Latest News

ബാല്യ സ്മരണകള്‍ അയവിറക്കി കാവ്യ തളിപ്പറമ്പിന്റെ ഹൃദയംകീഴടക്കി


തളിപ്പറമ്പ്: മലയാളത്തിന്റെ സ്വന്തം നായിക കാവ്യാമാധവാന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും പിറന്ന മണ്ണിലെത്തി. പെരിഞ്ചല്ലൂര്‍ എന്ന പേരിലറയപ്പെടുന്ന തളിപ്പറമ്പിന്റെ സാംസ്‌കാരികോത്സവമായ തളിപ്പറമ്പ ഫെസ്റ്റിന്റെ ഉദ്ഘാടകയായി. ശൈശവ കാലഘട്ടത്തില്‍ മലയോര നഗരം തനിക്ക് സമ്മാനിച്ച മധുരമായ ഓര്‍മ്മകള്‍ സദസുമായി പങ്കുവെച്ചു ചടങ്ങിന്റെ താരമായി കാവ്യമാറി.

താന്‍ പിറന്ന തളിപ്പറമ്പ ലുര്‍ദ്ദ് ആശുപത്രിയും, തൃച്ചംബരം മഹോത്സവത്തിനായി നീലേശ്വരത്ത് നിന്നുള്ള ജയശ്രീ ബസ് യാത്രയും മുത്തശ്ശി തനിക്കുമാത്രമായി ഉണ്ടാക്കിയ അരിയുണ്ടയുടെ മധുരമൂറുന്ന രുചിയും, മുത്തേടത്ത് ഹൈസ്‌ക്കൂളിന്റെ പരിസരങ്ങളുമെല്ലാം ഇന്നും മനസിലെ മായാത്ത മുഹൂര്‍ത്തങ്ങളാണെന്ന് കാവ്യ പറഞ്ഞു.

സിനിമാ രംഗത്ത് താന്‍ സജീവമായപ്പോഴും നാട്ടുഭാഷയുടെ പേരില്‍ പലരും കളിയാക്കി. പല പ്രതിസന്ധി ഘട്ടങ്ങളുമുണ്ടായി അപ്പോഴൊക്കെ ഊര്‍ജ്ജം പകര്‍ന്നത് അമ്മയുടെ പാരമ്പര്യമാണ്. ഏത് പ്രതിസന്ധിയെയും ചങ്കൂറ്റത്തോടെ നേരിടുന്നവരാണ് തളിപ്പറമ്പുകാര്‍. എന്റെ സിരകളിലോടുന്നതും തളിപ്പറമ്പിന്റെതാണ്.

ഒരു നീലേശ്വരംകാരി എന്നതിനൊപ്പം ഞാന്‍ കണ്ണൂരിന്റെ കൂടി പുത്രിയാണ്. ബോംബുകള്‍ കൊണ്ട് അമ്മാനമാടുന്നവര്‍ എന്നാണ് പലരും കണ്ണൂരുകാരെ കുറിച്ച് ധരിച്ചിരിക്കുന്നത്. ഇത് തികച്ചും തെറ്റാണ് ഞങ്ങള്‍ ഏറെ ആത്മാര്‍ത്ഥതയുള്ളവരാണ് സ്‌നേഹിക്കുന്നവര്‍ക്കായാണ് കൊല്ലുന്നത് പോലും. അത്രയധികമാണ് കണ്ണൂരിന്റെ ആത്മാര്‍ത്ഥത.

ഇവിടെ കലാപങ്ങളും കൊലപാതകങ്ങളും ഇനിയും ഉണ്ടായിക്കൂടാ. തന്നെ അറിയപ്പെടുന്ന നടിയാക്കിയതും താരമാക്കിയതും സാധാരണക്കാരായ ജനങ്ങളാണ്. പിറന്നു വീണ തളിപ്പറമ്പിന്റെ മണ്ണില്‍ ഏറെ അഭിമാനത്തോടെയാണ് ഞാന്‍ നില്‍ക്കുന്നത്, നീണ്ട കരഘോഷങ്ങള്‍ക്കിടയില്‍ കാവ്യ പറഞ്ഞു നിര്‍ത്തി

സമാധാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവുകളെ ആകാശത്തിലേക്ക് പറത്തിയാണ് ഉദ്ഘാടനമെന്ന് സംഘാടകര്‍ അറിയിച്ചപ്പോള്‍ കാവ്യയുടെ മുഖത്ത് പരിഭ്രാന്തി പരന്നു. തനിക്കു പക്ഷികളെ ഭയമാണെന്ന് കാവ്യ സംഘാടകരോട് പറഞ്ഞു. തിളക്കം എന്ന സിനിമയില്‍ മാത്രമാണ് താന്‍ പ്രാവുകളെ പറത്തിയതെന്നും അത് ഏറെ ഭയപ്പെട്ടായിരുന്നെന്നും കാവ്യ തന്നെ സദസിനെ അറിയിച്ചു.

എങ്കിലും ജന്മനാടിന്റെ സ്‌നേഹ പൂര്‍വ്വമായ അഭ്യര്‍ത്ഥനയ്ക്ക് മുമ്പില്‍ കാവ്യ വഴങ്ങി. ജയിംസ് മാത്യു എം. എല്‍. എ, തളിപ്പറമ്പ നഗരസഭ ചെയര്‍ പേഴ്‌സണ്‍ റംല പക്കര്‍ എന്നിവര്‍ക്കൊപ്പം പ്രാവുകളെ പറത്തി തളിപ്പറമ്പിന്റെ ഉത്സവത്തിന് നാന്ദി കുറിച്ചു.

സദസ്യരുടെ നിര്‍ബന്ധത്തെതുടര്‍ന്ന് സൂപ്പര്‍ഹിറ്റ് ചിത്രമായ മീശമാധവനിലെ ‘എന്റെ എല്ലാമെല്ലാം മല്ലെ …..’ എന്ന ഗാനവും ആലപിച്ച കാവ്യ ജനഹൃദയം കീഴടക്കിയാണ് മടങ്ങിയത്. പ്രതിഫലമൊന്നും വാങ്ങാതെയാണ് മലയാളത്തിന്റെ സൂപ്പര്‍ നായിക ജന്മ ദേശത്തെത്തിയത്. തനിക്ക് നല്‍കാനുദ്ദേശിച്ച പ്രതിഫലം അനാഥ കുട്ടികളുടെ സംരക്ഷണത്തിനായി സന്നദ്ധ ഗ്രൂപ്പുകള്‍ക്ക് നല്‍കാനാണ് അവര്‍ സംഘാടകരോട് അഭ്യര്‍ത്ഥിച്ചത്.


കെ. മുഹമ്മദ് റിയാസ്
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.