Latest News

കീഴൂര്‍ കടപ്പുറത്തെ മണലെടുപ്പ് നിര്‍ത്താന്‍ ഉത്തരവ്‌

കാസര്‍കോട്: കീഴൂര്‍ കടപ്പുറത്തെ വിവാദമായ മണലെടുപ്പ് നിര്‍ത്താന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. ജെ.സി.ബി. ഉപയോഗിച്ച് മണലെടുത്തതിനെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാനും കളക്ടര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.  ചൊവ്വാഴ്ച രാവിലെ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, തഹസില്‍ദാര്‍ ചെറിയാന്‍ സി.പോള്‍ എന്നിവര്‍ ഖനനപ്രദേശം സന്ദര്‍ശിച്ചു.

അതിനിടെ, നിയമലംഘനമാണ് നടക്കുന്നതെന്ന് കാണിച്ച് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കാനും പരിസ്ഥിതിപ്രവര്‍ത്തകര്‍ നീക്കംതുടങ്ങി.
തുറമുഖനിര്‍മാണത്തിനെന്നപേരില്‍ മണല്‍ നീക്കംചെയ്യുന്നതിന് ചന്ദ്രഗിരി കീഴൂര്‍ കടപ്പുറം പൂഴിത്തൊഴിലാളി വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന് രൂപംകൊടുത്തിരുന്നു. എന്നാല്‍, ഇവിടെ മണലെടുക്കുന്നത് ജെ.സി.ബി. ഉപയോഗിച്ചാണ്. ഒരു തൊഴിലാളിപോലുമില്ലാതെ മണല്‍ വില്പനയിലൂടെ സംഘത്തിന് ഒരുമാസം 3.36 ലക്ഷം രൂപ ലഭിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്.
മഴ ശക്തമായതിനാല്‍ വന്‍തോതിലുള്ള മണലെടുപ്പ് തീരദേശവാസികളുടെ സുരക്ഷയെ ബാധിക്കുമെന്ന് ആശങ്കയുര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് കീഴൂര്‍ തീരസംരക്ഷണസമിതി വൈസ് പ്രസിഡന്റ് കെ.എസ്.സാലി കീഴൂര്‍ ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കിയിരുന്നു.
ഈ സാഹചര്യത്തിലാണ് കളക്ടറുടെ നിര്‍ദേശപ്രകാരം തഹസില്‍ദാര്‍ സ്ഥലത്തെത്തിയത്. ഇതിനുപിന്നാലെ 11.15 ഓടെ കളക്ടര്‍ നേരിട്ട് ഖനനപ്രദേശം സന്ദര്‍ശിക്കുകയും ചെയ്തു. തീരദേശവാസികള്‍ തങ്ങളുടെ ആശങ്ക കളക്ടറെ അറിയിച്ചു.
സംഘം രൂപവത്കരിച്ചശേഷം ജെ.സി.ബി. ഉപയോഗിച്ച് മണലെടുത്തത് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. കീഴൂരിലെ മണലെടുപ്പ് അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ബുധനാഴ്ചതന്നെ ഹര്‍ജി സമര്‍പ്പിക്കുമെന്ന് സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.