Latest News

നാല് കോടി രൂപയുമായി മുങ്ങിയ തളിപ്പറമ്പ് സ്വദേശി ആത്മഹത്യക്ക് ശ്രമിച്ച് ആസ്പത്രിയില്‍

കുമ്പള: സീതാംഗോളിയില്‍ നിന്നും പലരില്‍ നിന്നായി വാങ്ങിയ നാലുകോടി രൂപയുമായി കടന്നുകളഞ്ഞ തളിപ്പറമ്പ് സ്വദേശി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തളിപ്പറമ്പ് മന്നയിലെ 38 കാരനാണ് ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസിന് വിവരം ലഭിച്ചത്.

ഇയാള്‍ക്കെതിരെ വ്യാപാരി വ്യവസായി ഏകോപനസമിതി സീതാംഗോളി യൂണിറ്റ് പ്രസിഡണ്ടും കണ്ണൂര്‍ ഹാര്‍ഡ് വെയര്‍ ഉടമയുമായ പേരാല്‍ കണ്ണൂരിലെ കെ. എം നസീര്‍ കുമ്പള പൊലീസില്‍ പരാതിനല്‍കിയിരുന്നു. നസീറിന് 75 ലക്ഷം രൂപയും പേരാല്‍ കണ്ണൂരിലെ ഷരീഫിന് 68 ലക്ഷം രൂപയും കെ.ബി മുഹമ്മദിന് 33 ലക്ഷവും നല്‍കാനുണ്ടെന്നാണ് പൊലീസിന് ലഭിച്ച പരാതി. 

സീതാംഗോളിയിലെ ഏതാനും സ്ത്രീകളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ പണയപ്പെടുത്തി ഒരു കോടിരൂപയോളം വാങ്ങിയതായും വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ മറ്റൊരു യുവാവില്‍ നിന്നും 16.5 ലക്ഷംരൂപയും വാങ്ങിയിട്ടുണ്ടത്രെ. തളിപ്പറമ്പിലെ ക്രഷര്‍ ഉടമയാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് സീതാംഗോളിയിലെ ചിലരുമായി മൂന്ന് വര്‍ഷം മുമ്പ് തളിപ്പറമ്പ് സ്വദേശി സൗഹൃദം സ്ഥാപിച്ചത്. 

അംഗഡിമുഗറിലെ ഒരു വാടക ക്വാട്ടേഴ്‌സിലായിരുന്നു താമസം. ശനിയാഴ്ചതോറും തളിപ്പറമ്പിലെ ക്രഷറിലെത്തി കളക്ഷന്‍ വാങ്ങി വരാറുണ്ടെന്ന് ഇയാള്‍ പലരോടും പറഞ്ഞിരുന്നു. ശനിയാഴ്ചകളില്‍ കാറിലെത്തി സീതാംഗോളി ടൗണില്‍വെച്ചാണ് പലരോടും ഇടപാട് നടത്തിയിരുന്നത്. പുതുതായി ക്രഷറും ഒരു ഹൈപ്പര്‍മാര്‍ക്കറ്റും തുടങ്ങുന്നുണ്ടെന്നും ഇതിലേക്ക് ഷെയര്‍ ആവശ്യമുണ്ടെന്നും പലരോടുംപറഞ്ഞിരുന്നു. നല്ല ലാഭവിഹിതം ഓഫര്‍ ചെയ്താണ് പലരില്‍ നിന്നും പണംവാങ്ങിയത്. ചിലരോട് കടമായും വാങ്ങിയിരുന്നു.
പാവങ്ങള്‍ക്ക് അരിയും സാധനങ്ങളും അടങ്ങുന്ന കിറ്റ് വിതരണം ചെയ്തും ആരാധനാലയങ്ങളുടെ വൈദ്യുതി ബില്‍അടച്ചും നാട്ടുകാരെ കയ്യിലെടുത്തിരുന്നു.
അഞ്ചിലേറെ പുതിയ കാറുകള്‍ വാങ്ങിയ ഇയാള്‍ ലീസിന് നല്‍കിയാണ് കടന്നുകളഞ്ഞത്. ലീസ് തുക ആദ്യം വാങ്ങിയിരുന്നു. കൂടാതെ ലീസിന് നല്‍കിയവരുടെ പേരില്‍ രജിസ്‌ട്രേഷന്‍ മാറ്റുകയും ചെയ്തു. ഇതേ രജിസ്‌ട്രേഷന്‍ ഉപയോഗിച്ച് ബാങ്കില്‍ നിന്ന് വായ്പ തരപ്പെടുത്തിയിട്ടുണ്ട്. 

29ന് നസീറിന്റെ 40 ലക്ഷം രൂപ തിരിച്ചുനല്‍കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അര്‍ദ്ധരാത്രിവരെ കാത്തിരുന്നുവെങ്കിലും പണവുമായി വന്നില്ല. പിന്നീടാണ് കണ്ണൂര്‍ സഹകരണാസ്പത്രിയില്‍ അഡ്മിറ്റ് ചെയ്ത വിവരം അറിയുന്നത്. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.