Latest News

അള്ളടം മുക്കാതം നാട്

ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവറ പുഴ മുതല്‍ മുതല്‍ വടക്ക് ചിത്താരി പുഴവരെയായിരുന്നു അള്ളടം എന്ന നാട്ടുരാജ്യം. ഇത് മുക്കാതം നാട് എന്നറിയപ്പെട്ടു. അല്ലോഹലന്റെയും മന്നോന്റെയും അധീനതയിലായിരുന്നു. 

അല്ലോഹലന്‍ മടിയന്‍ ആസ്ഥാനമായും മന്നോന്‍ ഉദിനൂരിലെയും നാട്ടുരാജാക്കന്‍മാരായിരുന്നു. മണിയാണിമാരായിരുന്ന എട്ടുകുടക്കീഴില്‍ പ്രഭുക്കന്‍മാരില്‍പ്പെട്ടവരായിരുന്നു ഇവര്‍. മണിയാണി നാടുവാഴിമാര്‍. അല്ലോഹലന്റെ ആസ്ഥാനമായിരുന്നു അള്ളടസ്വരുപമെന്നറിയപ്പെട്ട മഡിയന്‍ കോവിലകം. മണിയാണിമാരുടെ കോവിലകം കൂടയായിരുന്നു. 

കാളരാത്രി മുഖ്യആരാധനമൂര്‍ത്തിയായ അല്ലോഹലന്റെ ആരാധന കേന്ദ്രമായിരുന്നു മടിയന്‍ക്ഷേത്രം. പടനായകരായി മുല്ലച്ചേരി നായരും മടിയന്‍ നായരും കണക്കപ്പിള്ളയായി മധുരക്കാട്ട് നമ്പീശനും. നീലേശ്വരം രാജവംശത്തിന്റെ മറ്റൊരു പേരായിരുന്നു അള്ളട സ്വരൂപം എന്നും വാദമുണ്ട്. 

ഒരു കാലത്ത് ചില വിഭാഗങ്ങള്‍ക്ക് മടിയന്‍ കൂലോം ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചിരുന്നില്ല. എന്നാല്‍ ഉത്സവകാല ദിനങ്ങളില്‍ ആചാര-അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകള്‍ക്കുമുമ്പ് തന്നെ ക്ഷേത്ര പ്രവേശനം അനുവദിച്ചിരുന്നു. അള്ളട സ്വരൂപം സ്ഥാപിതമായതോടെ മടിയന്‍ കോവിലകം ആത്മീയ കേന്ദ്രമായി മാറി.
കോലത്തിരിയുടെ പടയോട്ട കാലത്ത് നാട്ടു രാജാവും അളളടദേശത്തിന്റെ അധിപനുമായ അല്ലോഹലന്‍ വധിക്കപ്പെടുകയാണുണ്ടായത്. ആക്രമിച്ച് കീഴടക്കപ്പെടുന്നവരുടെ മേല്‍ രാഷ്ട്രീയവും ധാര്‍മികവുമായ ഒരധീശത്വം സ്ഥാപിച്ചെടുന്നതിന്റെ ഭാഗമായുണ്ടായ ചില രീതികളും നിഷ്ഠകളും പീന്നീട് ആരാധനകളില്‍ ഉണ്ടായി എന്ന് ചരിത്രകാരന്‍മാര്‍ വിലയിരുത്തുന്നുണ്ട്. 

കോലത്തിരി സൈന്യത്തിനൊപ്പം മുസ്‌ളീംങ്ങളെയും അയച്ചിരുന്നതായി സ്വരൂപാചാരത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അക്കാലത്ത് സ്ഥാപിതമായതാണ് അതിഞ്ഞാൽല്‍ പള്ളി. മടിയന്‍ കൂലോം ഉത്സവത്തിന് കാഴ്ച കൊണ്ടുവരുന്ന പതിവും പണ്ടുകാലത്തുണ്ടായിരുന്നു.അളളടത്തിന്റെ അധിപനായ ക്ഷേത്രപാലകന്റെയും, കാളരാത്രിയുടെയും ആരൂഢസ്ഥാനം കൂടിയാണ് മടിയന്‍ കൂലോം ദേശം.
ഉത്തരമലബാറില്‍ കാവുകളിലും കഴകങ്ങളിലും തെയ്യങ്ങള്‍ക്ക് പരിസമാപ്തി കുറിക്കുന്നതിന്റെ മുന്നോടിയായാണ് നമ്മുടെ കൂലോംങ്ങളില്‍ കലശകാലം. ഇടവത്തിലെ കലശത്തോടെ തെയ്യങ്ങള്‍ അരങ്ങൊഴിയും. കൂലോങ്ങളിലാണ് കലശങ്ങള്‍ക്ക് തുടക്കമിടുന്നത്. നാടുവാഴിയുടെ ആസ്ഥാനമെന്ന കോവിലകത്തില്‍ നിന്നാണ് കൂലോം എന്ന് വിളിക്കാന്‍ തുടങ്ങിയത്. 

കാഞ്ഞങ്ങാട് അജാന്നൂര്‍ മടിയന്‍ കൂലോം, നീലേശ്വരം മന്ദംപുറത്ത് കാവ്, മടിക്കൈ കണികൂലോം, ഉദിന്നൂര്‍ കൂലോം എന്നിവിടങ്ങളിലാണ് വടക്കേ മലബാറില്‍ കലശോത്സവങ്ങള്‍ നടക്കുന്നത്. ഉദിന്നൂര്‍ നീലേശ്വരം,മടിക്കൈ പ്രദേശങ്ങള്‍ രാജവാഴചയുടെ അധീനത്തിലായിരുന്നു. 

ഉത്തരകേരളത്തിലെ കലശോത്സവങ്ങളില്‍ ഏറെ പ്രസിദ്ധമാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള മഡിയന്‍ കൂലോത്തെയും നീലേശ്വരം മന്ദംപുറത്ത് കാവിലെയും കലശോത്സവങ്ങള്‍. പക്ഷേ ഈ രണ്ട് കലശങ്ങള്‍ക്കും നാടുവാഴികളുമായി ബന്ധമൊന്നും കാണാനില്ല.

ഈ പ്രദേശങ്ങളിലെ കലശങ്ങള്‍ സമാപിക്കുന്നതോടെ ഉത്തരദേശത്തെ തെയ്യക്കാലത്തിനും പരിസമാപ്തി കുറിക്കും. മടിയന്‍ കൂലോം കലശത്തോടെയാണ് ഇടവമാസത്തിലെ കലശ മഹോത്സവങ്ങള്‍ തുടങ്ങുക. ബ്രാഹ്മണനും അബ്രാഹ്മണനും ചേര്‍ന്നുള്ള മിശ്രപൂജാരീതിയാണ് മടിയന്‍ കൂലോത്ത് അനുഷ്ഠിക്കുന്നത്. ഇത് കേരളത്തില്‍ തന്നെ ഒരപൂര്‍വ്വതയാണ്. 

രാവിലെ ക്ഷേത്രം തുറക്കുന്നതും വൈകുന്നേരത്തെ പൂജനടത്തുന്നതും ഇപ്പോഴും മണിയാണിമാരാണ്(യാദവ). തായത്ത് വീട്ടുകാര്‍ക്കും അത്തിക്കല്‍ വീട്ടുകാര്‍ക്കുമാണ് ഈ അവകാശം. കാളരാത്രിയെ പ്രസാദിപ്പിക്കാനുള്ള ഈ കുടുംബങ്ങളുടെ അവകാശമായി ഇതിനെ കാണാം. ഉച്ചപൂജമാത്രമേ ബ്രാഹമണര്‍ക്കുള്ളൂ.കൂലോത്തെ ഏറെ പ്രസിദ്ധമായ കലശോത്സവം കാണാന്‍ എല്ലാവര്‍ഷവും ജാതിമതഭേദമന്യേ ആയിരങ്ങള്‍ എത്തുന്നു. മുസ്ലീം സമുദായത്തിന്റെ സാന്നിധ്യം ഏറെശ്രദ്ധേയമായ ഒരു സവിശേഷത കൂടിയാണ്. ആര്യ- ദ്രാവിഢ സങ്കല്പത്തിലാണ് മടിയന്‍കൂലോത്തെ ഉത്സവങ്ങളും പൂജാവിധികളും നടത്തുന്നത്.
നാട്ടു സാമന്തന്മാരായിരുന്ന അളേളാഹലന്മാര്‍ നാടുവാണ അളളടദേശത്തെ കാഞ്ഞങ്ങാട് മടിയന്‍ കൂലോത്ത് കലശോത്സവം രണ്ടു നാളാണ്. ആറ് കലശങ്ങളാണ് മഡിയന്‍ കൂലോത്തുള്ളത്. കീഴക്കുംര ഇളയിടത്ത് കുതിരിലെ തെരളി ,ഭട്ട്യന്‍ എന്നീ രണ്ട് കലശങ്ങള്‍, അടോട്ട് മൂത്തേടത്ത് കുതിരില്‍ നിന്നുള്ള ഒരു കലശം, മധുരക്കാട്ട് വയലില്‍ നിന്ന് ഒന്ന്, മടിക്കൈ ആയളം കഴകത്തില്‍ നിന്ന് രണ്ടും കലശങ്ങള്‍ വീതമാണ് കലശദിവസം മഡിയന്‍ കൂലോത്തെത്തുന്നത്.

തീയ്യരുടെ കളരികളില്‍ നിന്നാണ് കലശം പുറപ്പെടുന്നത്. ഈ കളരികള്‍ ആയോധനത്തിന്റെയും മെയ് കരുത്തിന്റെ പരിശീലന കേന്ദ്രങ്ങളായിരുന്നു. അകത്തെ കലശം രാത്രിയിലും പുറത്തെ കലശം പകലുമായി രണ്ടു ദിവസമാണ് കലശോത്സവം. പുറത്തെ കലശമാണ് ഏറെ പ്രധാനം. അകത്തെ കലശത്തിന് രാത്രി കിഴക്കും കരയില്‍ നിന്നും അടോട്ട്, വയല്‍ പ്രദേശങ്ങളില്‍ നിന്നുമാണ് കലശങ്ങളെത്തുക. ഓരോ കളരിയിലും കലശമെടുക്കുന്നയാളെ തീരുമാനിച്ചാല്‍ പീന്നീട് അയാള്‍ വ്രതമെടുത്ത് നില്‍ക്കണം.

കലശക്കാരനെ തീരുമാനിക്കുന്ന ചടങ്ങില്‍ കളരി കോയ്മയും കുമ്മണാര്‍ കളരിയുടെ പ്രതിനിധികളായി അച്ചന്‍മാരും ഉണ്ടാവും. മഡിയന്‍ കൂലോത്ത് പൂക്കണിയാന്‍ ലക്ഷണം നോക്കി കലശം കുറിക്കുന്നതോടെ ആ വര്‍ഷത്തെ കലശോത്സവത്തിന് പ്രാരംഭമാകുന്നു. പീന്നീട് ഓല കൊത്തല്‍ ചടങ്ങുമുണ്ട്. ഓല കൊത്തി നിലത്ത് വീണാല്‍ ജ്യോത്സ്യന്‍ ലക്ഷണം പറയുന്ന പതിവുണ്ട്. കലശത്തിന് ഓല കൊത്തിയാല്‍ പിന്നീട് കലശം കഴിയുന്നതുവരെ ആ പ്രദേശത്ത് ഒരു മരമോ ഓലയോ പോലും മുറിക്കാന്‍ പാടില്ല എന്നതാണ് നാട്ടുവഴക്കം.

കലശത്തട്ടൊരുക്കാന്‍ പൂക്കാര്‍ പോവുന്നതും ഒരു ആഘോഷമാണ്. കലശപ്പന്തല്‍ ഒരുക്കുന്നതിന് അടക്ക, കവുങ്ങിന്‍ പൂക്കുലകള്‍, ചക്ക മാങ്ങ, തേങ്ങ എന്നിവയാണ് പൂക്കാര്‍ നാടുമുഴുവന്‍ നടന്ന് ശേഖരിക്കും. മഡിയന്‍ കൂലോത്തിന്റെ പ്രത്യേകിച്ച് അള്ളടം ദേശത്തിന്റെ അതിരുവിട്ട് പൂക്കാര്‍ പോവാറില്ല എന്നതും പ്രത്യേകതയാണ്.

ചോദിക്കാനോ പറയാനോ ആരുമില്ലാതെ എല്ലാക്കാലത്തും പൂക്കാര്‍ ഈ വിഭവങ്ങള്‍ ശേഖരിക്കുന്ന കാഴ്ച മറ്റൊരു ഉത്സവമാകുന്നു. കൊത്തിയെടുത്ത ഓല കലശദിവസം രണ്ടായി പകുത്ത് മെടഞ്ഞ് കൂലോത്തേക്ക് കലശവുമായി പോകുമ്പോള്‍ മുമ്പേ നടന്ന് മാര്‍ഗ്ഗ തടസ്സങ്ങള്‍ നീക്കുന്നതിനാണ് ഉപയോഗിക്കുന്നത്. കൂലോത്തെ കലശത്തറയിക്ക് മുകളില്‍ ഈ ഓലയിട്ടാണ് കലശപന്തലൊരുക്കുന്നത്. 

ഓടുകൊണ്ട് നിര്‍മ്മിച്ച മുപ്പത്തിയഞ്ച് കിലോയോളം തൂക്കമുള്ളതാണ് കലശപ്പാത്രം. ഇതില്‍ നിറയെ കള്ള് നിറയ്ക്കും. മുളകൊണ്ടാണ് നാലുതട്ടുള്ള കലശത്തട്ട് നിര്‍മ്മിക്കുന്നത്. കവുങ്ങില്‍ പൂക്കുലയും ചെക്കി പൂക്കളും കൊണ്ട് അലങ്കരിക്കും. ഇരുപത്തൊന്ന് പൂക്കുലകള്‍ കൊണ്ടാണ് കലശത്തട്ട് അലങ്കരിക്കുക. കളരിയില്‍ കലശത്തട്ട് തയ്യാറായാല്‍ മര്യാദക്കാരന്‍ എന്ന ആചാരമുള്ളയാള്‍ കരിക്കില്‍ വെള്ളത്തില്‍ പൂക്കുലമുക്കി കുടഞ്ഞ് കലശപ്പാത്രവും കലശത്തട്ടും ശുദ്ധിവരുത്തുന്ന ചടങ്ങുമുണ്ട്. പീന്നീട് കലശമെടുക്കുന്നയാള്‍ ആളുകളോടൊപ്പം ആര്‍പ്പുവിളികളോടെ കൂലോത്തേക്കും പോവും.

ആറ് കലശങ്ങളും ക്ഷേത്രം വലം വെയ്ക്കുമ്പോള്‍ തന്നെ തെയ്യങ്ങളുടെ വരവുണ്ടാകും. കാളരാത്രീ, നടയില്‍ ഭഗവതി, ക്ഷേത്രപാലന്‍ തെയ്യങ്ങളും ക്ഷേത്രം കലശങ്ങള്‍ക്കൊപ്പം വലം വെയ്ക്കുന്ന കാഴ്ച ഏറെ മനോഹരമാണ്. കലശങ്ങളെത്തുമ്പോള്‍ തന്നെ മാണിക്കോത്ത് പുന്നക്കാല്‍ മാണിക്യമംഗലം ഭഗവതി ക്ഷേത്രത്തിന്റെ വകയായുള്ള മീന്‍കോവ കാഴ്ച വരവുമുണ്ടാകും.

കലശം കുറിച്ചുകഴിഞ്ഞാല്‍ ചിത്താരിപ്പുഴയില്‍ നിന്ന് മത്സ്യം പിടിക്കാന്‍ ആര്‍ക്കും അവകാശമില്ല. കലശത്തിന് മുകയ സമുദായക്കാര്‍ക്ക് കാപ്പുകലക്കി മീന്‍ പിടിക്കുന്നതിനാണിത്. കലശത്തിന് കൊണ്ടു വരുന്ന മത്സ്യം ആറ് കലശക്കാര്‍ക്കും തെയ്യക്കാര്‍ക്കും കൊടുക്കും. 

ക്ഷേത്രപാലന്റെയും കാളരാത്രിയുടെയും ശ്രീകോവിലിന് ചുറ്റും അലങ്കരിച്ച കലശതട്ടുകളും തലയിലേന്തി വിവിധ കഴകങ്ങളില്‍ നിന്നെത്തിയ വാല്യക്കാര്‍ എത്രവട്ടം വലം വെക്കുന്നു എന്നതിന്റെ കരുത്തുകാട്ടുന്ന കാഴ്ച പോയ്‌പോയ കാലഘട്ടത്തിന്റെ ആയോധനത്തിന്റെയും അനുഷ്ഠാനങ്ങളുടെയും ശക്തമായ തെളിവായിത്തീരുന്നു. നാടിന്റെ നാനാ ഭാഗത്ത് നിന്നും ആയിരങ്ങള്‍ കലശോത്സവത്തിനെത്തുന്നു.

നാനാജാതി മതസ്ഥരില്‍ പെട്ടവര്‍ ആദ്യ കാലത്ത് തന്നെ ക്ഷേത്ര പ്രവേശനം എല്ലാവര്‍ക്കും സാദ്ധ്യമായതോടെ കലശോത്സവങ്ങളുടെ ജനകീയാടിത്തറയും വിപുലമായി എന്ന് ചരിത്രകാരന്‍മാര്‍ വിലയിരുത്തുന്നു.

ദുരിതങ്ങള്‍ പേമാരിയായി പെയ്തിറങ്ങിയ പഞ്ഞമാസത്തെ പടിയിറക്കാനെത്തുന്ന കര്‍ക്കിടക തെയ്യങ്ങളുടെ സംഗമവും ഒരപൂര്‍വ്വതയാണ് മടിയന്‍ കൂലോത്ത്. കര്‍ക്കടകം മറഞ്ഞ് ചിങ്ങം പിറക്കുന്ന സംക്രമദിവസത്തിലാണ്, അള്ളട സ്വരൂപത്തിന്റെ ആസ്ഥാനമായിരുന്ന മടിയന്‍ കൂലോം ക്ഷേത്രമുറ്റത്ത് ആടിമാസ തെയ്യങ്ങളുടെ സംഗമം നടക്കുന്നത്. ആടി, വേടന്‍, ഗളിഞ്ചന്‍ എന്നീ തെയ്യങ്ങളുടെ ദേശാടനത്തിന് സമാപനം കുറിച്ചാണ് ഈ ചടങ്ങ്. രാവിലെ ക്ഷേത്രനടയിലെത്തുന്ന തെയ്യങ്ങളെ ചങ്ങലവട്ടയില്‍ തിരികത്തിച്ചു വച്ച് പ്രധാന പൂപ്പറിയന്‍ വരവേല്‍ക്കുന്നു.

മടിയന്‍ കൂലോത്തെ പ്രധാന അച്ഛന്‍മാരും, ട്രസ്റ്റി അംഗങ്ങളും കൂലോത്തെ പ്രധാന തെയ്യമായ ക്ഷേത്രപാലകന്റെ കോലക്കാരനായ ആചാരക്കാരന്‍ ചിങ്കവും സന്നിഹിതരാവും. ഭണ്ഡാരം കാഴ്ചകണ്ട് മഞ്ഞക്കുറി തൊട്ട് അധികാരികളോട് അനുവാദം ചോദിച്ചതിനുശേഷമാണ് തെയ്യങ്ങള്‍ ക്ഷേത്രനടയില്‍ ഒന്നിച്ച് ആടുന്നത്.

കര്‍ക്കടകമൊഴിഞ്ഞ് ചിങ്ങം പിറക്കുന്ന സംക്രമരാശിയില്‍ ആടിയൊഴിയാനെത്തുന്ന ആടിയും വേടനും ക്ഷേത്രനടയില്‍ത്തന്നെ ആടുമ്പോള്‍ കോപ്പാള വിഭാഗക്കാര്‍ കെട്ടുന്ന ഗളിഞ്ചന്‍തെയ്യത്തിന് മതില്‍കെട്ടിന് പുറത്ത് ആടാന്‍ മാത്രമേ അനുവാദമുള്ളൂ. കര്‍ക്കടക സംക്രമ ദിനത്തില്‍ മൂന്ന് തെയ്യങ്ങളും അള്ളട സ്വരൂപത്തിന്റെ ആസ്ഥാനമായ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തില്‍ ആടണമെന്ന അലിഖിത നിയമം പണ്ടുകാലം മുതല്‍ക്കുള്ളതാണെന്ന് പഴയതലമുറയില്‍ പെട്ടവര്‍ പറയുന്നു. രാജാധികാരവും സ്വരൂപവും നാടുനീങ്ങിപ്പോയിട്ടും ആചാരങ്ങള്‍ ഇന്നും തുടരുകയാണ്.

കര്‍ക്കടകതെയ്യങ്ങളുടെ സംഗമം കാണാന്‍ നിരവധി പേര് മഡിയന്‍ കൂലോത്തെത്തും. കൂലോത്തെ ആട്ടം കഴിഞ്ഞ് പ്രദേശത്തെ പ്രധാന തറവാടുകളായ കണ്ണച്ചംവീട്, തായത്ത് വീട്, കേക്കടവന്‍ തറവാട്, പാറ്റേന്‍ വീട്, ചന്ദച്ചം വീട്, പൈനിങ്ങാല്‍ പയങ്ങപ്പാടന്‍ തറവാട്, പൂച്ചക്കാടന്‍ വീട്, മീത്തല്‍ വീട്, എന്നിവിടങ്ങളില്‍ ഒന്നിച്ച് ആടിയതിനുശേഷം മറ്റ് വീടൂകളിലെത്തി ആടും. തറവാടുകളില്‍ അന്തിത്തിരിയന്‍മാര്‍ തെയ്യങ്ങളെ വരവേല്‍ക്കുന്നു.

വീട്ടുമുറ്റങ്ങളിലെത്തിയ തെയ്യങ്ങളെ തീരാദുരിതങ്ങള്‍ പടിയിറങ്ങിപ്പോകാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് മുത്തശ്ശിമാര്‍ ഗുരുസി ഉഴിഞ്ഞ് മറിച്ച് അരിയും നെല്ലും പണവും നല്‍കി യാത്രയാക്കുന്നു. അനുഷ്ഠാനപരമായ കെട്ടിയാടിലിന്റെ രൂപവൈവിദ്ധ്യവും ആട്ടവും നിറഞ്ഞതാണ് ഓരോ കര്‍ക്കടകത്തെയ്യവും. കര്‍ക്കിടകപ്പറവി അറിയിച്ചുകൊണ്ട് ജില്ലയിലെ കുണ്ടംകുഴി പഞ്ചലിംഗേശ്വരക്ഷേത്രത്തിലും ആടിമാസത്തെയ്യങ്ങളായ വേടന്‍,ഗളിഞ്ചന്‍, ആടി തെയ്യങ്ങളുടെ സംഗമം നടത്താറുണ്ട്. കുണ്ടംകഴി പഞ്ചലിംഗേശ്വരക്ഷേത്രത്തിലും മഡിയന്‍ കൂലോത്തും എത്തുന്ന തെയ്യങ്ങള്‍ സംഗമത്തിനുശേഷം സ്ഥലത്തെ പ്രധാന തറവാടുകളില്‍ ആടിയതിനുശേഷം മാത്രമേ മറ്റു വീടുകളിലേക്ക് വേടനാട്ടം നടത്താന്‍ പോവുകയുളുളൂ.

വറുതിക്കാലത്ത് തെയ്യം കലാകാരന്‍മാരുടെ വീടുകളിലെ പട്ടിണി അകറ്റാനും കര്‍ക്കടകതെയ്യങ്ങള്‍ നിമിത്തമാവുന്നു. പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാനുള്ള സുഖസമൃദ്ധിയുടെ കാലം പുലരുന്നതിന് കാത്തിരിക്കാന്‍ ജനതയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് അസ്തമയത്തോടെ ആടിയും വേടനും ഗളിഞ്ചനും കോലമഴിച്ച് വിടവാങ്ങുന്നു,അടുത്ത കര്‍ക്കടകത്തില്‍ വീണ്ടും വരാമെന്ന മൗനമൊഴിയോടെ.

രാമായണത്തിലെ വരികള്‍ തോറ്റമായി ചൊല്ലിയാണ് മടിയന്‍ കൂലോത്ത് പാട്ടുത്സവത്തിന്റെ പ്രാരംഭമായുള്ള അകത്തെ കലശത്തിന് തെയ്യങ്ങളുടെ നൃത്തവിലാസം. ശ്രീരാമ-സീതാ സങ്കല്പത്തിലാണ് ഈ ദേവതകള്‍. മടിയന്‍ കൂലോത്തെ അകത്തെ കലശനാള്‍ രാത്രിയിലാണ് മണവാളന്‍ മണവാട്ടി തെയ്യങ്ങള്‍ അരങ്ങിലെത്തുന്നത്. കവുങ്ങിന്‍ പാളകൊണ്ടുള്ള കിരീടമുടിയണിഞ്ഞ് ഓലക്കുടചൂടി കൈയില്‍ ആയുധവുമായാണ് മണവാളന്‍ തെയ്യം. കഥകളിയുടെത് പോലുള്ള മുടിയും കൈയ്യില്‍ കുരുത്തോല പൂക്കളും മുഖത്ത് പ്രത്യേകരീതിയിലുള്ള മുഖത്തെഴുത്തുമാണ് മണവാട്ടി തെയ്യത്തിന്. 

രാമായണ കഥാഭാഗങ്ങള്‍ തോറ്റമായി ചൊല്ലുന്നു എന്ന പ്രത്യേകതയും ഈ തെയ്യാട്ടത്തിനുണ്ട്. കുളിക്കാന്‍ പോയസഹോദരി സഹോദരന്മാര്‍ കിടങ്ങില്‍ ചാടി ആത്മാഹുതി ചെയ്‌തെന്നും ഇവരുടെ ജഢങ്ങള്‍ കൂലോത്തെ വടക്കേ കുളത്തില്‍ പൊങ്ങിവന്നു എന്നുമാണ് വാമൊഴി ഐതിഹ്യം. ഈ തെയ്യങ്ങള്‍ക്ക് പ്രത്യേക പള്ളിയറകള്‍ ഇല്ലെങ്കിലും കലശനാളുകളില്‍ അകത്തെ കലശരാത്രിയില്‍ ഈ തെയ്യങ്ങള്‍ കെട്ടിയാടുന്നു. കഥകളിയരങ്ങില്‍ ചെയ്യുന്നതുപോലെ തിരശ്ശീല പിടിക്കുക എന്നതും ഈ തെയ്യങ്ങളുടെ അപൂര്‍വ്വതയാണ്.

ഓലകൊത്തല്‍ ചടങ്ങോടെയാണ് മടിയന്‍ കൂലോത്ത് പാട്ടുത്സവത്തിന് തുടക്കമാവുന്നത്. പാട്ടുത്സവം കഴിയുന്നതുവരെ അള്ളടം ദേശത്ത് പച്ചമരം മുറിക്കാനോ പച്ചോലകൊത്താനോ പാടില്ല എന്നാണ് നാട്ടുനീതി..കോഴിഅറവും കുരുതികളും പാടില്ല. ദേശമാകെ ഉത്സവാഘോഷത്തിലാവും. പണ്ടുകാലത്ത് പന്ത്രണ്ട് ദിവസമായിരുന്ന പാട്ടുത്സവും പിന്നീട് നാല് ദിവസമായി ഒതുങ്ങി.അച്ചന്‍മാരും ആചാരക്കാരും കെട്ടുവെയ്ക്കുന്നതും പാട്ടുത്സവത്തിന് തുടക്കം കുറിച്ചാണ്.

ഓട്ടുകൊടിയിലയില്‍ വെറ്റിലടക്കയും അരിയും വെച്ച് മുല്ലച്ചേരിനായരുടെയും മടിയന്‍ നായരുടെയും സാന്നിധ്യത്തില്‍ കണക്കപ്പിള്ള പാട്ടുത്സവം പ്രഖ്യാപിക്കുന്നു. തെയ്യംപാടിയും ഉണ്ടാകും. മട്ടന്നൂരിലെ കോട്ടത്ത് നമ്പ്യാര്‍ എന്ന് ഈ തെയ്യംപാടി കുടുംബത്തിനാണ് പാട്ടുത്സവത്തിന് കളംപാട്ട് നടത്താന്‍ അവകാശം. ക്ഷേത്ര പാലകനെയും കാളരാത്രിയെയും സ്തുതിച്ചാണ് തെയ്യംപാടി പാടുക. 

രണ്ടാമത്തെ ദിവസം വൈകീട്ട് മുക്കുവരുടെ തെയ്യം വരവുണ്ടാകും. സന്ധ്യക്ക് പടിഞ്ഞാറെ നടയില്‍ അച്ചന്‍മാരുമായി തെയ്യങ്ങളുടെ മൊഴിയാട്ടം. രാത്രി കാളരാത്രിയമ്മയുടെ പള്ളിയറയ്ക്കുമുന്നില്‍ പഞ്ചവര്‍ണപ്പൊടികളാല്‍ ഭദ്രകാളിക്കളം വരക്കും. ക്ഷേത്രപാലന്റെയും കാളരാത്രിയുടെയും ബഹുവര്‍ണരൂപങ്ങളാണ് തെയ്യംപാടി വരക്കുക.

നെരോത്ത് പെരട്ടൂര്‍ കൂലോം, കല്ല്യാല്‍ മുച്ചിലോട്ട്, മൂളവിന്നൂര്‍ ഭഗവതി ക്ഷേത്രം, അടോട്ട് മൂത്തേടത്ത് കുതിര്, കിഴക്കുംകര ഇളയിടത്ത് കുതിര്, പുന്നക്കാല്‍ ഭഗവതി ക്ഷേത്രം, ശ്രീ കുറുംബക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നാണ് പാട്ടുത്സവത്തിന് തെയ്യം വരവ്. നെരോത്ത് പെരട്ടൂര്‍ കൂലോത്തെയും, മൂളവിന്നൂര്‍ ഭഗവതിക്ഷേത്രത്തിലെയും തെയ്യങ്ങള്‍ വന്ന അന്ന് തന്നെ തിരിച്ചുപോകാറില്ല. പാട്ടുത്സവം കഴിഞ്ഞാണ് ഈ തെയ്യങ്ങള്‍ തിരിച്ചുപോകുന്നത്. മറ്റ് ക്ഷേത്രത്തില്‍ നിന്ന് വരുന്ന തെയ്യങ്ങള്‍ അന്ന് തന്നെ തിരിച്ചുപോകും.

നാഗത്തറയില്‍ നാഗക്കളം വരച്ചുള്ള നാഗപ്പാട്ടും പ്രസിദ്ധമാണ്. പാട്ടുത്‌സവത്തിന്റെ കമ്പവെടിക്ക് തിരികൊളുത്താനുള്ള അവകാശം ലാലൂര്‍ തറവാട്ടുകാര്‍ക്കാണ്. പാട്ടുത്സവത്തിന്റെ അവസാന ദിവസം ശുദ്ധികലശം നടത്തി ഉച്ചയോടെ തെയ്യങ്ങള്‍ തിരിച്ചുപോകുന്നു.

വിവിധ ജാതിക്കൂട്ടങ്ങളുടെ കൂട്ടായ്മയിലാണ് മടിയന്‍ കൂലോത്തെ പാട്ടുത്സവം നടക്കുന്നത്. അത്യപൂര്‍വ്വങ്ങളായ ആചാരാനുഷ്ഠാനങ്ങളുടെ ആരുഢമാണ് മഡിയന്‍ കൂലോം. മഡിയന്‍ ചിങ്കം, കര്‍ണമൂര്‍ത്തി, പൂല്ലൂരന്‍, തെയ്യക്കൂടുംബങ്ങള്‍ക്കാണ് മടിയന്‍ കൂലോത്ത് തെയ്യം കെട്ടാനുള്ള അവകാശം. കൂലോത്തെ വടക്കേ കുളത്തില്‍ വച്ചാണ് അല്ലോഹലനെ മുല്ലച്ചേരി നായര്‍ ചതിയില്‍ പെടുത്തി കൊന്നത് എന്നാണ് വിശ്വാസം.

ഈ കൊലയുടെ പാശ്ചാത്താപമായിരിക്കാം പാട്ടുത്സവനാളുകളില്‍ അള്ളട ദേശത്ത് കോഴിയറവ് പാടില്ല എന്ന ആചാരം ഉണ്ടാവാന്‍ കാരണം. പാപപരിഹാരത്തിനായിരിക്കാം അല്ലോഹലന്റെ മോക്ഷപ്രാപ്തിക്കായി നടത്തുന്ന പൂജകള്‍. 

തെയ്യം വാചാലുകകളില്‍ പരാമര്‍ശിക്കപ്പെടുന്ന നാലുചിത്രപീഠങ്ങളില്‍ ഒന്നാണ് മടിയന്‍ ചിത്രപീഠം. രാജസ്വരൂപത്തിന്റെ ആസ്ഥാനങ്ങളെയാണ് ചിത്രപീഠങ്ങള്‍ എന്നുവിളിക്കുന്നത്.മടിയന്‍ കൂലോത്ത് നടന്നുവരുന്ന ഉത്സവങ്ങളായ പാട്ടുത്സവവും കലശോത്സവവും അള്ളടം നാട്ടിലല്ലാതെ മറ്റൊറിടത്തും നമുക്ക് കാണാന്‍ കഴിയില്ല...
പ്രഭാകരന്‍ കാഞ്ഞങ്ങാട്‌



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.