Latest News

റോബോട്ടിക്ക് കിറ്റ്; കാസര്‍കോട് സ്വദേശികളുടെ സംരംഭം ലോക ശ്രദ്ധനേടുന്നു

കാസര്‍കോട്: ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്കും മറ്റും പഠന സമയത്ത് തന്നെ അഭിരുചി പ്രകടമാക്കാനുള്ള സാങ്കേതിക വിദ്യയുമായി കാസര്‍കോട് സ്വദേശികളുടെ സ്റ്റാര്‍ട്ടപ്പ് കമ്പനി.

കൊച്ചി സ്റ്റാര്‍ട്ടപ്പ് വില്ലേജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടീം ഐക്കാനിക്കല്‍ വികസിപ്പിച്ചെടുത്ത ജങ്ക്‌ബോട്ട് റോബോട്ടിക് കിറ്റാണ് ലോക ശ്രദ്ധ നേടുന്നത്.
മൊഗ്രാല്‍പുത്തൂരിലെ പി.എ ഇഹ്ത്തിഷാമുദ്ദീന്‍, കുമ്പള ആരിക്കാടിയിലെ അബ്ദുല്‍ സമദ്, തളങ്കര തെരുവത്തെ മുഹമ്മദ് സിനാന്‍ തൊട്ടാന്‍, പാലക്കാട് സ്വദേശി അരുണ്‍കുമാര്‍ എന്നിവരാണ് ഈ സംരംഭത്തിന് പിന്നില്‍.
വീട്ടില്‍ ഉപയോഗിച്ചു കളയുന്ന വാട്ടര്‍ ബോട്ടില്‍, കാര്‍ഡ്‌ബോര്‍ഡ്, സി.ഡികള്‍ തുടങ്ങിയവ കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള യന്ത്രങ്ങള്‍ നിര്‍മ്മിക്കാനുള്ള ഹാര്‍ഡ്‌വെയറുകളും ഉപകരണങ്ങളും അടങ്ങുന്നതാണ് ജങ്ക്‌ബോട്ട് കിറ്റ്. 

ഈ സംരംഭം ശ്രദ്ധയില്‍പെട്ടതോടെ ഇതിന് യു.എ.ഇ ഗവണ്‍മെന്റിന്റെ കീഴിലുള്ള ദുബായ് പോര്‍ട്ടിന്റെ അംഗീകാരം ലഭിച്ചു. ദുബായ് പോര്‍ട്ട് വേള്‍ഡ് ഈ വര്‍ഷം ഇന്‍വെസ്റ്റ് ചെയ്യാന്‍ തിരഞ്ഞെടുക്കപ്പെട്ട പത്ത് കമ്പനികളില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക കമ്പനിയാണ് ഇവരുടേത്.
റോബോട്ട് നിര്‍മ്മിക്കാനുള്ള ഉപകരണങ്ങളും യന്ത്രങ്ങളും വിപണിയില്‍ കിട്ടാന്‍ ഏറെ പ്രയാസമാണ്. അത് ലഭ്യമാകാന്‍ വലിയ വില നല്‍കേണ്ടയും വരും. ജങ്ക്‌ബോട്ട് വിപണിയിലെത്തുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ചെറിയ ചിലവില്‍ യന്ത്രങ്ങള്‍ നിര്‍മ്മിക്കാനാവും.
ആറു മുതല്‍ പത്ത് വയസ്സുവരെയുള്ളവര്‍ക്കും അതിനു മുകളിലുള്ളവര്‍ക്കും വെവ്വേറെ തരത്തിലുള്ള റോബോട്ടിക് കിറ്റാണ് ഒരുക്കിയിട്ടുള്ളത്. 

കുട്ടികള്‍ക്കുള്ളതില്‍ കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കാനും മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ളതില്‍ യന്ത്രങ്ങള്‍ നിര്‍മ്മിക്കാനുമാവും വിധത്തിലാണ് ജങ്ക്‌ബോട്ട് കിറ്റ്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കാവും ഇത് ഏറെ പ്രയോജനപ്പെടുക. ഇതോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും ഇവര്‍ ഊന്നല്‍ നല്‍കുന്നു.
യു.എ.ഇയിലെ പ്രമുഖ യൂണിവേഴ്‌സിറ്റികളിലെ ടെക്‌നിക്കല്‍ വിദഗ്ധരുടെയും വിദ്യാര്‍ത്ഥികളുടെയും സഹായത്തോടെ അവസാന ഘട്ട പ്രവര്‍ത്തി പുരോഗമിക്കുകയാണ്. ഇതോടൊപ്പം ദുബായ് മിനിസ്റ്ററി ഓഫ് എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുമായുള്ള ചര്‍ച്ചയും നടന്നുവരുന്നുണ്ട്. 

അടുത്തു തന്നെ ദുബായിലെ സ്‌കൂളുകളില്‍ ജങ്ക്‌ബോട്ട് പഠനോപകരണമായി മാറുമെന്ന് ഐക്കാനിക്കല്‍ ടീം പ്രത്യാശ പ്രകടിപ്പിച്ചു.



Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.