Latest News

ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തില്‍ ദുരൂഹത തുടരുന്നു

ഏറ്റുമാനൂര്‍: കരിങ്കല്ലിന് തല ഇടിച്ചുതകര്‍ത്ത് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ അതിരമ്പുഴ ശ്രീകണ്ഠമംഗലം വടക്കേത്തുരുത്തേല്‍ ബേബിയുടെ മകന്‍ ദിലീപ് (ഷാന്‍-30) മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 2.30-നായിരുന്നു മരണം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പേരൂര്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. നീണ്ടൂര്‍ സ്വദേശികളും അയല്‍വാസികളുമായ ആക്കക്കാട്ടില്‍ ശരത്‌രാജ് (ഹരി-25), പോത്തന്‍പറമ്പില്‍ സ്വനൂപ് (25) എന്നിവരെയാണു ഗാന്ധിനഗര്‍ പോലീസ് അറസ്റ്റുചെയ്തത്. രണ്ടുദിവസമായി ഇവര്‍ പോലീസ് കസ്റ്റഡിയിലായിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ചയാണ് ദിലീപിനു നേര്‍ക്ക് ആക്രമണമുണ്ടായത്. അതിരമ്പുഴ-ശ്രീകണ്ഠമംഗലം-കൈപ്പുഴ റോഡില്‍ കുടിലില്‍ കവലയ്ക്കു സമീപം പൂഴിക്കനട ബസ്‌സ്റ്റോപ്പിലാണ് ദിലീപ് ആക്രമിക്കപ്പെട്ടത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ: ഞായറാഴ്ച രാത്രി പത്തിന് പ്രാവട്ടം കവലയില്‍ ദിലീപ് ഓടിച്ചിരുന്ന ഓട്ടോറിക്ഷ മറ്റൊരു ഓട്ടോറിക്ഷയുമായി ഇടിച്ചു. മദ്യലഹരിയിലായിരുന്ന ദിലീപ് ഓട്ടോറിക്ഷ നിര്‍ത്തിയില്ല.

ഇതു കണ്ട ശരത്‌രാജും സ്വനൂപും ബൈക്കില്‍ ഓട്ടോറിക്ഷയെ പിന്തുടര്‍ന്നു. പുഴിക്കനടയില്‍വച്ച് ഓട്ടോറിക്ഷയെ മറികടന്ന് ബൈക്കില്‍നിന്നിറങ്ങിയ ശരത്‌രാജ് റോഡരികില്‍ കിടന്ന എട്ടുകിലോയോളം ഭാരം വരുന്ന കരിങ്കല്ല് ഓട്ടോറിക്ഷയ്ക്കു നേരേ എറിഞ്ഞു. ഏറുകൊണ്ട് ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടുകയും ദിലീപിന് പരിക്കേല്‍ക്കുകയും ചെയ്തു. സ്വനൂപ് ഓട്ടോറിക്ഷ നിര്‍ത്തുന്നതിനുവേണ്ടി ഓട്ടോറിക്ഷയ്ക്കടിയിലേക്ക് കരിങ്കല്ല് വലിച്ചെറിഞ്ഞു. ശരത്‌രാജിന്റെ ഏറിലാണ് ദിലീപിനു പരിക്കേറ്റത്.

മറ്റു രണ്ടു ബൈക്കുകളില്‍ എത്തിയതായി നാട്ടുകാര്‍ കണ്ട നാലുപേര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്നു പോലീസ് പറഞ്ഞു. നിര്‍ത്താതെപോയ ഓട്ടോയെ ശരത്‌രാജും സ്വനൂപും പിന്തുടരുന്നതു കണ്ട് അവര്‍ പിന്നാലെ എത്തുകയായിരുന്നുവെന്നും അവര്‍ സ്ഥലത്തെത്തിയപ്പോഴേക്കും സംഭവങ്ങള്‍ നടന്നുകഴിഞ്ഞിരുന്നുവെന്നും പോലീസ് പറഞ്ഞു.

അതേസമയം ശരത്‌രാജിന്റെ ഒറ്റ ഏറിലാണ് ദിലീപിന് ഇത്രയേറെ പരിക്കുകള്‍ സംഭവിച്ചതെന്ന പോലീസ് വിശദീകരണം പൂര്‍ണമായി ഉള്‍ക്കൊള്ളാനാകുന്നില്ല. ദിലീപിന്റെ തലയോട്ടി തകര്‍ന്ന് തലച്ചോര്‍ പുറത്തുവന്നിരുന്നു. മുഖം മുറിവുകള്‍കൊണ്ട് വികൃതമായിരുന്നു. കൈകള്‍ക്കും കാലിനും ഒടിവ് പറ്റിയിരുന്നു. തോളെല്ലിനും പൊട്ടലുണ്ടായിരുന്നു. ഇത്രയേറെ പരിക്കുകള്‍ എട്ടുകിലോയോളം ഭാരംവരുന്ന കരിങ്കല്ലുകൊണ്ടുള്ള ഏറില്‍ സംഭവിക്കുമോ എന്ന സംശയമുയരുന്നു.

സംഭവം നടന്ന് നാലാംദിവസം പ്രതികളെ അറസ്റ്റുചെയ്യാന്‍ പോലീസിനു സാധിച്ചു. നാലുദിവസത്തിനുള്ളില്‍ നൂറോളംപേരെ പോലീസ് ചോദ്യംചെയ്തു. ആക്രമണം നടക്കുമ്പോള്‍ ഓട്ടോറിക്ഷയില്‍ മറ്റൊരാള്‍കൂടി ഉണ്ടായിരുന്നു. പരസ്പരവിരുദ്ധമായി സംസാരിച്ച ഇയാളുടെ മൊഴികള്‍ പലപ്പോഴും അന്വേഷണത്തെ വഴിതെറ്റിച്ചിരുന്നു. നീണ്ടൂര്‍ പ്രാവട്ടം കവല കേന്ദ്രീകരിച്ച് പോലീസ് നടത്തിയ നിരീക്ഷണവും അന്വേഷണവുമാണ് പ്രതികളെ കണെ്ടത്താന്‍ സഹായിച്ചത്.

കോട്ടയം ഡിവൈഎസ്പി വി.അജിത്, ഈസ്റ്റ് സിഐ വി.റോയ്, കോട്ടയം വെസ്റ്റ് സിഐ സഖറിയ, ഗാന്ധിനഗര്‍ എസ്‌ഐ ഇ.പി.റെജി, ഈസ്റ്റ് എസ്‌ഐ ശ്രീജിത്, വെസ്റ്റ് എസ്‌ഐ ടി.ആര്‍.ജിജു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കോട്ടയം ഈസ്റ്റിലെയും വെസ്റ്റിലെയും സ്‌ക്വാഡുകളും പങ്കുചേര്‍ന്നിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Auto Driver, Murder Case, Police.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.