Latest News

പൊതുവിതരണ സമ്പ്രദായം കാര്യക്ഷമമാക്കും: മന്ത്രി അനൂപ്


കാസര്‍കോട്: പൊതുവിതരണ സമ്പ്രദായം കാര്യക്ഷമമാക്കുന്നതിനു സിവില്‍ സപ്ലൈസ് വകുപ്പില്‍ നിന്നു അഴിമതി തുടച്ചുനീക്കുകയാണു തന്റെ ലക്ഷ്യമെന്നു മന്ത്രി അനൂപ് ജേക്കബ്. മംഗലാപുരത്തു സ്വകാര്യ സന്ദര്‍ശനം നടത്തിയശേഷം കാസര്‍കോട് ഗസ്റ്റ് ഹൗസിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. മന്ത്രിയായ ശേഷം ഇതാദ്യമായാണു കാസര്‍കോടെത്തിയത്.

താന്‍ ചുമതലയേറ്റെടുത്തതിനു ശേഷം സാധാരണക്കാര്‍ക്കു ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നതിനു കാര്യക്ഷമമായ നടപടികളാണു സ്വീകരിച്ചു വരുന്നത്. റേഷന്‍ കാര്‍ഡുകള്‍ ലഭ്യമാകുന്നതിലെ അപാകതയും കാലതാമസവും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

ഇതിനു വേഗത്തില്‍ പരിഹാരമുണ്ടാക്കും. ജീവനക്കാരുടെ അഭാവം പൊതുവിതരണ രംഗത്തു പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അഴിമതി ഇല്ലാതാക്കാന്‍ സംസ്ഥാനത്തെ എല്ലാ സിവില്‍ സപ്ലൈസ് ഓഫീസുകളും കംപ്യൂട്ടര്‍വത്കരിക്കും.

ഇതിന്റെ ആദ്യ ഘട്ടം ജൂലൈയില്‍ തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ആധാര്‍ കാര്‍ഡിനു സമാനമായ ബയോ മെട്രിക് കാര്‍ഡുകളായിരിക്കും ഇനി മുതല്‍ ഉപഭോക്താക്കള്‍ക്കു നല്‍കുക.

ഇതിലൂടെ റേഷന്‍ വിതരണം സുതാര്യമാക്കാമെന്നാണു സര്‍ക്കാര്‍ കരുതുന്നത്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കു ഒരു രൂപയ്ക്കു നല്‍കുന്ന അരിക്കുള്ള കാര്‍ഡിനു അപേക്ഷിച്ചവരില്‍ ലക്ഷക്കണക്കിനു അനര്‍ഹര്‍ കടന്നുകൂടിയതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇത്തരം 37,000 കാര്‍ഡുകള്‍ ഇതിനോടകം പിടിച്ചെടുത്തിട്ടുണ്ട്.

അനര്‍ഹര്‍ക്കൊന്നും കാര്‍ഡ് നല്‍കില്ലെന്നും എന്നാല്‍ അര്‍ഹരായവര്‍ പിന്തള്ളപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റുകളില്‍ ചില ഭക്ഷ്യവസ്തുക്കള്‍ക്കു ക്ഷാമം നേരിടുന്ന കാര്യം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അത്തരം വിഷയം ഉണ്ടാകാന്‍ പാടില്ലെന്നും ഇതിനു വേഗത്തില്‍ പരിഹാരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. സാധനങ്ങള്‍ പൂഴ്ത്തിവയ്ക്കുന്നതും കരിഞ്ചന്തയും അവസാനിപ്പിക്കുന്നതിനു ശക്തമായ റെയ്ഡുകളാണു നടത്തിവരുന്നത്. ഇതിനായി പോലീസിന്റെയും സഹായം തേടിയിട്ടുണ്ട്. പൊതുവിതരണ സമ്പ്രദായത്തില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചകളെക്കുറിച്ചു മോണിറ്ററിംഗ് നടത്തുമെന്നും തനിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം ഗൂഡാലോചനയുടെ ഭാഗമാണെന്നും ഇതു നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും മന്ത്രി പറഞ്ഞു. നാഷണല്‍ അബ്ദുള്ള, ആന്റക്‌സ് ജോസഫ്, ഏബ്രഹാം തോണക്കര എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.