Latest News

മണവാളനെ കാളവണ്ടിയില്‍ ആനയിച്ചു; വരന്റെ സുഹൃത്ത് അറസ്റ്റില്‍

കാഞ്ഞങ്ങാട്: വിവാഹ ചടങ്ങിന് പുതുമ സൃഷ്ടിക്കാന്‍ ദമ്പതികളുടെ യാത്ര കാളവണ്ടിയിലാക്കി. ഒടുവില്‍ ദമ്പതികളടക്കമുള്ള പരിവാരങ്ങളെ ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്ന സ്ഥിതി വന്നതോടെ വധുവും വരനും കാളവണ്ടിയില്‍ നിന്നിറങ്ങി കാറില്‍ കയറി രക്ഷപ്പെട്ടു.

കാള വണ്ടിയില്‍ നിന്നും കാളകളെ അഴിച്ച് വിട്ട ശേഷം കാളവണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു. വരന്റെ സുഹൃത്ത് കാഞ്ഞങ്ങാട് തെരുവത്തെ സിറാജുദ്ദീനെ(28)യാണ് അറസ്റ്റ് ചെയ്തത്. കാളവണ്ടി ഓടിച്ച മടിക്കൈ മുണ്ടോട്ടെ അബൂബക്കറിനെതിരെ(42) പോലീസ് കേസെടുത്തിട്ടുണ്ട്.
ഹൊസ്ദുര്‍ഗ് ടി ബി റോഡിലെ യുവാവിന്റെ വിവാഹം ഞായറാഴ്ച ഐങ്ങോത്ത് നക്ഷത്രാ ഓഡിറ്റോറിയത്തിലായിരുന്നു. വിവാഹ ശേഷം ദമ്പതികള്‍ വരന്റെ വീട്ടിലേക്ക് കാളവണ്ടിയില്‍ പുറപ്പെട്ടു. മുമ്പിലും പിന്നിലും മോട്ടോര്‍ സൈക്കിളുകളടക്കം നിരവധി വാഹനങ്ങള്‍ പൈലറ്റായും അകമ്പടിയായും സഞ്ചരിച്ചു. ഐങ്ങോത്ത് നിന്നും തുടങ്ങിയ യാത്ര കാഞ്ഞങ്ങാട് സൗത്തിലെത്തുമ്പോഴേക്കും മറ്റ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ മാര്‍ഗമില്ലാതെ ദേശീയപാതായില്‍ ഗതാഗത കുരുക്ക് രൂപപ്പെട്ടു. 

സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ജനക്കൂട്ടം കാളവണ്ടി വളഞ്ഞു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. സംഗതി വഷളാകുമെന്ന് മനസിലാക്കിയ പൈലറ്റ് വാഹനങ്ങളും അകമ്പടിക്കാരും നാല് വഴിക്കും രക്ഷപ്പെട്ടു. ഇതിനിടയിലാണ് വധുവും വരനും കാളവണ്ടിയില്‍ നിന്നിറങ്ങി കാറില്‍ കയറി രക്ഷപ്പെട്ടത്. 

ഒടുവില്‍ കാളയും വണ്ടിയും ദേശീയപാതയില്‍ ബാക്കിയായി. കാളയും വണ്ടിയും ഉപേക്ഷിച്ച് കാളവണ്ടിക്കാരനും രക്ഷപെട്ടു.ഇതിനെതുടര്‍ന്ന് പോലീസ് കാളവണ്ടി കസ്റ്റഡിയിലെടുത്ത് കാളകളെ അഴിച്ച്‌വിട്ട ശേഷം വണ്ടി മറ്റൊരു വാഹനത്തിന്റെ പിന്നില്‍ കെട്ടി ഹൊസ്ദുര്‍ഗ് സ്‌റ്റേഷനിലെത്തിച്ചു.
പുതുമ സൃഷ്ടിച്ച് ശ്രദ്ധ നേടാനാണ് കാളവണ്ടിയില്‍ ദേശീയ പാതയിലൂടെ നവദമ്പതികളുടെ ഘോഷയാത്ര സംഘടിപ്പിച്ചത്. പക്ഷേ അത് പുത്തരിയിലെ കല്ലുകടിയായി മാറി. കാസര്‍കോട് സ്വദേശിനിയാണ് വധു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.