Latest News

മോഡി സ്‌റ്റൈലാക്കാന്‍ ഗന്നം സ്‌റ്റൈല്‍, ഇന്നസെന്റിന് ചാലക്കുടി ചന്ത

കൊച്ചി: ലോകഹിറ്റായ കൊറിയന്‍ ആല്‍ബം 'ഗന്നം സ്‌റ്റൈ'ലിന് അബ്ദുള്‍ ഖാദറിന്റെ പാരഡി പിറന്നു. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയെ പ്രകീര്‍ത്തിച്ചാണ് 'ഇത് മോഡി സ്‌റ്റൈല്‍, നരേന്ദ്ര മോഡി സ്‌റ്റൈല്‍' എന്നിങ്ങനെ അബ്ദുള്‍ ഖാദര്‍ അനുകരിച്ചിരിക്കുന്നത്. 

ബിജെപി സ്ഥാനാര്‍ഥികളെ ലക്ഷ്യം വച്ചാണ് ഖാദറും സംഘവും മോഡി സ്‌റ്റൈല്‍ ഇറക്കിയിരിക്കുന്നതെങ്കില്‍ ചാലക്കുടിയില്‍ മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാര്‍ഥി ഇന്നസെന്റിനു വേണ്ടി കലാഭവന്‍ മണിയുടെ നാടന്‍ പാട്ട് ശൈലിയില്‍ ഈരടികളൊരുക്കി കഴിഞ്ഞു.

ചാലക്കുടി ചന്തയ്ക്ക് പോകുമ്പോള്‍ എന്ന മണിയുടെ പ്രശസ്ത നാടന്‍ പാട്ടാണ് ചാലക്കുടി മണ്ഡലം കാക്കാനായി... എന്നിങ്ങനെ മാറ്റിയിട്ടുള്ളത്. എറണാകുളം മണ്ഡലത്തില്‍ കെ.വി. തോമസിനായി പുണ്യാളന്‍ അഗര്‍ബത്തീസിലെ ആശീച്ചോനാകാശത്ത് ഒരാന്യേ കിട്ട്യേ എന്ന ഈണത്തില്‍ കൊച്ചിക്കാര്‍ക്കാകാശത്തൊരു പാലം വന്നേ എന്ന പാട്ടാണ് തയ്യാറാക്കിയിരിക്കുന്നത്. മാപ്പിളപ്പാട്ടുകളും മറ്റു സൂപ്പര്‍ഹിറ്റ് സിനിമാഗാനങ്ങളും ഇത്തരത്തില്‍ അബ്ദുല്‍ ഖാദറിന്റെ മൂശയില്‍ തെരഞ്ഞെടുപ്പ് ഗാനങ്ങളായി ഒരുങ്ങിയിട്ടുണ്ട്.

ദൃശ്യത്തിലെ മാരിവില്‍ കുടനിവര്‍ത്തി, കളിമണ്ണിലെ ലാലി ലാലി, സെല്ലുലോയ്ഡിലെ കാറ്റേ കാറ്റേ നീ പൂക്കാമരത്തില്‍ തുടങ്ങിയവയ്ക്കാണ് ഈ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ഡിമാന്റെന്ന് അബ്ദുള്‍ ഖാദര്‍ പറയുന്നു. വിഷയ ദാരിദ്ര്യമില്ലാത്ത തെരഞ്ഞെടുപ്പാണിതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ടി.പി. ചന്ദ്രശേഖരന്‍ വധവും എല്‍ഡിഎഫിലെ തമ്മിലടിയും യുഡിഎഫിനു വേണ്ടി തയ്യാറാക്കുമ്പോള്‍ യുപിഎ സര്‍ക്കാരിന്റെ അഴിമതി ഭരണവും വിലക്കയറ്റവും സോളാര്‍ വിവാദവുമൊക്കെയാണ് എല്‍ഡിഎഫുകാര്‍ക്കായി ഒരുക്കുന്നത്. ബിജെപിയ്ക്ക് പ്രധാനം മോഡി സ്തുതി തന്നെ.

മനസില്‍ രാഷ്ട്രീയമൊക്കെയുണ്ടെങ്കിലും പാട്ടുകള്‍ തയ്യാറാക്കുമ്പോള്‍ ഒരിക്കലും അതിന് കീഴപ്പെടാറില്ലെന്നാണ് ഖാദര്‍ വ്യക്തമാക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പായതു കൊണ്ട് കോളല്‍പ്പം കുറവാണ്. 20 മണ്ഡലങ്ങളിലായി അറുപത് മുഖ്യസ്ഥാനാര്‍ഥികളേ ഉള്ളു. എങ്കിലും കേരളത്തിലങ്ങോളമിങ്ങോളമായി നിരവധി സ്ഥാനാര്‍ഥികളുടെ 'ഓര്‍ഡറാണ്' ലഭിച്ചിട്ടുള്ളത്. രാത്രിയും പകലും വിശ്രമമില്ലാതെയാണ് ഖാദറും സംഘവും പാട്ടുകളൊരുക്കുന്നത്. എന്‍.എച്ച്. ഷബീര്‍, ലിജി ഫ്രാന്‍സീസ്, മുഹമ്മദ് ഇടച്ചിറ, മന്‍സൂര്‍യുവ, പവിത്രാ മോഹന്‍ദാസ് എന്നിവരാണ് ഖാദറിന്റെ സംഘത്തിലുള്ളത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Election, Song, Abdul Khader.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.