Latest News

മദ്യം വിറ്റ് വികസനം: സര്‍ക്കാരിന് സമദാനിയുടെ രൂക്ഷവിമര്‍ശനം

തലശേരി: സര്‍ക്കാരിന്റെ മദ്യനയത്തിന് അബ്ദുസമദ് സമദാനി എംഎല്‍എയുടെ രൂക്ഷവിമര്‍ശനം. ഏതു സര്‍ക്കാര്‍ വന്നാലും ഭരണത്തിന് ആവശ്യമായ പണമുണ്ടാക്കുന്നത് മദ്യം വിറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഈ പണം ഉപയോഗിച്ചു പാലം കെട്ടുന്നു, റോഡ് ഉണ്ടാക്കുന്നു എന്നൊക്കെയാണ് അധികാരികള്‍ ആണയിട്ടു പറയുക. എന്നാല്‍ മദ്യം കൊണ്ട് ഉണ്ടാവുന്ന നഷ്ടത്തിന്റെ കണക്കെടുപ്പിന് ആരും തയാറല്ല.

തല്ലു കൊള്ളുന്ന ഭാര്യമാരുടെ, കല്യാണം മുടങ്ങിയ പെണ്‍കുട്ടികളുടെ, അയല്‍പക്ക ബന്ധങ്ങള്‍ ശിഥിലമായതിന്റെ, അച്ഛന്റെ സ്നേഹം ലഭിക്കാതെ വളരുന്ന കുട്ടികളുടെ ഇത്തരം നഷ്ടക്കണക്കുകളൊന്നും അധികാരികളുടെ കണക്കില്‍ വരില്ല. ഇപ്പോള്‍ പറയുന്നത് 21 വയസ്സ് കഴിഞ്ഞാല്‍ മദ്യം വാങ്ങി കഴിക്കാം കുഴപ്പമില്ലെന്നാണ്. 

സ്കൂള്‍ യൂണിഫോമില്‍ എത്തിയ വിദ്യാര്‍ഥി മദ്യശാലയില്‍ പോയി മദ്യം വാങ്ങിയെന്ന പത്രവാര്‍ത്ത വന്നപ്പോള്‍ അധികാരികള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണമാണിത്. 21 വയസ്സായവര്‍ മദ്യം കഴിച്ചോട്ടെ എന്ന്. ഈ സാമൂഹിക വിപത്തിനെ നാട്ടില്‍ നിന്ന് അപ്പാടെ പിഴുതെറിയാനുള്ള നടപടിയാണ് ആവശ്യമെന്നു സമദാനി പറഞ്ഞു.

തലശേരി ജഗന്നാഥ ക്ഷേത്രത്തില്‍ ഗുരുധര്‍മപ്രചാരണ സഭയുടെ നേതൃത്വത്തിലുള്ള മദ്യവിമുക്ത കേരളം, ജാതിരഹിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ഗുരുസന്ദേശയാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനത്തിനായി മുഖ്യമന്ത്രിക്കു നല്‍കുന്ന ഭീമഹര്‍ജിയില്‍ ആദ്യ ഒപ്പ് രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു സമദാനി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.