കാസര്‍കോട്: ബലിപെരുന്നാളിനോടനുബന്ധിച്ച് മദ്രസകളില്‍ കൈയെഴുത്ത് പെരുന്നാള്‍ ആഘോഷിച്ചു. വിവിധ മദ്രസ്സകളില്‍ വ്യാഴാഴ്ചയായിരുന്നു കൈയെഴുത്ത്, ചില സ്ഥലങ്ങളില്‍ ശനിയാഴ്ചയാണ് ഈ പഴയകാല ആചാരം നടക്കുന്നത്. ബലിപെരുന്നാളിന് മുന്നോടിയായി മദ്‌റസകള്‍ അടയ്ക്കുമ്പോഴാണ് കൈയെഴുത്ത് പെരുന്നാള്‍ ആഘോഷിക്കുന്നത്.
വിദ്യാര്‍ഥികളെല്ലാം പുത്തനുടുപ്പുകളും ആഭരണങ്ങളുമണിഞ്ഞാണ് കൈയെഴുത്ത് പെരുന്നാളിന് എത്തിയത്. മൂപ്പെത്തിയ മുള മുറിച്ച് ചെത്തി കൂര്‍പ്പിച്ചുണ്ടാക്കിയ ഒമ്പത് ഇഞ്ച് നീളവും കാല്‍ ഇഞ്ച് വീതിയുമുള്ള കലമ് (പേന) അറബ് മഷിയില്‍ മുക്കി കുട്ടികളുടെ കൈവെള്ളയില്‍ വിശുദ്ധ വചനങ്ങള്‍ എഴുതിയാണ് കൈയെഴുത്ത് പെരുന്നാള്‍ ആഘോഷിക്കുന്നത്.
അറബ് മഷിക്ക് പകരം ഇപ്പോള്‍ തേനാണ് ഉപയോഗിച്ചുവരുന്നത്. പണ്ടുകാലങ്ങളില്‍ കൈയെഴുത്ത് ചടങ്ങിന് ഒരു മുക്കാല്‍, രണ്ടു മുക്കാല്‍, ഒരണ, രണ്ടണ, നാലണ, എട്ടണ എന്നിങ്ങനെയുള്ള നാണയത്തുട്ടുകളാണ് ഉസ്താദുമാര്‍ക്ക് ഗുരുദക്ഷിണയായി നല്‍കിയിരുന്നത്. ഇന്നിപ്പോള്‍ കാര്യമായൊരു തുക തന്നെ കുട്ടികള്‍ അധ്യാപകര്‍ക്കു നല്‍കിവരുന്നുണ്ട്.
കൈയെഴുത്ത് പെരുന്നാള്‍ ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ചക്കരച്ചോറ് കൊടുക്കുന്ന പതിവുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ മദ്‌റസകളില്‍ അതു നല്‍കാറില്ല.
മലബാറിലെ മദ്‌റസകളിലും ഇന്നും പഴമയെ സ്‌നേഹിച്ച് കൈയെഴുത്ത് പെരുന്നാള്‍ ആഘോഷിച്ചുവരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment