുമായി കാന്തപുരം നടത്തിയ ചര്‍ച്ചയില്‍ പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും സമര്‍പ്പിച്ചിരുന്നു.

തൊഴില്‍ നഷ്ടപ്പെടുന്നവരെ ശിക്ഷയില്ലാതെ നാട്ടിലെത്തിക്കാന്‍ സൗകര്യമേര്‍പ്പെടുത്തുക, തിരിച്ചെത്തുന്നവരില്‍ യോഗ്യരായവര്‍ക്ക് ജി.സി.സി. രാഷ്ട്രങ്ങളില്‍ വീണ്ടും തൊഴില്‍ തേടാനുള്ള നിയമസാധുത ഒരുക്കുക, സ്‌പോണ്‍സര്‍മാരുടെ കീഴിലല്ലാതെ ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍സംരക്ഷണം ഒരുക്കുക, രേഖയില്ലാതെ മടങ്ങിവരാന്‍ കാത്തുകിടക്കുന്നവര്‍ക്ക് ക്യാംപുകളില്‍ അടിസ്ഥാന സൗകര്യമൊരുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കാന്തപുരം മക്കാ ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിച്ചത്.
ഔദ്യോഗിക ക്ഷണപ്രകാരമായിരുന്നു കാന്തപുരം ഖാലിദ് ബിന്‍ ഫൈസലിനെ സന്ദര്‍ശിച്ചത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Markaz, Kandapuram



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.